---
title: "അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം കഠിനതടവും 30 ലക്ഷം പിഴയും"
english_title: "Disproportionate Assets Case Former DGP Tomin Thachankary 4 Years Rigorous Imprisonment 30 Lakh Fine Kottayam Vigilance Court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383134/disproportionate-assets-case-former-dgp-tomin-thachankary-4-years-jail-fine"
published_at: "2026-09-17T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aabbed366051_1000234688.jpg"
keywords: ["Tomin Thachankary", "Disproportionate Assets Case", "Kottayam Vigilance Court", "Kerala Police"]
---

# അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം കഠിനതടവും 30 ലക്ഷം പിഴയും

> **Lead Summary:** **കോട്ടയം: **അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം വിജിലൻസ് കോടതിയുടേതാണ് വിധി.

## Article Content

**കോട്ടയം: **അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നാല് വർഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം വിജിലൻസ് കോടതിയുടേതാണ് വിധി.

സംസ്ഥാന പോലീസിലെ ഉന്നത പദവി വഹിച്ചിരുന്ന വ്യക്തിയായതിനാൽ ശിക്ഷയിൽ ഇളവ് നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ശിക്ഷാവിധിയെ തുടർന്ന് തച്ചങ്കരിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും.

വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കേസിൽ നിർണായക വിധി വന്നിരിക്കുന്നത്. 2003 മുതൽ 2007 വരെയുള്ള കാലയളവിൽ സർവീസിലിരിക്കെ തച്ചങ്കരി അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് 2007-ലാണ് കേസ് രജിസ്റ്റർ ചെയ്തത്.

വരുമാനത്തേക്കാൾ ഏകദേശം 135 ശതമാനം അധിക സ്വത്താണ് ടോമിൻ തച്ചങ്കരി സമ്പാദിച്ചതായി കണ്ടെത്തിയത്. കേസിൽ വിജിലൻസ് വിശദമായ അന്വേഷണം നടത്തുകയും 2013-ൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. തന്റെ വരവിന്റെ സ്രോതസ്സ് വ്യക്തമാക്കാൻ തച്ചങ്കരിക്ക് കഴിഞ്ഞില്ലെങ്കിലും, അദ്ദേഹത്തിന്റെ അതിരുകടന്ന ചെലവഴിക്കലുകളുടെയും ക്രമക്കേടുകളുടെയും കൃത്യമായ രേഖകൾ വിജിലൻസിന് കണ്ടെത്താനും കോടതിയിൽ ഹാജരാക്കാനും സാധിച്ചു. വിജിലൻസ് സമർപ്പിച്ച ഈ കണ്ടെത്തലുകളെല്ലാം ശരിവെച്ചുകൊണ്ടാണ് വിജിലൻസ് കോടതി ഇപ്പോൾ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

ശിക്ഷയിൽ എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ആരാഞ്ഞിരുന്നു. തനിക്ക് നെഞ്ചുവേദനയും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടെന്ന് അദ്ദേഹം കോടതിയെ അറിയിച്ചെങ്കിലും, പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. തുടർന്ന് പ്രോസിക്യൂഷൻ വാദം അംഗീകരിച്ച് കോടതി ശിക്ഷ വിധി പ്രസ്താവിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383134/disproportionate-assets-case-former-dgp-tomin-thachankary-4-years-jail-fine)