---
title: "കരുവാറ്റ കൊലപാതകം; പ്രതികളായ മൂന്ന് ആൺകുട്ടികളെ കസ്റ്റഡിയിൽ വിട്ടു"
english_title: "Karuvatta Murder Case Three Boys In Custody Juvenile Justice Board First In Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381521/karuvatta-murder-case-three-boys-custody-juvenile-justice-board"
published_at: "2026-09-07T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e8351316a4_1000233146.jpg"
keywords: ["Karuvatta Murder", "Alappuzha Murder Case", "Juvenile Justice Board"]
---

# കരുവാറ്റ കൊലപാതകം; പ്രതികളായ മൂന്ന് ആൺകുട്ടികളെ കസ്റ്റഡിയിൽ വിട്ടു

> **Lead Summary:** **ആലപ്പുഴ: **കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ കസ്റ്റഡിയിൽ വിട്ടു. ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റേതാണ് നടപടി. കേരളത്തിൽ ആദ്യമായാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ വിടുന്നത്. തെളിവെടുപ്പ് നടത്തുന്നതിന് രഹസ്യസ്വഭാവം ഉറപ്പാക്കാൻ കർശന വ്യവസ്ഥകളും ബോർഡ് മുന്നോട്ടുവെച്ചിട്ടുണ്ട്.

## Article Content

**ആലപ്പുഴ: **കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ കസ്റ്റഡിയിൽ വിട്ടു. ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റേതാണ് നടപടി. കേരളത്തിൽ ആദ്യമായാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ വിടുന്നത്. തെളിവെടുപ്പ് നടത്തുന്നതിന് രഹസ്യസ്വഭാവം ഉറപ്പാക്കാൻ കർശന വ്യവസ്ഥകളും ബോർഡ് മുന്നോട്ടുവെച്ചിട്ടുണ്ട്.

കേസിൽ ഉൾപ്പെട്ട മൂന്ന് ആൺകുട്ടികളെയും വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. 13 കാരി ഉൾപ്പെടെ നാല് പേരാണ് കേസിലെ പ്രതികൾ.

പതിനാറിനും 18നും ഇടയിൽ പ്രായമുള്ളവർ കൊലപാതകം ഉൾപ്പെടെയുള്ള ഗുരുതര കേസുകളിൽ ഉൾപ്പെട്ടാൽ മുതിർന്ന കുറ്റവാളികളായി പരിഗണിച്ച് നടപടി സ്വീകരിക്കാനുള്ള നിയമമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയത്.

പെൺകുട്ടിയെ സാമൂഹികക്ഷേമ വകുപ്പിന്റെ കോഴിക്കോട്ടെ കേന്ദ്രത്തിലും ആൺകുട്ടികളെ ചേർത്തല മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തിലുമാണ് താമസിപ്പിച്ചിരിക്കുന്നത്. കുറ്റകൃത്യം ആസൂത്രണം ചെയ്തെന്ന് ആരോപിക്കപ്പെട്ട പതിമൂന്നുകാരിയെ ചോദ്യം ചെയ്യുന്നതിനുള്ള അപേക്ഷയും ജുവനൈൽ ജസ്റ്റിസ് ബോർഡ് തിങ്കളാഴ്ച പരിഗണിക്കും.

കഴിഞ്ഞമാസം 15നാണ് കരുവാറ്റയിൽ ശിവൻകുട്ടിയെ കൊലപ്പെടുത്തിയത്. മോഷണംപോയ സ്വർണം പൊലീസ് കണ്ടെത്തി, എന്നാൽ കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന കൈയുറകൾ കണ്ടെത്താനായില്ല. നാലുപേരുടെയും മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലാണ്. കുടുംബപ്രശ്നങ്ങൾ കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിച്ചിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381521/karuvatta-murder-case-three-boys-custody-juvenile-justice-board)