---
title: "മാസപ്പടി കേസിൽ പിണറായി വിജയനെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാൻ: പി. ജയരാജൻ"
english_title: "P Jayarajan on ED Targeting Pinarayi Vijayan in Masappadi Case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383567/p-jayarajan-reaction-ed-masappadi-case-pinarayi-vijayan-kannur"
published_at: "2026-09-20T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aafc3eb5bfd5_763895371_2599881313778146_461387069063685881_n.png"
keywords: ["P Jayarajan", "Masappadi Case", "CPM Kerala", "Kannur Politics"]
---

# മാസപ്പടി കേസിൽ പിണറായി വിജയനെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാൻ: പി. ജയരാജൻ

> **Lead Summary:** കണ്ണൂർ: മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ലക്ഷ്യമിടുന്നത് സിപിഎമ്മിനെ തകർക്കുക എന്ന ഉദ്ദേശത്തോടെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജൻസിയായ ഇ.ഡിയുടെ നീക്കങ്ങളെ പാർട്ടിയും മുന്നണിയും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

കണ്ണൂർ: മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ലക്ഷ്യമിടുന്നത് സിപിഎമ്മിനെ തകർക്കുക എന്ന ഉദ്ദേശത്തോടെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജൻസിയായ ഇ.ഡിയുടെ നീക്കങ്ങളെ പാർട്ടിയും മുന്നണിയും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് അധികാരത്തിൽ വന്നതോടെ ഏറ്റവും കൂടുതൽ ആഹ്ലാദിക്കുന്നത് ആർഎസ്എസ് ആണെന്ന് അദ്ദേഹം വിമർശിച്ചു. ചരിത്രത്തിൽ ആദ്യമായി മൂന്ന് സീറ്റ് ബിജെപിക്ക് ലഭിച്ച സാഹചര്യമാണുള്ളതെന്നും പശ്ചിമ ബംഗാളിന് പിന്നാലെ കേരളത്തിലും അധികാരം പിടിച്ചെടുക്കാമെന്നാണ് അവരുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കേരളം കീഴടക്കണമെങ്കിൽ സിപിഎമ്മിനെ ഇല്ലാതാക്കണമെന്ന തിരിച്ചറിവിന്റെ ഭാഗമായാണ് ഇ.ഡി കേരളത്തിലേക്ക് എത്തിയിരിക്കുന്നതെന്നും, പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും കേസിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. ഇ.ഡിയുടെ ഈ നീക്കങ്ങളിൽ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നിന്ന് മാറിയ വി.ഡി. സതീശൻ സന്തോഷം കൊള്ളുകയാണെന്നും ജയരാജൻ കുറ്റപ്പെടുത്തി.

പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ തോൽവിയെക്കുറിച്ച് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി കൃത്യമായി വിലയിരുത്തിയിട്ടുണ്ടെന്ന് ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. തെറ്റിദ്ധരിക്കപ്പെട്ട ആളുകളെ പാർട്ടിയുടെ ശരിയായ രാഷ്ട്രീയ ധാരണയ്ക്ക് ഒപ്പം കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ നടത്തും. സിപിഎമ്മിനകത്ത് എന്തെങ്കിലും തരത്തിലുള്ള ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ അവ പരിഹരിക്കാനും തിരുത്താനുമുള്ള ഉൾക്കരുത്ത് പാർട്ടിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383567/p-jayarajan-reaction-ed-masappadi-case-pinarayi-vijayan-kannur)