---
title: "ബോർഡ്, കോർപറേഷൻ പദവികളിലെ നിയമനം: യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചർച്ച ഉടൻ"
english_title: "UDF Board Corporation Appointments Bilateral Talks With Allies KPCC Criteria Chief Minister Assurance"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382432/udf-board-corporation-appointments-bilateral-talks-allies-kpcc-criteria"
published_at: "2026-09-13T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa6622ca6b56_1000233841.jpg"
keywords: ["UDF", "Board Corporation Appointment", "KPCC"]
---

# ബോർഡ്, കോർപറേഷൻ പദവികളിലെ നിയമനം: യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചർച്ച ഉടൻ

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ ബോർഡ്, കോർപ്പറേഷൻ പദവികളിലേക്കുള്ള നിയമനത്തിൽ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചർച്ച ഉടൻ ഉണ്ടാകും. ചർച്ചയ്ക്ക് മാനദണ്ഡം നിശ്ചയിക്കുന്നത് കെപിസിസി ആയിരിക്കും. മുഖ്യമന്ത്രി നൽകിയ ഉറപ്പിന്മേലാണ് ഘടകകക്ഷി നേതാക്കൾ സംയമനം പാലിച്ചിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ ബോർഡ്, കോർപ്പറേഷൻ പദവികളിലേക്കുള്ള നിയമനത്തിൽ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചർച്ച ഉടൻ ഉണ്ടാകും. ചർച്ചയ്ക്ക് മാനദണ്ഡം നിശ്ചയിക്കുന്നത് കെപിസിസി ആയിരിക്കും. മുഖ്യമന്ത്രി നൽകിയ ഉറപ്പിന്മേലാണ് ഘടകകക്ഷി നേതാക്കൾ സംയമനം പാലിച്ചിരിക്കുന്നത്.

യുഡിഎഫ് സർക്കാർ അധികാരത്തിലേറി 100 ദിവസം പിന്നിട്ടു, യുഡിഎഫ് യോഗം ചേർന്നിട്ട് ഒരു മാസവും കഴിഞ്ഞു. ബോർഡ് കോർപ്പറേഷൻ നിയമനം വേഗത്തിൽ പൂർത്തിയാക്കും എന്ന് പ്രഖ്യാപിച്ച നേതാക്കളും മൗനത്തിലാണ്. മുഖ്യമന്ത്രി നൽകിയ ഉറപ്പിൽ കാത്തിരിക്കുകയാണ് ഘടകകക്ഷി നേതാക്കൾ.

സർക്കാർ അധികാരത്തിൽ വന്ന് മാസങ്ങൾ പിന്നിട്ടിട്ടും പല ബോർഡ് കോർപ്പറേഷനിലും ഇപ്പോഴും കയ്യാളുന്നത് ഇടത് നേതാക്കൾ തന്നെയാണ്. ബോർഡ് കോർപ്പറേഷൻ നിയമനം ചർച്ചയിലൂടെ വേഗത്തിൽ പരിഹരിക്കും എന്നായിരുന്നു യുഡിഎഫ് കൺവീനറുടെ ഉറപ്പ്.

കോൺഗ്രസിലെ നേതാക്കൾക്കിടയിലെ ഗ്രൂപ്പ് പോരാണ് നിയമനങ്ങൾ പാതിവഴിയിൽ ആക്കിയിരിക്കുന്നത്. നിയമനങ്ങൾ വൈകുന്നതിൽ മുഖ്യമന്ത്രിയും അതൃപ്തിയിലാണ്. പി.ജെ. ജോസഫിന് മുന്നോക്ക ക്ഷേമ വകുപ്പും, എം.കെ. മുനീറിന് ഭരണപരിഷ്കാര കമ്മീഷനും മാണി സി കാപ്പന്റെ കേരള ഡെമോക്രാറ്റിക് പാർട്ടിക്ക് നോർക്കയും, ജി ദേവരാജന് സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി എന്നതിലും ഏകദേശം ധാരണയായിക്കൊണ്ടിരിക്കുകയാണ്.

എന്നാൽ പദവികൾക്കായുള്ള പിടിവലിയും ശക്തമാണ്. മുഖ്യമന്ത്രിയുമായുള്ള നേതാക്കളുടെ ചർച്ചയ്ക്ക് ശേഷം ഈ മാസം അവസാനത്തോടെ അന്തിമ ലിസ്റ്റ് പുറത്തിറക്കാൻ ആകുമെന്ന് പ്രതീക്ഷയിലാണ് നേതാക്കൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382432/udf-board-corporation-appointments-bilateral-talks-allies-kpcc-criteria)