---
title: "ജില്ലയിലെ 1186 ഭക്ഷ്യ-പാനീയ സ്ഥാപനങ്ങളിൽ സംയുക്ത സ്ക്വാഡ് പരിശോധന; 84 സ്ഥാപനങ്ങൾക്ക് നോട്ടീസ്, 3 ഹോട്ടലുകൾ അടപ്പിച്ചു"
english_title: "Kannur 1186 Food Establishments Inspected 84 Notice 3 Hotels Closed Healthy Kerala Drive"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383221/kannur-1186-food-establishments-inspected-84-notice-3-hotels-closed-healthy-kerala-drive"
published_at: "2026-09-18T08:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aacad76a4b92_1000297938.jpg"
keywords: ["Kannur", "Food inspection"]
---

# ജില്ലയിലെ 1186 ഭക്ഷ്യ-പാനീയ സ്ഥാപനങ്ങളിൽ സംയുക്ത സ്ക്വാഡ് പരിശോധന; 84 സ്ഥാപനങ്ങൾക്ക് നോട്ടീസ്, 3 ഹോട്ടലുകൾ അടപ്പിച്ചു

> **Lead Summary:** **കണ്ണൂർ**: ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടത്തിവരുന്ന ഹെൽത്തി കേരള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ജില്ലയിലെ 1186 ഭക്ഷ്യ-പാനീയ വിതരണ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 100 സ്ക്വാഡുകൾ ഒറ്റ ദിവസത്തെ പരിശോധനയിൽ പങ്കെടുത്തു.

## Article Content

**കണ്ണൂർ**: ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടത്തിവരുന്ന ഹെൽത്തി കേരള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ജില്ലയിലെ 1186 ഭക്ഷ്യ-പാനീയ വിതരണ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 100 സ്ക്വാഡുകൾ ഒറ്റ ദിവസത്തെ പരിശോധനയിൽ പങ്കെടുത്തു.

ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ, ജ്യൂസ് കടകൾ, തട്ടുകടകൾ, സോഡ-സോഫ്റ്റ് ഡ്രിങ്ക്-ഐസ് ഉൽപാദക കടകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. കൊട്ടിയൂരിലെ വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടന്നു.

വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുക, ശുചിത്വമില്ലായ്മ, മലിനജലം പുറത്തേക്ക് ഒഴുക്കിവിടുക, മാലിന്യം ശരിയായി സംസ്കരിക്കാതിരിക്കുക, പകർച്ചവ്യാധി പടരുന്ന സാഹചര്യം സൃഷ്ടിക്കുക, ഹെൽത്ത് കാർഡ്, ലൈസൻസ്, ജലഗുണനിലവാര സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവർത്തിക്കുക എന്നീ ന്യൂനതകൾ കണ്ടെത്തിയ 84 കടകൾക്ക് പൊതുജനാരോഗ്യ നിയമം 2023 പ്രകാരം നോട്ടീസ് നൽകി.

തളിപ്പറമ്പ്, പേരാവൂർ, മുണ്ടേരിമൊട്ട എന്നിവിടങ്ങളിൽ ഗുണനിലവാര സർട്ടിഫിക്കറ്റോ ജീവനക്കാർക്ക് ഹെൽത്ത് കാർഡോ ഇല്ലാതെ വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച 3 ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിർദേശം നൽകി. അതോടൊപ്പം പൊതുസ്ഥലത്തെ പുകവലി നിയമലംഘനത്തിനും പുകവലി നിരോധിത ബോർഡ് സ്ഥാപിക്കാത്തതിനും 8400 രൂപ കോട്പ ആക്ട് പ്രകാരം പിഴ ഈടാക്കി.

വിവിധ കടകളുടെ വാട്ടർ ടാങ്കിന്റെ ശുചിത്വം, അതിഥി തൊഴിലാളി വിവരങ്ങൾ എന്നിവയും സംഘം പരിശോധിച്ചു. ഭക്ഷ്യ ശുചിത്വം ഉറപ്പുവരുത്താൻ തുടർന്നുള്ള ദിവസങ്ങളിൽ പരിശോധന ശക്തിപ്പെടുത്തുമെന്നും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383221/kannur-1186-food-establishments-inspected-84-notice-3-hotels-closed-healthy-kerala-drive)