---
title: "എൽപിജി ഉപഭോക്താക്കൾക്ക് ആശ്വാസം: സിലിണ്ടർ ബുക്കിങ് ഇടവേള 25 ദിവസമാക്കി കുറച്ചു"
english_title: "LpG Cylinder Booking Interval Reduced To 25 Days For All Domestic Consumers Centre Orders"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381589/lpg-cylinder-booking-interval-reduced-to-25-days-for-all-domestic-consumers-centre-orders"
published_at: "2026-09-08T05:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9f5546e638b_images_(35).jpeg"
keywords: ["Thiruvananthapuram", "Lpg"]
---

# എൽപിജി ഉപഭോക്താക്കൾക്ക് ആശ്വാസം: സിലിണ്ടർ ബുക്കിങ് ഇടവേള 25 ദിവസമാക്കി കുറച്ചു

> **Lead Summary:** **ന്യൂഡൽഹി**: നഗര-ഗ്രാമ പ്രദേശങ്ങളിലെ ഗാർഹിക എൽപിജി ഉപഭോക്താക്കൾക്ക് സിലിണ്ടർ ബുക്ക് ചെയ്യാനുള്ള ഇടവേള 25 ദിവസമാക്കി കുറച്ചു. പൊതുമേഖലാ എണ്ണക്കമ്പനികളായ ഐഒസിഎൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയോട് തീരുമാനം ഉടൻ നടപ്പിലാക്കാൻ കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം നിർദേശം നൽകി.

## Article Content

**ന്യൂഡൽഹി**: നഗര-ഗ്രാമ പ്രദേശങ്ങളിലെ ഗാർഹിക എൽപിജി ഉപഭോക്താക്കൾക്ക് സിലിണ്ടർ ബുക്ക് ചെയ്യാനുള്ള ഇടവേള 25 ദിവസമാക്കി കുറച്ചു. പൊതുമേഖലാ എണ്ണക്കമ്പനികളായ ഐഒസിഎൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയോട് തീരുമാനം ഉടൻ നടപ്പിലാക്കാൻ കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം നിർദേശം നൽകി.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്നുണ്ടായ ഇന്ധനക്ഷാമം നേരിടാനാണ് മുമ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. അന്ന് നഗരപ്രദേശങ്ങളിൽ ബുക്കിങ് ഇടവേള 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും നിശ്ചയിച്ചിരുന്നു.

എൽപിജി വിതരണം സാധാരണ നിലയിലായതിനെ തുടർന്ന് സ്ഥലവ്യത്യാസമില്ലാതെ എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും ഒരേപോലെ 25 ദിവസത്തെ ബുക്കിങ് ഇടവേളയാക്കാനാണ് മന്ത്രാലയം നിർദേശിച്ചത്. സിലിണ്ടർ ബുക്കിങ്ങിൽ ഗണ്യമായ കുറവുണ്ടായതിനെ തുടർന്നാണ് തീരുമാനമെന്ന് മന്ത്രാലയം പുറത്തിറക്കിയ കത്തിൽ വ്യക്തമാക്കുന്നു.

കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക-ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയും ഇക്കാര്യം സ്ഥിരീകരിച്ചു. 25 ദിവസത്തെ ബുക്കിങ് ഇടവേള ഉടൻ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷം മൂലമുണ്ടായ വിതരണ തടസ്സങ്ങൾ കാരണമാണ് മുമ്പ് നഗരങ്ങളിൽ 25 ദിവസവും ഗ്രാമങ്ങളിൽ 45 ദിവസവുമായി നിശ്ചയിക്കേണ്ടി വന്നിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381589/lpg-cylinder-booking-interval-reduced-to-25-days-for-all-domestic-consumers-centre-orders)