---
title: "ഇതാണോ മാധ്യമപ്രവർത്തനം? ആന്റോ അഗസ്റ്റിൻ പല കേസിലും പ്രതി, വാറണ്ട് ഉള്ളതുകൊണ്ടാണ് റെയ്ഡ് നടത്തിയത്; മുഖ്യമന്ത്രി"
english_title: ": Is This Journalism Anto Augustin Accused In Many Cases Raid Due To Warrant Says Chief Minister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383117/anto-augustin-accused-many-cases-raid-warrant-chief-minister-reaction"
published_at: "2026-09-17T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaba93dd3ac9_1000234646.jpg"
keywords: ["Anto Augustin", "Chief Minister", "Excise Raid", "Messi Fraud Case"]
---

# ഇതാണോ മാധ്യമപ്രവർത്തനം? ആന്റോ അഗസ്റ്റിൻ പല കേസിലും പ്രതി, വാറണ്ട് ഉള്ളതുകൊണ്ടാണ് റെയ്ഡ് നടത്തിയത്; മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം: **റിപ്പോർട്ടർ ചാനൽ മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിനെതിരെ മുഖ്യമന്ത്രി. ആന്റോ അഗസ്റ്റിൻ പല കേസിലും പ്രതിയെന്ന് പറഞ്ഞ അദ്ദേഹം ഇതാണോ മാധ്യമപ്രവർത്തനമെന്നും ചോദിച്ചു. ഇന്ത്യ ടുഡേ റൗണ്ട് ടേബിൾ കോൺക്ലേവിലെ ചോദ്യങ്ങൾക്കാണ് മുഖ്യമന്ത്രിയുടെ മറുപടി.

## Article Content

**തിരുവനന്തപുരം: **റിപ്പോർട്ടർ ചാനൽ മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിനെതിരെ മുഖ്യമന്ത്രി. ആന്റോ അഗസ്റ്റിൻ പല കേസിലും പ്രതിയെന്ന് പറഞ്ഞ അദ്ദേഹം ഇതാണോ മാധ്യമപ്രവർത്തനമെന്നും ചോദിച്ചു. ഇന്ത്യ ടുഡേ റൗണ്ട് ടേബിൾ കോൺക്ലേവിലെ ചോദ്യങ്ങൾക്കാണ് മുഖ്യമന്ത്രിയുടെ മറുപടി.

പല വഞ്ചനാകേസുകളിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. ജിഎസ്ടി ഫ്രോഡ് കേസിലും പേരുണ്ട്. ഗൗരവമായ കുറ്റകൃത്യത്തിന്റെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കോടതിയിൽ നിന്നുള്ള വാറന്റിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പോലീസ് വളരെ സംയമനം പാലിച്ചിരുന്നു. ഒരു വാർത്തയുമായും ഇതിന് ബന്ധമില്ല.

ഗുരുതരമായ കുറ്റകൃത്യവുമായി ബന്ധപ്പെട്ടാണിത്. വീട് റെയ്ഡ് ചെയ്തപ്പോൾ 136 കുപ്പി മദ്യമാണ് കണ്ടെത്തിയത്. എക്സൈസ് നിയമത്തിന്റെ ലംഘനമാണ്. ആ മാധ്യമസ്ഥാപനത്തിൽ നിന്ന് പോലീസ് ഡോളർ കണ്ടെത്തി – മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷം റെയ്ഡിനെ എതിർത്തതുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. പിണറായി വിജയൻ റെയ്ഡിനെ എതിർക്കുന്നത് കണ്ടു. ഇത് ആദ്യമായി അല്ല റെയ്ഡ് നടക്കുന്നത്. മംഗളത്തിലും ഏഷ്യാനെറ്റിലും ഒക്കെ റെയ്ഡ് നടത്തിയിട്ടുണ്ട് – അദ്ദേഹം പറഞ്ഞു.

മെസിയെ എത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പിലെ അന്വേഷണത്തിന്റെ ഭാഗമായാണ് ഇന്നലെ പ്രത്യേക അന്വേഷണ സംഘം, ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിൽ പരിശോധന നടത്തിയത്. റെയ്ഡിൽ വൻ മദ്യശേഖരം കണ്ടെത്തിയതിനെ തുടർന്ന് എക്സൈസ് സംഘം സ്ഥലത്തെത്തി ഇത് പിടിച്ചെടുക്കുകയായിരുന്നു.

അബ്കാരി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരം ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു. ഇതിന് പിന്നാലെയാണ് എറണാകുളം കളമശേരിയിലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസിൽ നിന്ന് പുലർച്ചെ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383117/anto-augustin-accused-many-cases-raid-warrant-chief-minister-reaction)