---
title: "മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് എഴുപത്തഞ്ചാം പിറന്നാൾ; ദേശീയ പുരസ്കാരത്തിന്റെ തിളക്കത്തിൽ പിറന്നാൾ ആഘോഷം"
english_title: "Actor Mammootty Celebrates His 75th Birthday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381469/actor-mammootty-celebrates-his-75th-birthday"
published_at: "2026-09-07T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e56bb4a063_images_(5).jpeg"
keywords: ["Mammootty Birthday", "Mammootty 75th Birthday", "Megastar Mammootty", "Malayalam Cinema", "Indian Cinema"]
---

# മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് എഴുപത്തഞ്ചാം പിറന്നാൾ; ദേശീയ പുരസ്കാരത്തിന്റെ തിളക്കത്തിൽ പിറന്നാൾ ആഘോഷം

> **Lead Summary:** **തിരുവനന്തപുരം**: മലയാളത്തിന്റെ നടനവൈഭവവും ഇന്ത്യൻ സിനിമയുടെ അഭിമാനവുമായ മമ്മൂട്ടിക്ക് ഇന്ന് എഴുപത്തഞ്ചാം പിറന്നാൾ. മികച്ച നടനുള്ള നാലാമത്തെ ദേശീയ പുരസ്കാരം സ്വന്തമാക്കിയതിന്റെ വലിയ നിറവിലാണ് താരം ഇത്തവണ ജന്മദിനം ആഘോഷിക്കുന്നത്. അരനൂറ്റാണ്ടിലധികമായി സിനിമാലോകത്ത് അവിസ്മരണീയമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി ഇന്ത്യൻ പ്രേക്ഷകരെ ഒന്നാകെ അത്ഭുതപ്പെടുത്തുകയാണ് ഈ മഹാനടൻ.

## Article Content

**തിരുവനന്തപുരം**: മലയാളത്തിന്റെ നടനവൈഭവവും ഇന്ത്യൻ സിനിമയുടെ അഭിമാനവുമായ മമ്മൂട്ടിക്ക് ഇന്ന് എഴുപത്തഞ്ചാം പിറന്നാൾ. മികച്ച നടനുള്ള നാലാമത്തെ ദേശീയ പുരസ്കാരം സ്വന്തമാക്കിയതിന്റെ വലിയ നിറവിലാണ് താരം ഇത്തവണ ജന്മദിനം ആഘോഷിക്കുന്നത്. അരനൂറ്റാണ്ടിലധികമായി സിനിമാലോകത്ത് അവിസ്മരണീയമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി ഇന്ത്യൻ പ്രേക്ഷകരെ ഒന്നാകെ അത്ഭുതപ്പെടുത്തുകയാണ് ഈ മഹാനടൻ.

1971-ൽ പുറത്തിറങ്ങിയ 'അനുഭവങ്ങൾ പാളിച്ചകൾ', 1973-ൽ പുറത്തുവന്ന 'കാലചക്രം' എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടാണ് മമ്മൂട്ടി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് 1980-ൽ എം. ആസാദ് സംവിധാനം ചെയ്ത 'വിൽക്കാനുണ്ട് സ്വപ്നങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ പേര് ആദ്യമായി തിരുശ്ശീലയിൽ തെളിഞ്ഞത്. പിന്നീട് മലയാള സിനിമയുടെ ചരിത്രത്തോടൊപ്പം വളർന്ന അദ്ദേഹം മനുഷ്യാവസ്ഥകളുടെ വിവിധ തലങ്ങൾ തൊട്ടറിഞ്ഞ നിരവധിയായ കഥാപാത്രങ്ങൾക്ക് രൂപം നൽകി.

'വിധേയൻ' എന്ന ചിത്രത്തിലെ ഭാസ്കരപട്ടേലരും, 'ഒരു വടക്കൻ വീരഗാഥ'യിലെ ചന്തുവും, 'മൃഗയ'യിലെ വാറുണ്ണിയും, 'സൂര്യമാനസം' സിനിമയിലെ പുട്ടുറുമീസും, 'പൊന്തൻമാട'യിലെ മാടയും, 'വാത്സല്യം' എന്ന ചിത്രത്തിലെ രാഘവനുമെല്ലാം മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ എക്കാലത്തെയും മികച്ച വേഷങ്ങളായി ഇന്നും പ്രേക്ഷകമനസ്സുകളിൽ ജീവിക്കുന്നു. കഥാപാത്രങ്ങളുടെ വൈവിധ്യത്തിനൊപ്പം കാസർഗോഡൻ ഭാഷ മുതൽ വള്ളുവനാടൻ, തൃശൂർ, കോട്ടയം പ്രാദേശിക ശൈലികൾ വരെ വളരെ ലളിതമായി വഴക്കിയെടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വാർദ്ധക്യത്തിലും ഒടുങ്ങാത്ത അഭിനിവേശത്തോടെ അഭിനയത്തെ കാണുകയും സ്വയം നവീകരിക്കുകയും ചെയ്യുന്ന ഒരു നിത്യവിദ്യാർത്ഥിയാണ് മമ്മൂട്ടി. കൃത്യമായ പ്രൊഫഷണലിസവും ആത്മാർപ്പണവും ഉണ്ടെങ്കിൽ പ്രായം ഒരു തടസ്സമല്ലെന്ന് തന്റെ സിനിമകളിലൂടെ അദ്ദേഹം നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്നു. പ്രിയനടന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ചലച്ചിത്ര-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381469/actor-mammootty-celebrates-his-75th-birthday)