---
title: "കൊട്ടിയൂർ ആയില്യാർ കാവിലെ അനധികൃത മരംമുറി: സമഗ്ര അന്വേഷണം വേണമെന്ന് കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്തസംഘം"
english_title: "Illegal Tree Felling in Kottiyoor Ayilyar Kavu: Neyyamruth Devotees Protest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383414/illegal-tree-felling-kottiyoor-ayilyar-kavu-neyyamruth-devotees-protest"
published_at: "2026-09-19T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae36b6df932_A_News_photo_19.jpg"
keywords: ["Ayilyar Kavu", "Neyyamruth Bhaktha Sangham", "Kottiyoor Temple"]
---

# കൊട്ടിയൂർ ആയില്യാർ കാവിലെ അനധികൃത മരംമുറി: സമഗ്ര അന്വേഷണം വേണമെന്ന് കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്തസംഘം

> **Lead Summary:** കൊട്ടിയൂർ: ഇക്കരെ കൊട്ടിയൂരിലെ അതീവ പവിത്രവും സംരക്ഷിതവുമായ ആയില്യാർ കാവിൽ അതിക്രമിച്ച് കടന്ന് അമൂല്യമായ മരങ്ങൾ മുറിച്ചുമാറ്റിയ നടപടിയിൽ ശ്രീ കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്തസംഘം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വർഷത്തിൽ രണ്ടുതവണ മാത്രം താന്ത്രിക കർമ്മങ്ങൾക്കായി മനുഷ്യപ്രവേശം അനുവദനീയമായ വിശുദ്ധ വനഭൂമിയിലാണ് കച്ചവട താത്പര്യത്തോടെ മരംകൊള്ള നടന്നിരിക്കുന്നത്. സംഭവം കടുത്ത ആചാരലംഘനവും വിശ്വാസികളോടുള്ള വെല്ലുവിളിയുമാണെന്ന് ഭക്തസംഘം അറിയിച്ചു.

## Article Content

കൊട്ടിയൂർ: ഇക്കരെ കൊട്ടിയൂരിലെ അതീവ പവിത്രവും സംരക്ഷിതവുമായ ആയില്യാർ കാവിൽ അതിക്രമിച്ച് കടന്ന് അമൂല്യമായ മരങ്ങൾ മുറിച്ചുമാറ്റിയ നടപടിയിൽ ശ്രീ കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്തസംഘം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വർഷത്തിൽ രണ്ടുതവണ മാത്രം താന്ത്രിക കർമ്മങ്ങൾക്കായി മനുഷ്യപ്രവേശം അനുവദനീയമായ വിശുദ്ധ വനഭൂമിയിലാണ് കച്ചവട താത്പര്യത്തോടെ മരംകൊള്ള നടന്നിരിക്കുന്നത്. സംഭവം കടുത്ത ആചാരലംഘനവും വിശ്വാസികളോടുള്ള വെല്ലുവിളിയുമാണെന്ന് ഭക്തസംഘം അറിയിച്ചു.

മരംമുറിയുമായി ബന്ധപ്പെട്ട് ചേർന്ന അടിയന്തര യോഗത്തിൽ ഭക്തസംഘം പ്രസിഡന്റ് വി.സി. ശശീന്ദ്രൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. പി.വി. മാധവൻ നമ്പ്യാർ, എം.ആർ. രജീഷ്, ഇ.വി. മാധവക്കുറുപ്പ് എന്നിവർ യോഗത്തിൽ സംസാരിച്ചു. ആചാരലംഘനത്തിനും കൊള്ളയ്ക്കും പിന്നിൽ പ്രവർത്തിച്ചവരെ എത്രയും വേഗം കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് യോഗം അധികാരികളോട് ആവശ്യപ്പെട്ടു.

ആയിരം വില്ലുകൾ കാവൽ നിൽക്കുന്ന നിഗൂഢ കാവ്:- ദക്ഷിണ കാശി എന്നറിയപ്പെടുന്ന കൊട്ടിയൂരിലെ ഇക്കരെ ക്ഷേത്രത്തോട് ചേർന്നാണ് ഏക്കറുകളോളം പടർന്നുകിടക്കുന്ന നിബിഡ വനമായ ആയില്യാർ കാവ് സ്ഥിതി ചെയ്യുന്നത്. ദക്ഷയാഗത്തിന് പുറപ്പെട്ട സതീദേവിയുടെ സംരക്ഷണത്തിനായി മഹാദേവൻ അയച്ച ഭൂതഗണങ്ങൾ വില്ലുവെച്ച് വിശ്രമിച്ച ഇടമെന്നാണ് ഐതിഹ്യം.

ജൈവവൈവിധ്യത്തിന്റെ കലവറയായ ഈ കാവിൽ വൈശാഖ മഹോത്സവവുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മാത്രമാണ് അവകാശികൾക്ക് പോലും പ്രവേശനം അനുവദിച്ചിട്ടുള്ളത്. അതി വിശിഷ്ടമായ 'അപ്പട'യാണ് ഇവിടുത്തെ നിവേദ്യം. ഇവിടെനിന്ന് പ്രസാദമായി ലഭിക്കുന്ന 'അപ്പട'യുമായി ബന്ധപ്പെട്ടും നിരവധി വിശ്വാസങ്ങളാണ് നിലനിൽക്കുന്നത്.

ക്ഷേത്ര ആചാര്യന്മാർക്കോ പാരമ്പര്യ അവകാശികൾക്കോ ഈ പ്രസാദം കഴിക്കുമ്പോൾ കയ്പുരസം തോന്നിയാൽ, ഒരു വർഷത്തിനകം മരണം സംഭവിക്കുമെന്നും അത് ഒരു സൂചനയായി കണ്ട് താന്ത്രികവിദ്യകൾ അടുത്ത തലമുറയ്ക്ക് കൈമാറണമെന്നതാണ് ഇവിടുത്തെ വിശ്വാസം. ഇത്രയേറെ ആചാരപരമായ നിഷ്കർഷകളും ഐതിഹ്യപ്പെരുമയുമുള്ള ആയില്യാർ കാവ് സംരക്ഷിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നെയ്യമൃത് ഭക്തസംഘം ആവശ്യപ്പെടുന്നത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383414/illegal-tree-felling-kottiyoor-ayilyar-kavu-neyyamruth-devotees-protest)