---
title: "കെ എസ് ഇ ബി ജീവനക്കാർ സമരം ഒഴിവാക്കണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി"
english_title: "KSEB"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38228/kseb"
published_at: "2022-04-19T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625e540657e66_Screenshot_20220419_113539.jpg"
keywords: []
---

# കെ എസ് ഇ ബി ജീവനക്കാർ സമരം ഒഴിവാക്കണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി

> **Lead Summary:** തിരുവനന്തപുരം: കെ.എസ്.ഇ.ബി ജീവനക്കാർ സമരം പിൻവലിക്കണമെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം പിൻവലിക്കേണ്ടത് ബോർഡിന്റെ നിയമപരമായ നടപടിക്രമമാണ്.

## Article Content

തിരുവനന്തപുരം: കെ.എസ്.ഇ.ബി ജീവനക്കാർ സമരം പിൻവലിക്കണമെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം പിൻവലിക്കേണ്ടത് ബോർഡിന്റെ നിയമപരമായ നടപടിക്രമമാണ്.

അതിൽ തീരുമാനമെടുക്കേണ്ടത് ബോർഡ് മാത്രമാണ്. ബോർഡും യൂണിയനും തമ്മിൽ ചർച്ച ചെയ്ത് ഇക്കാര്യം പരിഹരിക്കണമെന്നും മന്ത്രി പറഞ്ഞു.സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥരുടെ നേതാക്കളുടേയും കാര്യത്തിൽ വൈദ്യുതി ബോർഡും ചെയർമാനും മാനേജ്മെന്റും തീരുമാനമെടുക്കട്ടെ എന്നാണ് മന്ത്രി ആവർത്തിച്ചു പറയുന്നത്.

മന്ത്രി അല്ല തീരുമാനം എടുക്കുന്നത്. ബോർഡാണ് തീരുമാനം എടുക്കുന്നത്. അവർ ചർച്ച ചെയ്ത് പരിഹരിക്കണം. മന്ത്രി എന്ന നിലയിൽ പ്രശ്ന പരിഹാരത്തിന് ആരും തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ വിട്ടുവീഴ്ച ഇല്ലെന്നാണ് കെ.എസ്.ഇ.ബി. ചെയർമാൻ ബി. അശോക് തറപ്പിച്ച് പറയുന്നത്. സ്ഥലം മാറ്റിയത് ബോർഡിന്റെ സുചിന്തിതമായ തീരുമാനം.

കുറ്റം സമ്മതിച്ചുള്ള അപേക്ഷയിൽ അനുഭാവപൂർണമായ സമീപനമാണ് എടുത്തതെന്നും അതിൽ വിട്ടുവീഴ്ചയില്ലെന്നുമാണ് അശോക് മാതൃഭൂമി ന്യൂസിനോടു പറഞ്ഞത്.അതേസമയം ചെയർമാന്റെ എതിർപ്പ് അവഗണിച്ച് കെ.എസ്.ഇ.ബി ആസ്ഥാനം വളഞ്ഞു കൊണ്ടുള്ള തൊഴിലാളി സംഘടനകളുടെ സമരം പോലീസ് തടഞ്ഞു.

പോലീസ് തടഞ്ഞാൽ റോഡിലിരുന്ന് സമരം ചെയ്യുമെന്ന് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എംജി സുരേഷ് കുമാർ പറഞ്ഞു. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ ഏപ്രിൽ അഞ്ച് മുതൽ ജോലിയിൽ പ്രവേശിച്ചിട്ടില്ല എന്ന് കണക്കാക്കുമെന്നാണ് കെ.എസ്.ഇ.ബി ചെയർമാൻ അറിയിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38228/kseb)