---
title: "'ഇ.ഡിയുടേത് മികച്ച തിരക്കഥ, നമ്മൾ ബേപ്പൂർ ഹവാല ഗ്രൂപ്പല്ല'; വാർത്തകൾ അപമാനിക്കാൻ വേണ്ടിയെന്ന് പി.എ. മുഹമ്മദ് റിയാസ്"
english_title: "PA Mohammad Riyas ED Allegations Veena Vijayan Red Book Controversy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382714/mohammad-riyas-counters-ed-allegations-veena-vijayan-red-book"
published_at: "2026-09-15T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8eada8096b_WhatsApp_Image_2026-09-15_at_10.56.06_AM.jpeg"
keywords: ["PA Mohammad Riyas", "Veena Vijayan", "ED Hawala Allegations", "Nammal Beypore WhatsApp Group"]
---

# 'ഇ.ഡിയുടേത് മികച്ച തിരക്കഥ, നമ്മൾ ബേപ്പൂർ ഹവാല ഗ്രൂപ്പല്ല'; വാർത്തകൾ അപമാനിക്കാൻ വേണ്ടിയെന്ന് പി.എ. മുഹമ്മദ് റിയാസ്

> **Lead Summary:** **തിരുവനന്തപുരം**: സിപിഎം വിപുലീകൃത റാലി നടക്കുന്ന ദിവസം തന്നെ ഇ.ഡി വിവരങ്ങൾ പുറത്തുവിട്ടത് തന്നെ സമൂഹത്തിന് മുന്നിൽ ബോധപൂർവം അപമാനിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് സംസ്ഥാന മന്ത്രിയും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ്. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**തിരുവനന്തപുരം**: സിപിഎം വിപുലീകൃത റാലി നടക്കുന്ന ദിവസം തന്നെ ഇ.ഡി വിവരങ്ങൾ പുറത്തുവിട്ടത് തന്നെ സമൂഹത്തിന് മുന്നിൽ ബോധപൂർവം അപമാനിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് സംസ്ഥാന മന്ത്രിയും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ്. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേയ് 27-ന് ലഭിച്ചുവെന്ന് പറയുന്ന രേഖകൾ ലക്ഷങ്ങൾ അണിനിരക്കുന്ന പാർട്ടി റാലിയുടെ ദിവസം തന്നെ മാധ്യമങ്ങൾക്ക് നൽകിയത് ഗൂഢാലോചനയാണെന്നും, കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയമപരമായി തന്നെ നേരിടുമെന്നും റിയാസ് വ്യക്തമാക്കി. ഇ.ഡി അന്വേഷണ റിപ്പോർട്ടിൽ പരാമർശിക്കുന്ന 'നമ്മൾ ബേപ്പൂർ' എന്ന വാട്സാപ് ഗ്രൂപ്പ് ഹവാല ഇടപാടുകൾക്കായി ഉണ്ടാക്കിയതല്ലെന്ന് അദ്ദേഹം വിശദീകരിച്ചു.

ബേപ്പൂർ മണ്ഡലത്തിലെ വികസന-ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി രൂപീകരിച്ച ഗ്രൂപ്പാണിതെന്നും, ഇതിൽ പൊതുജനങ്ങളും മാധ്യമപ്രവർത്തകരും ഉൾപ്പെടെയുള്ളവർ അംഗങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നത്തെ കാലത്ത് മിക്ക ജനപ്രതിനിധികളും ഇത്തരത്തിലുള്ള ഔദ്യോഗിക ഗ്രൂപ്പുകൾ ഉപയോഗിക്കാറുണ്ടെന്നും റിയാസ് ഓർമ്മിപ്പിച്ചു.

തന്റെ ഭാര്യ ടി. വീണ ഹവാല പണമിടപാട് സമ്മതിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ശുദ്ധ അസംബന്ധമാണ്. ഭാവിയിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പുതിയ ബിസിനസ് ആശയങ്ങളുമായി ബന്ധപ്പെട്ട് എഴുതിവെച്ച കണക്കുകളും കുറിപ്പുകളുമാണ് ഇ.ഡി കണ്ടെടുത്തത്. ഈ കടലാസുകളെയാണ് ഇ.ഡി ഇപ്പോൾ 'റെഡ് ബുക്ക്' എന്ന് വിശേഷിപ്പിക്കുന്നത്.

വീണയെ വീട്ടിലും ഓഫീസിലുമായി മൂന്നുതവണ ചോദ്യം ചെയ്തപ്പോഴും ഹവാല ഇടപാടിനെക്കുറിച്ച് ഒരു ചോദ്യം പോലും ഇ.ഡി ചോദിച്ചിട്ടില്ല. കേന്ദ്ര ഏജൻസിയുടേത് മികച്ച ഒരു തിരക്കഥയാണെന്നും ദേശീയ തലത്തിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡിന് ഇ.ഡി അർഹരാണെന്നും അദ്ദേഹം പരിഹസിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയും ഭർത്താവ് പി.എ. മുഹമ്മദ് റിയാസും ഹവാല ഇടപാടുകളിലൂടെ ദുബായിലേക്ക് പണമയച്ചതായി വീണയുടെ പക്കൽ നിന്ന് ലഭിച്ച 'റെഡ് ബുക്കിൽ' വിവരങ്ങളുണ്ടെന്ന ഇ.ഡി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് റിയാസിന്റെ ഈ പ്രതികരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382714/mohammad-riyas-counters-ed-allegations-veena-vijayan-red-book)