---
title: "ഇരിക്കൂർ നിയോജകമണ്ഡലത്തിലെ കാലാങ്കി ഏകാധ്യാപക വിദ്യാലയം എൽപി സ്കൂളായി അപ്ഗ്രേഡ് ചെയ്തു"
english_title: "Kalanki Single Teacher School MGLC Upgraded To LP School Irikkur Sajeev Joseph MLA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383293/kalanki-single-teacher-school-upgraded-lp-school-irikkur-mla-sajeev-joseph"
published_at: "2026-09-18T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aacf75872674_1000234842.jpg"
keywords: ["Kalanki MGLC", "LP School Upgrade", "Irikkur Constituency", "Sajeev Joseph MLA"]
---

# ഇരിക്കൂർ നിയോജകമണ്ഡലത്തിലെ കാലാങ്കി ഏകാധ്യാപക വിദ്യാലയം എൽപി സ്കൂളായി അപ്ഗ്രേഡ് ചെയ്തു

> **Lead Summary:** **കണ്ണൂർ: **ഇരിക്കൂർ നിയോജകമണ്ഡലത്തിലെ കാലാങ്കി ഏകാധ്യാപക വിദ്യാലയം (എംജിഎൽസി) എൽപി സ്കൂളായി അപ്ഗ്രേഡ് ചെയ്തതായി അഡ്വ. സജീവ് ജോസഫ് എംഎൽഎ അറിയിച്ചു.

## Article Content

**കണ്ണൂർ: **ഇരിക്കൂർ നിയോജകമണ്ഡലത്തിലെ കാലാങ്കി ഏകാധ്യാപക വിദ്യാലയം (എംജിഎൽസി) എൽപി സ്കൂളായി അപ്ഗ്രേഡ് ചെയ്തതായി അഡ്വ. സജീവ് ജോസഫ് എംഎൽഎ അറിയിച്ചു.

കാലാങ്കിയിലെയും സമീപ പ്രദേശങ്ങളിലെയും കുട്ടികൾക്ക് ഗുണമേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസം പ്രാദേശികമായി തന്നെ ലഭ്യമാക്കുന്നതിന് ഈ തീരുമാനം സഹായകരമാകും. നിലവിൽ എംജിഎൽസിയിൽ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്കും പ്രദേശത്തെ മറ്റു കുട്ടികൾക്കും കൂടുതൽ സ്ഥിരതയുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള അവസരമാണ് സ്കൂൾ അപ്ഗ്രഡേഷനിലൂടെ ലഭ്യമാകുന്നത്. ഇത് വിദ്യാഭ്യാസ മേഖലയിൽ സുപ്രധാന നേട്ടമാണെന്നും അഡ്വ. സജീവ് ജോസഫ് എംഎൽഎ പറഞ്ഞു.

പ്രദേശത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾ പരിഗണിച്ച് എംജിഎൽസി എൽപി സ്കൂളായി ഉയർത്തണമെന്ന ആവശ്യം വിവിധ ഘട്ടങ്ങളിൽ ഉന്നയിക്കപ്പെട്ടിരുന്നു. ഇതിന് അംഗീകാരം ലഭിച്ചതോടെ കാലാങ്കിയുടെ വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക പ്രവർത്തനങ്ങളും കൂടുതൽ ശക്തിപ്പെടും.

കുട്ടികളുടെ വിദ്യാഭ്യാസ അവകാശവും പഠനസൗകര്യങ്ങളും ഉറപ്പാക്കുന്നതിനൊപ്പം ഗ്രാമീണ മേഖലയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയർത്തുന്നതും പ്രധാന ലക്ഷ്യമാണെന്ന് അഡ്വ. സജീവ് ജോസഫ് എംഎൽഎ പറഞ്ഞു.

വിദ്യാലയം നിർത്തലാക്കാനുള്ള നീക്കം ഉണ്ടായതിനെ തുടർന്ന് രക്ഷിതാക്കളും കുട്ടികളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിദ്യാലയം നിലനിർത്തണമെന്ന ആവശ്യം ഉന്നയിച്ച് നിരന്തരമായി നടത്തിയ ജനകീയ ഇടപെടലുകളുടെയും പ്രതിഷേധങ്ങളുമുണ്ടായി.

ഈ വിഷയം നിരവധി തവണ എംഎൽഎ നിയമസഭയിലും വിദ്യാഭ്യാസ മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിന്റെയെല്ലാം ഫലമായാണ് ഇപ്പോൾ ഈ നേട്ടം കൈവരിക്കാനായതെന്ന് എംഎൽഎ പറഞ്ഞു.

കാലാങ്കി എംജിഎൽസി എൽപി സ്കൂളായി ഉയർത്തിയ നടപടി പ്രദേശത്തെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുവിദ്യാഭ്യാസ മേഖലയ്ക്കും ഏറെ പ്രയോജനകരമായിരിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383293/kalanki-single-teacher-school-upgraded-lp-school-irikkur-mla-sajeev-joseph)