---
title: "സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത"
english_title: "Partial Power Cut Likely Today In Kerala KSEB Says Peak Hour Restriction From 6.45 PM"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382005/kerala-power-restriction-today-kseb-peak-hours-el-nino-shortage"
published_at: "2026-09-10T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa293584534b_1000233537.jpg"
keywords: ["Power Cut Kerala", "El Nino", "Peak Hour Power Restriction"]
---

# സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. വൈകുന്നേരം 6.45 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. വൈകുന്നേരം 6.45 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും.

എൽനിനോ പ്രതിഭാസത്തെത്തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില വർധിച്ചതുമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. രാജ്യത്തുടനീളം വൈദ്യുതി ആവശ്യകത ഉയർന്നതിനാൽ പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭിക്കുന്നില്ല.

കൂടാതെ, ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ ചൂണ്ടിക്കാണിച്ച 12,000 മെഗാവാട്ടിന്റെ ദേശീയ ക്ഷാമം പൂർണമായി പരിഹരിക്കാത്തതും സെൻട്രൽ ജനറേറ്റിങ് സ്റ്റേഷനുകളിൽ നിന്നുള്ള ലഭ്യതക്കുറവും സ്ഥിതി വഷളാക്കുന്നു.

മുൻവർഷങ്ങളിലെ സെപ്റ്റംബറുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്തെ പീക്ക് സമയങ്ങളിലെ ഉപഭോഗത്തിൽ 800 മുതൽ 900 മെഗാവാട്ട് വരെ വർധനവുണ്ടായിട്ടുണ്ട്. മഴ മാറിനിൽക്കുന്നതിനാൽ ലഭ്യതക്കുറവ് 800-900 മെഗാവാട്ടോളം ഉയരാൻ സാധ്യതയുണ്ട്. ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ പീക്ക് സമയങ്ങളിൽ അനാവശ്യമായ വൈദ്യുതി ഉപയോഗം ഒഴിവാക്കി സഹകരിക്കണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382005/kerala-power-restriction-today-kseb-peak-hours-el-nino-shortage)