---
title: "ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ ക്ഷാമം രൂക്ഷം; രോഗികൾ ദുരിതത്തിൽ"
english_title: "Iritty Taluk Hospital Doctor Shortage Patients Suffer Six Doctors Against Sixteen Posts Vacant"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382742/iritty-taluk-hospital-doctor-shortage-patients-suffer"
published_at: "2026-09-15T14:29:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa9096873598_1000234255.jpg"
keywords: ["Iritty Taluk Hospital", "Doctor Shortage", "Health Crisis", "OP Crowd"]
---

# ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ ക്ഷാമം രൂക്ഷം; രോഗികൾ ദുരിതത്തിൽ

> **Lead Summary:** **ഇരിട്ടി: **മലയോര മേഖലയിൽ വിവിധ തരത്തിലുള്ള രോഗങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിലും ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ കടുത്ത ക്ഷാമം തുടരുന്നത് രോഗികളെയും നാട്ടുകാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നു. ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാൻ കുറഞ്ഞത് 16 ഡോക്ടർമാരുടെ സേവനം അത്യന്താപേക്ഷിതമായിരിക്കെ, നിലവിൽ വെറും ആറ് ഡോക്ടർമാർ മാത്രമാണ് ഇവിടെ സേവനത്തിലുള്ളത്.

## Article Content

**ഇരിട്ടി: **മലയോര മേഖലയിൽ വിവിധ തരത്തിലുള്ള രോഗങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിലും ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ കടുത്ത ക്ഷാമം തുടരുന്നത് രോഗികളെയും നാട്ടുകാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നു. ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാൻ കുറഞ്ഞത് 16 ഡോക്ടർമാരുടെ സേവനം അത്യന്താപേക്ഷിതമായിരിക്കെ, നിലവിൽ വെറും ആറ് ഡോക്ടർമാർ മാത്രമാണ് ഇവിടെ സേവനത്തിലുള്ളത്.

ഡോക്ടർമാരുടെ സ്ഥലംമാറ്റവും പുതിയ നിയമനങ്ങൾ നടപ്പാക്കാത്തതുമാണ് നിലവിലെ രൂക്ഷമായ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.

ആശുപത്രിയിൽ 42 പേരെ കിടത്തി ചികിത്സ നൽകാനുള്ള ഭൗതിക സൗകര്യങ്ങൾ ലഭ്യമാണെങ്കിലും, നിലവിൽ പത്ത് രോഗികൾ മാത്രമാണ് വാർഡുകളിൽ ചികിത്സയിലുള്ളത്. ദിനംപ്രതി 900-ഓളം രോഗികളാണ് ചികിത്സ തേടി ഒ.പി വിഭാഗത്തിൽ എത്തുന്നത്.

എന്നാൽ ഇത്രയധികം രോഗികളെ പരിശോധിക്കാൻ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ മണിക്കൂറുകളോളം കാത്തുനിന്ന ശേഷമാണ് പലർക്കും ചികിത്സ ലഭിക്കുന്നത്. പലരും പാതിവഴിയിൽ ചികിത്സ അവസാനിപ്പിച്ച് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ദുരവസ്ഥയിലുമാണ്.

ഇവിടെയെത്തുന്ന ഗുരുതര അവസ്ഥയിലുള്ള രോഗികളെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് (പരിയാരം), കണ്ണൂർ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്ക് റഫർ ചെയ്യുകയാണ് പതിവ്.

ആശുപത്രി ഭരണത്തിന് നേതൃത്വം നൽകേണ്ട സൂപ്രണ്ടിന്റെ തസ്തിക സ്ഥലംമാറ്റത്തെ തുടർന്ന് ഒഴിഞ്ഞുകിടക്കുകയാണ്. ഇതിന് പുറമെ ഗൈനക്കോളജി വിഭാഗത്തിൽ രണ്ടും, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിൽ മൂന്നും, നേത്രരോഗ വിഭാഗത്തിൽ ഒന്നും, അനസ്തേഷ്യ വിഭാഗത്തിൽ ഒന്നും ഒഴിവുകളുണ്ട്.

കഴിഞ്ഞ ദിവസം ഫിസിഷ്യൻ കൂടി സ്ഥലം മാറിപ്പോയതോടെയാണ് കിടത്തി ചികിത്സാ വിഭാഗത്തിന്റെ പ്രവർത്തനം പൂർണ്ണമായും താളംതെറ്റിയത്. കൂടാതെ നഗരസഭയും ദേശീയ ആരോഗ്യ ദൗത്യവും (എൻ.എച്ച്.എം) മുഖേന നടത്തേണ്ട താൽക്കാലിക ഡോക്ടർമാരുടെ നിയമനങ്ങളും മുടങ്ങിക്കിടക്കുകയാണ്.

നിലവിൽ രണ്ട് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാർ, രണ്ട് ജൂനിയർ കൺസൾട്ടന്റുമാർ, ഒരു ശിശുരോഗ വിദഗ്ധൻ, ഒരു അസിസ്റ്റന്റ് സർജൻ, ഒരു ദന്ത ഡോക്ടർ എന്നിവർ മാത്രമാണ് ആശുപത്രിയിലുള്ളത്. സ്ഥലം മാറിപ്പോയവർക്ക് പകരം നിയമനം ലഭിച്ചവരാകട്ടെ ഇതുവരെ ജോലിയിൽ പ്രവേശിച്ചിട്ടുമില്ല.

ദിവസവും ആശുപത്രിയിൽ ഏതൊക്കെ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ലഭ്യമാണെന്ന് പൊതുജനങ്ങളെ അറിയിക്കാനുള്ള ഡിസ്പ്ലേ സംവിധാനവും ഇവിടെ കാര്യക്ഷമമല്ല. മലയോര മേഖലയിലെ പാവപ്പെട്ട രോഗികളുടെ ഏക ആശ്രയമായ ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് അടിയന്തരമായി ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്നും കിടത്തി ചികിത്സാ സൗകര്യം പൂർണ്ണതോതിൽ പുനഃസ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382742/iritty-taluk-hospital-doctor-shortage-patients-suffer)