---
title: "നിരോധിത പുകയില ഉത്പന്നങ്ങൾ മോഷ്ടിച്ച കേസ്: ഒളിവിലായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ പിടിയിൽ"
english_title: "Sulthan Bathery Police Station Tobacco Theft: Absconding Cop Sabith Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383544/sulthan-bathery-police-station-tobacco-theft-cop-sabith-arrested-kalamassery"
published_at: "2026-09-20T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaf8902dff4a_image_(20).png"
keywords: ["Sulthan Bathery Police Station", "Wayanad Crime News"]
---

# നിരോധിത പുകയില ഉത്പന്നങ്ങൾ മോഷ്ടിച്ച കേസ്: ഒളിവിലായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ പിടിയിൽ

> **Lead Summary:** വയനാട് സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ മോഷ്ടിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പോലീസുകാരൻ പിടിയിലായി. സുൽത്താൻ ബത്തേരി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ടി. സാബിത്തിനെ എറണാകുളം കളമശ്ശേരിയിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇയാൾ സഞ്ചരിച്ചിരുന്ന കാർ നേരത്തെ കോഴിക്കോട്ടുനിന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കാൻ രൂപീകരിച്ച പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.

## Article Content

വയനാട് സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ മോഷ്ടിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പോലീസുകാരൻ പിടിയിലായി. സുൽത്താൻ ബത്തേരി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ടി. സാബിത്തിനെ എറണാകുളം കളമശ്ശേരിയിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇയാൾ സഞ്ചരിച്ചിരുന്ന കാർ നേരത്തെ കോഴിക്കോട്ടുനിന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കാൻ രൂപീകരിച്ച പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ജൂണിൽ പോലീസ് പിടികൂടി ബത്തേരി സ്റ്റേഷനിലെ പ്രോപ്പർട്ടി റൂമിൽ സൂക്ഷിച്ചിരുന്ന ഏഴു ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ സാബിത്ത് മോഷ്ടിച്ചു കടത്തിക്കൊണ്ടുപോയി എന്നാണ് കേസ്. സെപ്റ്റംബർ 10-ന് സ്റ്റേഷനിലെ പ്രോപ്പർട്ടി റൂം വൃത്തിയാക്കാനായി തുറന്നപ്പോഴാണ് തൊണ്ടിമുതൽ നഷ്ടപ്പെട്ട വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചപ്പോഴാണ് തൊണ്ടിമുതൽ മോഷ്ടിക്കപ്പെട്ടതായി സ്ഥിരീകരിച്ചത്.

സ്റ്റേഷനിലെ റൈറ്ററുടെ മേശപ്പുറത്തിരുന്ന താക്കോൽ കൈക്കലാക്കി സാബിത്ത് മുറി തുറക്കുകയും, ചാക്കുകെട്ടുകൾ സ്വന്തം വാഹനത്തിലേക്ക് മാറ്റുകയും ചെയ്തുവെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. തനിക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചതായി വ്യക്തമായതോടെ സാബിത്ത് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സെപ്റ്റംബർ 12 മുതൽ ഒളിവിൽ പോവുകയായിരുന്നു. സംഭവത്തിൽ സുൽത്താൻ ബത്തേരി ഡിവൈഎസ്പി അബ്ദുൾ കരീം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വയനാട് ജില്ലാ പോലീസ് മേധാവി ദേവമനോഹർ സാബിത്തിനെ നേരത്തെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ വിശദമായ തുടർനടപടികൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383544/sulthan-bathery-police-station-tobacco-theft-cop-sabith-arrested-kalamassery)