---
title: "വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു; ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയർന്ന ഉപഭോഗം"
english_title: "Kerala Electricity Consumption Surges Highest This Month KSEB Power Exchange Shortage"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383292/kerala-electricity-consumption-surges-highest-this-month-kseb"
published_at: "2026-09-18T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aacf3252e69a_1000234831.jpg"
keywords: ["KSEB Power Consumption", "Electricity Shortage", "Power Exchange", "Kerala Power Crisis"]
---

# വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു; ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയർന്ന ഉപഭോഗം

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു. ഇന്നലെ നിയന്ത്രണം വേണ്ടിവന്നില്ലെങ്കിലും ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗം ആയിരുന്നു ഇന്നലെ.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു. ഇന്നലെ നിയന്ത്രണം വേണ്ടിവന്നില്ലെങ്കിലും ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗം ആയിരുന്നു ഇന്നലെ.

കെഎസ്ഇബി ചെയർമാനും ഡയറക്ടറും അടക്കമുള്ള ഉദ്യോഗസ്ഥർ മറ്റു സംസ്ഥാനങ്ങളിൽ ചർച്ചകൾ നടത്തിയെങ്കിലും വൈദ്യുതി ലഭിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. പവർ എക്സ്ചേഞ്ചിൽ നിന്നടക്കം വൈദ്യുതി ലഭിച്ചാൽ മാത്രമേ ഇന്നത്തെ നിയന്ത്രണം ഒഴിവാക്കാൻ കഴിയു.

99.87 ദശലക്ഷം യൂണിറ്റ് ആയിരുന്നു ഇന്നലെ വൈദ്യുതി ഉപയോഗം. പീക്ക് ടൈമിലെ വൈദ്യുതിയുടെ ആവശ്യകത 5305 ആയി ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗ കണക്കായിരുന്നു ഇത്. നിയന്ത്രണം ഒഴിവാക്കാൻ കഴിഞ്ഞെങ്കിലും ഇന്ന് ഭാഗിക നിയന്ത്രണം വേണ്ടി വന്നേക്കും.

900 മെഗാ വാട്ടിന്റെ കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. റിയൽ ടൈം മാർക്കറ്റിൽ നിന്ന് വൈദ്യുതി ലഭിച്ചാൽ മാത്രമേ പ്രതിസന്ധി ഒഴിവാക്കാൻ ആകൂ. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമവും ഊർജ്ജിതമായി നടക്കുന്നു.

17 ദിവസത്തിനിടെ രണ്ടാം തവണ ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ല. പവർ എക്സ്ചേഞ്ചിൽ നിന്ന് കേരളത്തിന് അർഹമായ വൈദ്യുതി ലഭിച്ചത് നിയന്ത്രണം ഒഴിവാക്കാൻ കാരണമായി. അയൽ സംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്നാട്ടിലും വൈദ്യുതി ഉപഭോഗത്തിൽ കാര്യമായ കുറവും ഉണ്ടായി.

ചെയർമാനും ഡയറക്ടറും അടക്കമുള്ളവർ വിവിധ സംസ്ഥാനങ്ങളിൽ ചർച്ച നടത്തിയെങ്കിലും ഉടൻ വൈദ്യുതി എത്തിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡുമായി കെഎസ്ഇബി കരാർ ഒപ്പിട്ടെങ്കിലും 2028 മുതൽ മാത്രമേ വൈദ്യുതി ലഭിച്ചു തുടങ്ങു. ആറുരൂപ നിരക്കിൽ പീക്ക് ടൈമിൽ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്ന 25 വർഷത്തേക്കുള്ള കരാറാണ് ഒപ്പിട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383292/kerala-electricity-consumption-surges-highest-this-month-kseb)