---
title: "ചിറയിൻകീഴ് കയ്യാങ്കളി; പാർട്ടിക്ക് അവമതിപ്പുണ്ടാക്കി, പാളയം പ്രദീപിനെയും സജാദിനെയും സസ്പെൻഡ് ചെയ്ത് KPCC"
english_title: "Chirayinkeezhu Clash KPCC Suspends Palayam Pradeep And Sajad For Indiscipline"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381376/chirayinkeezhu-clash-kpcc-suspends-palayam-pradeep-sajad"
published_at: "2026-09-06T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d44c847ce5_1000233039.jpg"
keywords: ["Chirayinkeezhu Clash", "KPCC Action", "Sunny Joseph"]
---

# ചിറയിൻകീഴ് കയ്യാങ്കളി; പാർട്ടിക്ക് അവമതിപ്പുണ്ടാക്കി, പാളയം പ്രദീപിനെയും സജാദിനെയും സസ്പെൻഡ് ചെയ്ത് KPCC

> **Lead Summary:** **തിരുവനന്തപുരം : **ചിറയിൻകീഴിൽ കോൺഗ്രസിലെ കയ്യാങ്കളിയിൽ നടപടിയുമായി കെപിസിസി. എംഎൽഎ രമ്യ ഹരിദാസിനൊപ്പമുണ്ടായിരുന്ന പാളയം പ്രദീപിനെയും സംഘർഷമുണ്ടായ വീടിന്റെ ഉടമ സജാദിനെയും സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്.

## Article Content

**തിരുവനന്തപുരം : **ചിറയിൻകീഴിൽ കോൺഗ്രസിലെ കയ്യാങ്കളിയിൽ നടപടിയുമായി കെപിസിസി. എംഎൽഎ രമ്യ ഹരിദാസിനൊപ്പമുണ്ടായിരുന്ന പാളയം പ്രദീപിനെയും സംഘർഷമുണ്ടായ വീടിന്റെ ഉടമ സജാദിനെയും സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്.

പൊതുജനമധ്യത്തിൽ കോൺഗ്രസ് പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തിൽ ഗുരുതരമായ സംഘടനാപരമായ അച്ചടക്കലംഘനം നടത്തിയെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാളയം പ്രദീപിനെയും എസ് സജാദിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സസ്പെൻഡ് ചെയ്തതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു.

അതേസമയം കയ്യാങ്കളിയുമായി ബന്ധപ്പെട്ട് കെപിസിസി നിയോഗിച്ച അന്വേഷണ സമിതിയുടെ യോഗം ഇന്ന് കെപിസിസി ആസ്ഥാനത്ത് ചേർന്നിരുന്നു. കോൺഗ്രസിന്റെ ചിറയിൻകീഴിലെ പ്രാദേശിക നേതാക്കൾ, ഡിസിസി അംഗങ്ങൾ, ആരോപണ വിധേയരായ സജിത്ത് മുട്ടപ്പലം, സജാദ് എന്നിവരുടെ വിശദീകരണം സമിതി രേഖപ്പെടുത്തി. രമ്യ ഹരിദാസ് എംഎൽഎ ഫോൺ വഴിയാണ് സമിതിക്ക് വിശദീകരണം നൽകിയത്.

അതിനിടെ പ്രശ്നങ്ങൾക്ക് കാരണമായി എന്ന് പറയപ്പെടുന്ന പാളയം പ്രദീപ് തന്റെ പേഴ്സണൽ സ്റ്റാഫ് അംഗമാണെന്ന എംഎൽഎയുടെ വാദവും പൊളിഞ്ഞിരുന്നു. ഇത് സംബന്ധിച്ച രേഖകളും ഇന്ന് പുറത്തുവന്നു. പാളയം പ്രദീപിന്റെ മണ്ഡലത്തിലെ സാന്നിധ്യമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് മൊഴി നൽകാനെത്തിയ ഭൂരിപക്ഷം പേരും വിശദമാക്കിയിരുന്നത്. ചിറയിൻകീഴിൽ ഉണ്ടായ കയ്യാങ്കളി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്നായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേരത്തെയുള്ള പ്രതികരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381376/chirayinkeezhu-clash-kpcc-suspends-palayam-pradeep-sajad)