---
title: "ഇല്ലാത്ത വീടിന് വെൽഫെയർ സെസ്; നീതിതേടി അടക്കാത്തോട്ടിലെ കർഷകൻ"
english_title: "Welfare Cess Notice For Non Existent House Farmer Seeks Justice Adakkathode Kelakam Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383309/welfare-cess-non-existent-house-farmer-seeks-justice-adakkathode-kelakam"
published_at: "2026-09-18T16:06:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aad14b1db436_1000234897.jpg"
keywords: ["Welfare Cess", "Adakkathode Kelakam", "Assessment Notice", "Labour Office Kannur"]
---

# ഇല്ലാത്ത വീടിന് വെൽഫെയർ സെസ്; നീതിതേടി അടക്കാത്തോട്ടിലെ കർഷകൻ

> **Lead Summary:** **കേളകം: **നിർമിച്ചിട്ടില്ലാത്ത വീടിന്റെ പേരിൽ പതിമൂവായിരത്തിലധികം രൂപ വെൽഫെയർ സെസ് അടയ്ക്കണമെന്നാവശ്യപ്പെട്ട് ലേബർ ഓഫീസിൽ നിന്ന് നോട്ടീസ് ലഭിച്ചതിനെ തുടർന്ന് നീതിതേടി വയോധികനായ കർഷകൻ. കേളകം അടക്കാത്തോട് സ്വദേശി ചാക്കോ കച്ചിറയിലാണ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ ജില്ലാ ലേബർ ഓഫീസർക്ക് പരാതി നൽകിയത്.

## Article Content

**കേളകം: **നിർമിച്ചിട്ടില്ലാത്ത വീടിന്റെ പേരിൽ പതിമൂവായിരത്തിലധികം രൂപ വെൽഫെയർ സെസ് അടയ്ക്കണമെന്നാവശ്യപ്പെട്ട് ലേബർ ഓഫീസിൽ നിന്ന് നോട്ടീസ് ലഭിച്ചതിനെ തുടർന്ന് നീതിതേടി വയോധികനായ കർഷകൻ. കേളകം അടക്കാത്തോട് സ്വദേശി ചാക്കോ കച്ചിറയിലാണ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ ജില്ലാ ലേബർ ഓഫീസർക്ക് പരാതി നൽകിയത്.

170.35 ചതുരശ്ര മീറ്റർ പ്ലിന്ത് ഏരിയയുള്ള കെട്ടിടം നിർമിച്ചതായി കാട്ടിയാണ് ചാക്കോയ്ക്ക് അസസ്‌മെന്റ് നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ ഇത്തരമൊരു വീട് താൻ നിർമിച്ചിട്ടില്ലെന്നും നിലവിലില്ലാത്ത കെട്ടിടത്തിന്റെ പേരിൽ വെൽഫെയർ സെസ് അടയ്ക്കേണ്ട സാഹചര്യമില്ലെന്നും ചാക്കോ പരാതിയിൽ പറയുന്നു.

E5-5535/16/IRTY നമ്പരിലുള്ള അസസ്‌മെന്റ് നോട്ടീസ് 2025 മാർച്ച് 6-നാണ് അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ്-1 നൽകിയിരിക്കുന്നത്. 1996-ലെ ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ സെസ് നിയമപ്രകാരം നിർമാണച്ചെലവിന്റെ ഒരു ശതമാനം സെസ്സായി അടയ്ക്കണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കുന്നത്.

ഓഫീസിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 170.35 ചതുരശ്ര മീറ്റർ പ്ലിന്ത് ഏരിയയുള്ള കെട്ടിടത്തിന് 13,28,730 രൂപ നിർമാണച്ചെലവ് കണക്കാക്കിയതായും, അതിന്റെ ഒരു ശതമാനമായ 13,287 രൂപ സെസ്സായും 133 രൂപ സർവീസ് ചാർജായും നിശ്ചയിച്ചതായി നോട്ടീസിൽ പറയുന്നു. ഇതിൽ 13,154 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സെക്രട്ടറി, ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ്, തിരുവനന്തപുരം എന്ന പേരിൽ സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

എന്നാൽ കേളകം വില്ലേജിൽ വിവിധ സർവേ നമ്പറുകളിലായി തനിക്കുള്ള 0.3022 ഹെക്ടർ സ്ഥലങ്ങളിലൊന്നിലും ഇത്തരമൊരു കെട്ടിടം നിർമിച്ചിട്ടില്ലെന്ന് ചാക്കോ പറയുന്നു. നോട്ടീസിൽ കെട്ടിടം സ്ഥിതി ചെയ്യുന്ന സർവേ നമ്പർ പോലും വ്യക്തമാക്കിയിട്ടില്ലെന്നും പരാതിയിലുണ്ട്.

ഇപ്പോൾ കുടുംബത്തോടൊപ്പം താമസിക്കുന്നത് അഞ്ചാം വാർഡിൽ ഭാര്യ ഏലിക്കുട്ടിയുടെ പേരിലുള്ള 155.83 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ആറുവർഷം പഴക്കമുള്ള വീട്ടിലാണ്. ഇതാണ് തങ്ങളുടെ ഏക താമസസ്ഥലമെന്നും ചാക്കോ പറയുന്നു.

2017-ൽ മരിച്ച പിതാവ് ചാക്കോ അഞ്ചാം വാർഡിലുണ്ടായിരുന്ന പഴയ വീട് മറ്റൊരാൾക്ക് വിറ്റിരുന്നതായും പരാതിയിൽ പറയുന്നു. വില്ലേജ് ഓഫീസിൽ ഒറ്റത്തവണ നികുതി അടച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് തെറ്റായ അസസ്‌മെന്റ് വന്നതെങ്കിൽ, അത് മുൻ ഉടമയുടെ കെട്ടിടവുമായി ബന്ധപ്പെട്ടതാകാമെന്നാണ് ചാക്കോയുടെ സംശയം.

ഇക്കാര്യങ്ങൾ പരിശോധിക്കാതെയാണ് തനിക്ക് സെസ് അടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയതെന്നും അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിലവിലില്ലാത്ത കെട്ടിടത്തിന്റെ പേരിൽ ചുമത്തിയ അസസ്‌മെന്റ് വിശദമായി പരിശോധിച്ച് യഥാർഥ ഉടമയെ കണ്ടെത്തുകയും, തെറ്റായി ചുമത്തിയ വെൽഫെയർ സെസ് പൂർണമായും ഒഴിവാക്കുകയും ചെയ്യണമെന്നാണ് ചാക്കോയുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383309/welfare-cess-non-existent-house-farmer-seeks-justice-adakkathode-kelakam)