---
title: "സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: താപനില ഉയർന്നതോടെ ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത"
english_title: "Kerala Power Crisis KSEB Imposes Power Cuts Due To High Temperature"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/381643/kerala-power-crisis-kseb-imposes-power-cuts-due-to-high-temperature"
published_at: "2026-09-08T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9fa66113b7a_download_(23).jpeg"
keywords: ["Kerala Power Crisis", "KSEB Power Cut", "Power Cut Kerala", "High Temperature Kerala", "Power Peak Hours"]
---

# സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: താപനില ഉയർന്നതോടെ ഇന്ന് രാത്രിയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

> **Lead Summary:** സംസ്ഥാനത്ത് വേനൽച്ചൂട് ക്രമാതീതമായി ഉയർന്നതോടെ വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമാകുന്നു. അന്തരീക്ഷ താപനില വർദ്ധിച്ചതിനെ തുടർന്ന് വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവുണ്ടായ സാഹചര്യത്തിൽ ഇന്ന് രാത്രിയും നിയന്ത്രണമേർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

## Article Content

സംസ്ഥാനത്ത് വേനൽച്ചൂട് ക്രമാതീതമായി ഉയർന്നതോടെ വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമാകുന്നു. അന്തരീക്ഷ താപനില വർദ്ധിച്ചതിനെ തുടർന്ന് വൈദ്യുതി ഉപയോഗത്തിൽ വൻ വർദ്ധനവുണ്ടായ സാഹചര്യത്തിൽ ഇന്ന് രാത്രിയും നിയന്ത്രണമേർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രിയിൽ പല പ്രദേശങ്ങളിലും രണ്ടിലധികം തവണയാണ് അപ്രഖ്യാപിതമായി വൈദ്യുതി വിച്ഛേദിക്കപ്പെട്ടത്. വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെയുള്ള പീക്ക് സമയങ്ങളിൽ പ്രതിദിനം 600 മുതൽ 800 മെഗാവാട്ട് വരെ അധിക വൈദ്യുതി ആവശ്യമായി വരുന്നതിനാലാണ് നിയന്ത്രണം അനിവാര്യമാകുന്നത്. കേന്ദ്ര പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ ഉണ്ടായ വൻ കുറവാണ് കേരളത്തിന് തിരിച്ചടിയായത്.

കൂടാതെ ദേശീയ തലത്തിൽ ഇപ്പോഴും 12,000 മെഗാവാട്ടോളം വൈദ്യുതിയുടെ കുറവ് പരിഹരിക്കാനാകാതെ തുടരുകയാണ്. ഗ്രിഡ് ഫ്രീക്വൻസി അപകടകരമാംവിധം താഴുന്നതും കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കാൻ കെ.എസ്.ഇ.ബിയെ നിർബന്ധിതരാക്കുന്നു.

കാലവർഷം മാറിനിൽക്കുന്നതും സാധാരണയിലും നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നതുമാണ് ഉപയോഗം ഇത്രയധികം ഉയരാൻ ഇടയാക്കിയത്. കൊല്ലം ജില്ലയിലെ പുനലൂരിൽ കഴിഞ്ഞ ദിവസം 36.2 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിലേക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ദേശീയ തലത്തിലും പവർ എക്സ്ചേഞ്ചുകളിലും ഉണ്ടായ ലഭ്യതക്കുറവ് മൂലം പീക്ക് സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താതെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന വിലയിരുത്തലിലാണ് അധികൃതർ. അതിനാൽ വരും ദിവസങ്ങളിലും വൈകുന്നേരങ്ങളിലും രാത്രി സമയങ്ങളിലും പൊതുജനങ്ങൾ വൈദ്യുതി ഉപയോഗം പരമാവധി ചുരുക്കണമെന്നും സഹകരിക്കണമെന്നും കെ.എസ്.ഇ.ബി അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/381643/kerala-power-crisis-kseb-imposes-power-cuts-due-to-high-temperature)