---
title: "വൈദ്യുതി പ്രതിസന്ധി ഉടനടി പരിഹരിക്കാനാവില്ല; സഹകരണം അഭ്യർത്ഥിച്ച് മന്ത്രി സണ്ണി ജോസഫ്"
english_title: "Kerala Power Crisis: Electricity Minister Sunny Joseph Calls for Public Cooperation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382129/kerala-power-crisis-electricity-minister-sunny-joseph-calls-for-public-cooperation"
published_at: "2026-09-11T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3a2e969efb_Sunny_Joseph01.jpeg"
keywords: ["kseb", "poweroutage", "sunnyjoesph"]
---

# വൈദ്യുതി പ്രതിസന്ധി ഉടനടി പരിഹരിക്കാനാവില്ല; സഹകരണം അഭ്യർത്ഥിച്ച് മന്ത്രി സണ്ണി ജോസഫ്

> **Lead Summary:** **തിരുവനന്തപുരം:** സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി നിയന്ത്രണം പെട്ടെന്നൊരു ദിവസം കൊണ്ട് നിർത്തിവെക്കാൻ കഴിയില്ലെന്നും പ്രതിസന്ധി ഉടനടി പരിഹരിക്കുക എളുപ്പമല്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. വിപണിയിൽ ചെന്ന് പെട്ടെന്ന് വാങ്ങാൻ കഴിയുന്ന ഒന്നല്ല വൈദ്യുതി.

## Article Content

**തിരുവനന്തപുരം:** സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി നിയന്ത്രണം പെട്ടെന്നൊരു ദിവസം കൊണ്ട് നിർത്തിവെക്കാൻ കഴിയില്ലെന്നും പ്രതിസന്ധി ഉടനടി പരിഹരിക്കുക എളുപ്പമല്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. വിപണിയിൽ ചെന്ന് പെട്ടെന്ന് വാങ്ങാൻ കഴിയുന്ന ഒന്നല്ല വൈദ്യുതി.

ദീർഘകാല കരാറുകളിൽ ഏർപ്പെടണമെങ്കിൽ മാസങ്ങളുടെ സാവകാശം ആവശ്യമാണ്. ദിവസാടിസ്ഥാനത്തിൽ വൈദ്യുതി വാങ്ങുന്ന സംവിധാനം ഉണ്ടെങ്കിലും നിലവിൽ എല്ലായിടത്തും ഇതിന്റെ ലഭ്യതക്കുറവുണ്ട്. അഖിലേന്ത്യാ തലത്തിൽ തന്നെ വൈദ്യുതി ഉത്പാദനം ഗണ്യമായി കുറയുകയും അതേസമയം ഉപയോഗവും ആവശ്യകതയും വർധിക്കുകയും ചെയ്യുന്നതാണ് നിലവിലെ വിതരണ തടസ്സത്തിന് കാരണമെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ ഊർജ പ്രതിസന്ധി മറികടക്കാൻ സോളാർ മാർഗ്ഗങ്ങളിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി രാത്രികാലങ്ങളിൽ സംഭരിച്ചുവെച്ച് ഉപയോഗിക്കാനുള്ള പ്രത്യേക പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ കേരളത്തിന് ആവശ്യമായ  വൈദ്യുതിയുടെ 25 ശതമാനം മാത്രമാണ് സ്വന്തമായി ഉത്പാദിപ്പിക്കാൻ സാധിക്കുന്നത്. എന്നാൽ ആന്ധ്രാപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ ഇത് 86 ശതമാനത്തോളമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വൈദ്യുതി മേഖലയിൽ ഒറ്റ രാത്രികൊണ്ട് അത്ഭുതങ്ങൾ പ്രവർത്തിക്കാൻ സാധിക്കില്ലെന്നും നിലവിലെ പ്രതിസന്ധി മറികടക്കാൻ പൊതുജനങ്ങളുടെ പൂർണ സഹകരണം വേണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ നേരിട്ട് മനസ്സിലാക്കുന്നുണ്ട്. പവർക്കട്ടിന് ശാശ്വതമായ പരിഹാരം കാണാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടികൾ സ്വീകരിക്കും. അനുവദനീയമായ വിലയിൽ ലഭ്യമാകുന്ന എവിടെനിന്നും വൈദ്യുതി വാങ്ങാൻ വകുപ്പ് സന്നദ്ധമാണെന്നും അതിനുള്ള എല്ലാ സാധ്യതകളും തേടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382129/kerala-power-crisis-electricity-minister-sunny-joseph-calls-for-public-cooperation)