---
title: "അട്ടപ്പാടി ഇരട്ടക്കൊലപാതകം: പ്രതി ബംഗാൾ സ്വദേശിയെന്ന് പോലീസ്; കൊല്ലപ്പെട്ടത് ഭാര്യയും മകളും"
english_title: "Attappady Double Murder Case Bengal Native Identified As Suspect"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381475/attappady-double-murder-case-bengal-native-identified-as-suspect"
published_at: "2026-09-07T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e5c583fde7_download_(1).jpeg"
keywords: ["Attappady Murder Case", "Palakkad Crime News", "Bhavani River Murder", "Kerala Police Investigation"]
---

# അട്ടപ്പാടി ഇരട്ടക്കൊലപാതകം: പ്രതി ബംഗാൾ സ്വദേശിയെന്ന് പോലീസ്; കൊല്ലപ്പെട്ടത് ഭാര്യയും മകളും

> **Lead Summary:** **പാലക്കാട്**: പാലക്കാട് അട്ടപ്പാടിയിൽ ഭവാനിപ്പുഴയിൽ സ്ത്രീയുടെയും പെൺകുട്ടിയുടെയും മൃതദേഹഭാഗങ്ങൾ ചാക്കുകളിലാക്കി തള്ളിയ സംഭവം നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രദേശത്തെ തോട്ടം തൊഴിലാളിയായ പശ്ചിമ ബംഗാൾ സ്വദേശിയാണ് സംഭവത്തിലെ പ്രധാന പ്രതിയെന്ന് പോലീസ് കണ്ടെത്തി.

## Article Content

**പാലക്കാട്**: പാലക്കാട് അട്ടപ്പാടിയിൽ ഭവാനിപ്പുഴയിൽ സ്ത്രീയുടെയും പെൺകുട്ടിയുടെയും മൃതദേഹഭാഗങ്ങൾ ചാക്കുകളിലാക്കി തള്ളിയ സംഭവം നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രദേശത്തെ തോട്ടം തൊഴിലാളിയായ പശ്ചിമ ബംഗാൾ സ്വദേശിയാണ് സംഭവത്തിലെ പ്രധാന പ്രതിയെന്ന് പോലീസ് കണ്ടെത്തി.

സ്വന്തം ഭാര്യയെയും മകളെയുമാണ് ഇയാൾ ക്രൂരമായി കൊലപ്പെടുത്തി മൂന്ന് ചാക്കുകളിലാക്കി പുഴയിൽ ഒഴുക്കിവിട്ടത്. ഭാര്യക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന് ലഭിക്കുന്ന പ്രാഥമിക സൂചന. ഏകദേശം ഇരുപത് ദിവസങ്ങൾക്ക് മുൻപാണ് പ്രതിയും കുടുംബവും ജോലി ആവശ്യങ്ങൾക്കായി അട്ടപ്പാടിയിൽ എത്തിയത്.

കൃത്യം നിർവ്വഹിച്ച ശേഷം പ്രതി ബംഗാളിലേക്ക് കടന്നതായാണ് പോലീസ് കരുതുന്നത്. മൃതദേഹങ്ങൾ കണ്ടെത്തിയ ഒരു ചാക്കിൽ നിന്ന് ലഭിച്ച നിർണ്ണായക വിവരമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. കോയമ്പത്തൂരിൽ നിന്ന് അട്ടപ്പാടി കോട്ടത്തറയിലെ ഒരു കടയിലേക്ക് സാധനങ്ങൾ എത്തിച്ച ചാക്കാണിതെന്ന് അതിലെ എഴുത്തുകളിൽ നിന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പുതൂർ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

ഏകദേശം നാല് ദിവസത്തെ പഴക്കമുള്ള മൃതദേഹങ്ങളാണ് ഭവാനിപ്പുഴയിൽ നിന്ന് കണ്ടെത്തിയത്. പശുവിനെ മേയ്ക്കാൻ പോയ നാട്ടുകാരാണ് പുഴയിൽ സംശയകരമായ സാഹചര്യത്തിൽ ചാക്കുകൾ കണ്ടെത്തി പോലീസിനെ വിവരമറിയിച്ചത്. പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് ചാക്കുകളിലായി ശരീരഭാഗങ്ങൾ വേർപെടുത്തിയ നിലയിൽ കണ്ടെത്തിയത്. പ്രതിയെ ഉടൻ വലയിലാക്കാൻ പ്രത്യേക അന്വേഷണസംഘം തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381475/attappady-double-murder-case-bengal-native-identified-as-suspect)