---
title: "ഓപ്പറേഷൻ തൂഫാൻ ഇനി വാർഡുകളിലേക്ക്; ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചതായി മന്ത്രി രമേശ് ചെന്നിത്തല"
english_title: "Operation Toofan Second Phase Anti Narcotic Investigation Team Ramesh Chennithala Ward Level Committees"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383390/operation-toofan-second-phase-anti-narcotic-investigation-team-ramesh-chennithala-ward-level-committees"
published_at: "2026-09-19T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae1969b6e26_1000298237.jpg"
keywords: ["Remeshchennithala", "Operation thoofan"]
---

# ഓപ്പറേഷൻ തൂഫാൻ ഇനി വാർഡുകളിലേക്ക്; ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചതായി മന്ത്രി രമേശ് ചെന്നിത്തല

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ആദ്യ പടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചു. ഉയർന്ന മൂല്യമുള്ളതും അന്തർസംസ്ഥാന, അന്താരാഷ്ട്ര ബന്ധങ്ങളുള്ളതുമായ മയക്കുമരുന്ന് കള്ളക്കടത്ത് കേസുകളുടെ അന്വേഷണം ലക്ഷ്യമിട്ട് രൂപീകരിച്ച ടീമിന്റെ പ്രവർത്തനം ഇന്നലെ മുതൽ (സെപ്റ്റംബർ 18) ആരംഭിച്ചതായും മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ആദ്യ പടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചു. ഉയർന്ന മൂല്യമുള്ളതും അന്തർസംസ്ഥാന, അന്താരാഷ്ട്ര ബന്ധങ്ങളുള്ളതുമായ മയക്കുമരുന്ന് കള്ളക്കടത്ത് കേസുകളുടെ അന്വേഷണം ലക്ഷ്യമിട്ട് രൂപീകരിച്ച ടീമിന്റെ പ്രവർത്തനം ഇന്നലെ മുതൽ (സെപ്റ്റംബർ 18) ആരംഭിച്ചതായും മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് തൂഫാൻ ജനജാഗ്രതാ സമിതികൾ രൂപീകരിക്കുകയാണ്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വാർഡ് തലങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

തൂഫാൻ ജനജാഗ്രതാ സമിതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 28ന് മലപ്പുറം വേങ്ങരയിൽ മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും. വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, കുടുംബശ്രീ, ആശാപ്രവർത്തകർ, ഹരിതകർമ സേന, യുവജനസംഘടനകൾ എന്നിവർ നേതൃത്വം നൽകുന്നതായിരിക്കും തൂഫാൻ ജനജാഗ്രതാ സമിതികൾ.

പുനരധിവാസ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിയുള്ള പ്രവർത്തനങ്ങളായിരിക്കും രണ്ടാംഘട്ടത്തിൽ നടപ്പിലാക്കുക. ആരോഗ്യവകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന തൂഫാൻ കെയറിൽ സംസ്ഥാനത്തെ 35 ഓളം പ്രധാനപ്പെട്ട ആശുപത്രികൾ പങ്കാളികളാകാൻ സന്നദ്ധരായി മുന്നോട്ടുവന്നിട്ടുണ്ട്. ഐ.എം.എയുമായി ചേർന്ന് തൂഫാൻ റീഹാബിലിറ്റേഷൻ പ്രോട്ടോക്കോൾ നടപ്പിലാക്കും. ലഹരിയുടെ കെണിയിൽ അകപ്പെട്ട് പോയവർക്ക് തുറന്നു സംസാരിക്കാൻ തൂഫാൻ ആപ്പ് നിലവിൽ വരും. അമൃത യൂണിവേഴ്സിറ്റി ഐ.ടി വിഭാഗമാണ് ഇതിനായുള്ള സാങ്കേതിക സഹായം നൽകുന്നത്.

ലഹരി വിതരണത്തിന്റെ തോത് കുറച്ചതിനൊപ്പം ഡിമാൻഡ് കുറയ്ക്കുകയാണ് അടുത്ത ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ഓപ്പറേഷൻ തൂഫാനിലൂടെ സംസ്ഥാനത്തേക്കുള്ള ലഹരി വിതരണത്തിൽ 20 മുതൽ 30 ശതമാനം വരെ കുറവ് വന്നിട്ടുണ്ടെന്നും തൂഫാന്റെ പ്രവർത്തനങ്ങൾ ഇപ്പോൾ വിതരണക്കാരിൽ നിന്ന് സോഴ്സുകളിലേക്ക് എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തൂഫാൻ നോഡൽ ഓഫീസറും നോർത്ത് ഐ.ജിയുമായ പുട്ട വിമലാദിത്യ നേതൃത്വം നൽകുന്ന ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീമിന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് യൂണിറ്റുകളാണ് രൂപീകരിച്ചിട്ടുള്ളത്. ഓരോ യൂണിറ്റിലും ഒരു ഡിവൈ.എസ്.പി, രണ്ട് സി.ഐമാർ, രണ്ട് എസ്.ഐമാർ, എ.എസ്.ഐമാർ ഉൾപ്പെടെ 10 സി.പി.ഒ, എസ്.സി.പി.ഒമാർ അടങ്ങുന്ന പോലീസ് ഉദ്യോഗസ്ഥരുണ്ടാകും.

മലപ്പുറത്തെ എം.ഡി.എം.എ കേസിൽ പ്രധാനപ്പെട്ട നാല് കണ്ണികളെ അന്വേഷണ സംഘം പിടികൂടിയിട്ടുണ്ട്. ചെന്നൈയിലും ബിഹാറിലുമുള്ള ഒളിത്താവളങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കേസിൽ ഇതുവരെ 13 പേർ അറസ്റ്റിലായിട്ടുണ്ട്. ലഹരി വാങ്ങുന്നതിനായി പ്രതികൾക്ക് സാമ്പത്തിക സഹായം നൽകുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383390/operation-toofan-second-phase-anti-narcotic-investigation-team-ramesh-chennithala-ward-level-committees)