---
title: "ഭവനരഹിതർക്ക് കൈത്താങ്ങായി സോഷ്യൽ എം പവർമെന്റ് ട്രസ്റ്റ്; പ്രവർത്തനമാരംഭം 17ന് തലശ്ശേരിയിൽ"
english_title: "Social Empowerment Trust Thalassery Launch Homeless Housing Project Crowdfunding Roof App"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382592/social-empowerment-trust-thalassery-launch-homeless-housing-crowdfunding-roof-app"
published_at: "2026-09-14T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa7d1146284b_1000234055.jpg"
keywords: ["Social Empowerment Trust", "Homeless Housing", "Crowdfunding", "Shafi Parambil"]
---

# ഭവനരഹിതർക്ക് കൈത്താങ്ങായി സോഷ്യൽ എം പവർമെന്റ് ട്രസ്റ്റ്; പ്രവർത്തനമാരംഭം 17ന് തലശ്ശേരിയിൽ

> **Lead Summary:** **തലശ്ശേരി: **ഭവനരഹിതരായ കുടുംബങ്ങൾക്ക് വീടൊരുക്കാൻ ലക്ഷ്യമിട്ട് തലശ്ശേരിയിൽ രൂപീകരിച്ച സോഷ്യൽ എം പവർമെന്റ് ട്രസ്റ്റ് 17ന് വ്യാഴാഴ്ച പ്രവർത്തനമാരംഭിക്കും.

## Article Content

**തലശ്ശേരി: **ഭവനരഹിതരായ കുടുംബങ്ങൾക്ക് വീടൊരുക്കാൻ ലക്ഷ്യമിട്ട് തലശ്ശേരിയിൽ രൂപീകരിച്ച സോഷ്യൽ എം പവർമെന്റ് ട്രസ്റ്റ് 17ന് വ്യാഴാഴ്ച പ്രവർത്തനമാരംഭിക്കും.

ഭവനരഹിതരെയും ബാങ്കുകളിൽ നിന്ന് ജപ്തി ഭീഷണി നേരിടുന്നവരെയും കുടിശ്ശികയായ വീട്ടുവാടക നൽകാൻ പാടുപെടുന്നവരെയും സഹായിക്കാൻ തലശ്ശേരിയിൽ ജീവകാരുണ്യ കൂട്ടായ്മ ഒരുങ്ങുന്നു. ഇതിനായി വിഭാവനം ചെയ്ത സോഷ്യൽ എം പവർമെന്റ് ട്രസ്റ്റിന്റെ ഉദ്ഘാടനം ഈ മാസം 17ന് വ്യാഴാഴ്ച തലശ്ശേരി ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.

സാമൂഹികമായി പിന്നോക്കം നിൽക്കുന്നവർക്കും ഭവനരഹിതരായ കുടുംബങ്ങൾക്കും കൈത്താങ്ങാകുന്ന ഇത്തരം സംരംഭം കേരളത്തിൽ ആദ്യമാണെന്ന് ട്രസ്റ്റ് ചെയർമാൻ വി.കെ. ജവാദ് അഹമ്മദ് പത്രസമ്മേളനത്തിൽ അറിയിച്ചു.

വീടില്ലാതെ കഷ്ടപ്പെടുന്ന പാവങ്ങൾക്ക് സ്വന്തമായി ഒരു വീട് പണിയാൻ പ്രാദേശിക സമൂഹത്തിന്റെ കൂട്ടായ്മയിൽ ജനകീയ ക്രൗഡ് ഫണ്ടിംഗിലൂടെ പണം സമാഹരിക്കലാണ് സോഷ്യൽ എം പവർമെന്റ് ട്രസ്റ്റിന്റെ ദൗത്യം. ഒരാൾ ഏറ്റവും കുറവ് 100 രൂപ ഒരു മാസത്തിൽ എന്ന നിലയിൽ 25,000 മനുഷ്യസ്നേഹികൾ നൽകിയാൽ 50 ലക്ഷം രൂപ ശേഖരിക്കാനാകുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഇതാണ് ട്രസ്റ്റിന്റെ പ്രവർത്തന രീതി. ഇതിനായി പ്രത്യേക മൊബൈൽ ആപ്പും വെബ്സൈറ്റും പുറത്തിറക്കും.

ട്രസ്റ്റിന്റെ ഉദ്ഘാടനം ഷാഫി പറമ്പിൽ എം.പി. നിർവഹിക്കും. റൂഫ് എന്ന് പേരുള്ള മൊബൈൽ ക്രൗഡ് ഫണ്ടിംഗ് ആപ്പ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ട്രസ്റ്റിന്റെ വെബ്സൈറ്റ് കെ.പി. മോഹനൻ എം.എൽ.എയും ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ കെ.എം. ജമുനാറാണി ടീച്ചർ ഉൾപ്പെടെ വിവിധ നേതാക്കളും പൊതുപ്രവർത്തകരും മത-സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.

ഭവന പദ്ധതികൾക്ക് പുറമെ വിദ്യാഭ്യാസം, സ്വയം തൊഴിൽ, ആരോഗ്യ പരിരക്ഷ, ശുദ്ധജലം, സ്ത്രീ ശാക്തീകരണം, സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകളിലും ട്രസ്റ്റിന്റെ പ്രവർത്തനം വ്യാപിപ്പിക്കും. എം.പി. അബ്ദുറഹ്മാൻ, പി.പി. ഫാറൂഖ്, കെ.എം. അഷ്ഫാഖ്, പി. സമീർ, ബി. ഫസൽ എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382592/social-empowerment-trust-thalassery-launch-homeless-housing-crowdfunding-roof-app)