---
title: "പഴശ്ശി കുടിവെള്ളസംഭരണിയിലേക്ക് മലിനജലം ഒഴുക്കിവിടുന്നു"
english_title: "Pazhassi Drinking Water Reservo"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/38235/pazhassi-drinking-water-reservo"
published_at: "2022-04-19T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625e5d9a0dd97_Screenshot_20220419_120818.jpg"
keywords: []
---

# പഴശ്ശി കുടിവെള്ളസംഭരണിയിലേക്ക് മലിനജലം ഒഴുക്കിവിടുന്നു

> **Lead Summary:** ഇരിട്ടി : ജില്ലയുടെ കുടിവെള്ളസംഭരണിയായ പഴശ്ശിപദ്ധതിയെ മലിനമാക്കുന്ന പ്രവർത്തനങ്ങൾ തടയാൻ നടപടിയില്ല. സംഭരണി പ്രദേശങ്ങളോട് ചേർന്ന നഗരങ്ങളിൽനിന്നും വൻതോതിൽ മാലിന്യവും പ്ലാസ്റ്റിക് കുപ്പികളുമാണ് പുഴയിലേക്കെത്തുന്നത്.

## Article Content

ഇരിട്ടി : ജില്ലയുടെ കുടിവെള്ളസംഭരണിയായ പഴശ്ശിപദ്ധതിയെ മലിനമാക്കുന്ന പ്രവർത്തനങ്ങൾ തടയാൻ നടപടിയില്ല. സംഭരണി പ്രദേശങ്ങളോട് ചേർന്ന നഗരങ്ങളിൽനിന്നും വൻതോതിൽ മാലിന്യവും പ്ലാസ്റ്റിക് കുപ്പികളുമാണ് പുഴയിലേക്കെത്തുന്നത്.

ഇരിട്ടി നഗരസഭയുടെ കംഫർട്ട് സ്റ്റേഷനിൽനിന്നുള്ള മാലിന്യങ്ങൾപോലും സംഭരണിയിലേക്കാണെത്തുന്നത്. കുറച്ചുദിവസമായി കംഫർട്ട് സ്റ്റേഷൻ പരിസരം ദുർഗന്ധപൂരിതമാണ്.

ടാങ്ക് പൊട്ടി മാലിന്യം കുടിവെള്ളത്തിലേക്കാണ് ഒഴുകുന്നത്. കൂടാതെ, പ്രദേശത്തെ നിരവധി സ്ഥാപനങ്ങളിൽനിന്നുള്ള മാലിന്യങ്ങളും പുഴയിലേക്ക് എത്തുന്നുണ്ട്. ഇരിട്ടി പുതിയ സ്റ്റാൻഡിനോട് ചേർന്ന പുഴയുടെ കരയിൽ നിറയെ പ്ലാസ്റ്റിക് കുപ്പികളും ചാക്കുകളും മറ്റ് മാലിന്യങ്ങളുമാണ്.

മഴക്കാലങ്ങളിൽ ചില വൻകിട സ്ഥാപനങ്ങളിലെ സെപ്റ്റിക്ക് ടാങ്കുകളിൽനിന്നുള്ള മാലിന്യം മഴവെള്ളത്തോടൊപ്പം പുഴയിലേക്ക് തുറന്നുവിടുന്നതായി നേരത്തേയുള്ള പരാതികളും അങ്ങനെതന്നെ നിലനില്ക്കുകയാണ്.

ആയിരക്കണക്കിനാളുകഴൾ കുടിക്കാനും കുളിക്കാനുമെല്ലാം ഉപയോഗിക്കുന്ന വെള്ളമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് പുഴയിലേക്ക് മാലിന്യം തള്ളുന്നത്.

ബോധവത്കരണത്തിനൊപ്പം കർശന പരിശോധനയും ഇക്കാര്യത്തിൽ ആവശ്യമാണ്. എന്നാൽ, ജീവനക്കാരുടെ കുറവും മറ്റും പറഞ്ഞ് ഇത്തരം പരിശോധനകളിൽനിന്ന് അധികൃതർ ഒഴിഞ്ഞുമാറുകയാണ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/38235/pazhassi-drinking-water-reservo)