---
title: "ജനന-മരണ രജിസ്ട്രേഷൻ വൈകിയാൽ ഇനി നടപടി കടുക്കും; ഭേദഗതി നിയമം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ"
english_title: "Birth Death Registration Amendment Law From October 1 Penalty Magistrate Approval Delay"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383294/birth-death-registration-delay-penalty-amendment-law-october-1-effective"
published_at: "2026-09-18T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aacf8e57d97b_1000234840.jpg"
keywords: ["Birth Death Registration", "Amendment Law", "Registration Penalty", "Birth Certificate"]
---

# ജനന-മരണ രജിസ്ട്രേഷൻ വൈകിയാൽ ഇനി നടപടി കടുക്കും; ഭേദഗതി നിയമം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ

> **Lead Summary:** **ന്യൂഡൽഹി: **ജനനവും മരണവും സമയബന്ധിതമായി രജിസ്റ്റർ ചെയ്തില്ലെങ്കിൽ കടുത്ത നടപടികൾ നിർദ്ദേശിക്കുന്ന പുതിയ നിയമഭേദഗതി ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. സമയപരിധി കഴിഞ്ഞ് രജിസ്റ്റർ ചെയ്യുന്നതിന് പിഴയും ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ അനുമതിയും ഉൾപ്പെടെയുള്ള കർശന വ്യവസ്ഥകളാണ് പുതിയ നിയമത്തിലുള്ളത്.

## Article Content

**ന്യൂഡൽഹി: **ജനനവും മരണവും സമയബന്ധിതമായി രജിസ്റ്റർ ചെയ്തില്ലെങ്കിൽ കടുത്ത നടപടികൾ നിർദ്ദേശിക്കുന്ന പുതിയ നിയമഭേദഗതി ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. സമയപരിധി കഴിഞ്ഞ് രജിസ്റ്റർ ചെയ്യുന്നതിന് പിഴയും ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ അനുമതിയും ഉൾപ്പെടെയുള്ള കർശന വ്യവസ്ഥകളാണ് പുതിയ നിയമത്തിലുള്ളത്.

പാർലമെന്റിന്റെ വർഷകാല സമ്മേളനം പാസാക്കിയ ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചതിനെ തുടർന്ന് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.

ജനന-മരണ രജിസ്ട്രേഷൻ കൃത്യസമയത്ത് നടത്തേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ ഉത്തരവ്. സ്കൂൾ പ്രവേശനം, വോട്ടർ പട്ടികയിൽ പേരുചേർക്കൽ തുടങ്ങി എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും പ്രായവും ജനനസ്ഥലവും തെളിയിക്കാനുള്ള പ്രധാന രേഖയായി ജനന സർട്ടിഫിക്കറ്റ് മാറും. ഇതിനൊപ്പം സർട്ടിഫിക്കറ്റുകൾ ഡിജിറ്റലാക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

*പുതിയ സമയപരിധികളും നിബന്ധനകളും:*

*21 ദിവസത്തിനുള്ളിൽ:* യാതൊരുവിധ ഫീസോ പിഴയോ ഇല്ലാതെ സൗജന്യമായി രജിസ്റ്റർ ചെയ്യാം.

*21 മുതൽ 30 ദിവസം വരെ:* നിശ്ചിത ഫീസ് അടച്ച് രജിസ്ട്രാറുടെ അടുത്ത് രജിസ്ട്രേഷൻ നടത്താം.

*1 മാസം മുതൽ 1 വർഷം വരെ:* ജില്ലാ രജിസ്ട്രാറുടെയോ സർക്കാർ നിർദ്ദേശിക്കുന്ന മറ്റ് അധികാരികളുടെയോ പ്രത്യേക അനുമതിയും ഇവർ നിശ്ചയിക്കുന്ന പിഴയും അടയ്ക്കണം.

*1 വർഷം മുതൽ 2 വർഷം വരെ:* ജില്ലാ മജിസ്ട്രേറ്റിന്റെയോ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെയോ അനുമതിയും പിഴയും അടച്ചാൽ മാത്രമേ രജിസ്ട്രേഷൻ സാധ്യമാകൂ.

*2 വർഷത്തിന് ശേഷം:* ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ അനുമതി പത്രവും പിഴയും നിർബന്ധമാണ്.

കൃത്യസമയത്ത് രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത പക്ഷം തുടർനടപടികൾ സങ്കീർണ്ണമാകുമെന്നതിനാൽ പൊതുജനങ്ങൾ നിർദ്ദിഷ്ട സമയത്തിനുള്ളിൽ തന്നെ നടപടികൾ പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383294/birth-death-registration-delay-penalty-amendment-law-october-1-effective)