---
title: "കൊട്ടിയൂരിനെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണം 14 വാർഡുകളിലും പ്രത്യേക ഗ്രാമസഭകൾ ചേരും"
english_title: "Kottiyoor ESA Exemption: Special Gramasabhas to be Held Across 14 Wards"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381626/kottiyoor-esa-exemption-special-gramasabhas-to-be-held-across-14-wards"
published_at: "2026-09-08T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9f970fd2061_ee.jpeg"
keywords: ["Kottiyoor", "ESA Exemption", "Eco Sensitive Area", "Special Gramasabha", "Kannur News"]
---

# കൊട്ടിയൂരിനെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണം 14 വാർഡുകളിലും പ്രത്യേക ഗ്രാമസഭകൾ ചേരും

> **Lead Summary:** **കൊട്ടിയൂർ: **പരിസ്ഥിതി ലോല പ്രദേശ (ഇ.എസ്.എ) നിർണ്ണയവുമായി ബന്ധപ്പെട്ട് കൊട്ടിയൂർ വില്ലേജിലെ ജനവാസ കേന്ദ്രങ്ങളെയും കാർഷിക മേഖലകളെയും പൂർണ്ണമായും ഒഴിവാക്കണമെന്ന് പ്രത്യേക ഗ്രാമസഭ സർക്കാരിനോട് ആവശ്യപ്പെട്ടു. കൊട്ടിയൂർ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സിസിലി കണ്ണന്താനം അധ്യക്ഷത വഹിച്ചു.

## Article Content

**കൊട്ടിയൂർ: **പരിസ്ഥിതി ലോല പ്രദേശ (ഇ.എസ്.എ) നിർണ്ണയവുമായി ബന്ധപ്പെട്ട് കൊട്ടിയൂർ വില്ലേജിലെ ജനവാസ കേന്ദ്രങ്ങളെയും കാർഷിക മേഖലകളെയും പൂർണ്ണമായും ഒഴിവാക്കണമെന്ന് പ്രത്യേക ഗ്രാമസഭ സർക്കാരിനോട് ആവശ്യപ്പെട്ടു. കൊട്ടിയൂർ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സിസിലി കണ്ണന്താനം അധ്യക്ഷത വഹിച്ചു.

വിവിധ കാലഘട്ടങ്ങളിൽ കർഷകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പഞ്ചായത്ത് സ്വീകരിച്ച നിയമപരമായ നടപടികൾ സംബന്ധിച്ച് വൈസ് പ്രസിഡന്റ് റോയി നമ്പൂടാകം യോഗത്തിൽ വിശദീകരിച്ചു. വിഷയത്തിൽ സ്വീകരിക്കേണ്ട തുടർനടപടികളെക്കുറിച്ചും ഇ.എസ്.എ മാനദണ്ഡങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ പഞ്ചായത്ത് സെക്രട്ടറി ഗ്രാമസഭയിൽ വ്യക്തമാക്കി.

വിഷയത്തിന്റെ ഗുരുതരസ്വഭാവവും പ്രാധാന്യവും കണക്കിലെടുത്ത് ബുധനാഴ്ച കൊട്ടിയൂർ പഞ്ചായത്തിലെ 14 വാർഡുകളിലും പ്രത്യേക ഗ്രാമസഭകൾ വിളിച്ച് ചേർക്കാൻ തീരുമാനമായിട്ടുണ്ട്. 1 മുതൽ 7 വരെയുള്ള വാർഡുകളിൽ ഉച്ചയ്ക്ക് 2 മണിക്കും, 8 മുതൽ 14 വരെയുള്ള വാർഡുകളിൽ വൈകുന്നേരം 3 മണിക്കുമാണ് ഗ്രാമസഭകൾ നടക്കുക. പ്രദേശത്തെ മുഴുവൻ കർഷകരും പൊതുജനങ്ങളും ഈ വാർഡ്തല ഗ്രാമസഭകളിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് യോഗത്തിൽ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

പഞ്ചായത്ത് ഹാളിൽ ചേർന്ന ഗ്രാമസഭയിലെയും ബുധനാഴ്ച നടക്കാനിരിക്കുന്ന വാർഡ്തല ഗ്രാമസഭകളിലെയും നിർദ്ദേശങ്ങളും തീരുമാനങ്ങളും പഞ്ചായത്ത് ഭരണസമിതി വിശദമായി ചർച്ച ചെയ്ത് ക്രോഡീകരിക്കും. തുടർന്ന് കർഷകരുടെ ആശങ്കകൾ വ്യക്തമാക്കുന്ന പൂർണ്ണമായ റിപ്പോർട്ട് വിവിധ ഗവൺമെന്റ് വകുപ്പുകൾക്കും ബന്ധപ്പെട്ട മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും ഔദ്യോഗികമായി അയച്ചുനൽകാനും യോഗം തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381626/kottiyoor-esa-exemption-special-gramasabhas-to-be-held-across-14-wards)