---
title: "ഇടുക്കി ജില്ലയിൽ ശക്തമായ മഴ തുടരുന്നു; ഹൈറേഞ്ചിൽ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ"
english_title: "Heavy Rain Idukki district Vattavada Landslide Damage Orange Alert Kerala Weather Update"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383593/heavy-rain-idukki-district-vattavada-landslide-damage-orange-alert-kerala-weather-update"
published_at: "2026-09-21T08:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab09a7982b66_images_(1).jpeg"
keywords: ["Idukki", "Rain"]
---

# ഇടുക്കി ജില്ലയിൽ ശക്തമായ മഴ തുടരുന്നു; ഹൈറേഞ്ചിൽ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ

> **Lead Summary:** **ഇടുക്കി**: ഇടുക്കി ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ആരംഭിച്ച മഴ ഹൈറേഞ്ചിൽ വിവിധയിടങ്ങളിൽ നാശം വിതച്ചു.

## Article Content

**ഇടുക്കി**: ഇടുക്കി ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ആരംഭിച്ച മഴ ഹൈറേഞ്ചിൽ വിവിധയിടങ്ങളിൽ നാശം വിതച്ചു.

വട്ടവട കോട്ടക്കമ്പൂരിൽ മണ്ണിടിഞ്ഞു വീണ് രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. കോട്ടക്കമ്പൂരിൽ ഉണ്ടായ കനത്ത മഴയിൽ പാലം ഒലിച്ച് പോയതിനെ തുടർന്ന് 30 ഓളം കുടുംബങ്ങളും നിരവധി വിനോദസഞ്ചാരികളും ഒറ്റപ്പെട്ടു.

അടിമാലി പഴംമ്പള്ളിചാലിൽ ഉരുൾപൊട്ടി ആൾതാമസം ഇല്ലാത്ത വീട് ഒലിച്ചുപോയി. സമീപത്തുള്ള മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതായാണ് വിവരം.

ദേശീയപാത 85ൽ ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം മണ്ണിടിഞ്ഞുവീണു. ജില്ലയിൽ നിലവിൽ ഓറഞ്ച് അലേർട്ടാണ് നൽകിയിരിക്കുന്നത്. ജില്ലയിൽ വിനോദസഞ്ചാരത്തിനും നിയന്ത്രണമുണ്ട്.

അതേസമയം സംസ്ഥാനത്ത് മഴ ദുർബലമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. എങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

കാറ്റിന്റെ വേഗത കൂടാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലയ്ക്കും തീരദേശമേഖലയ്ക്കും പ്രത്യേക ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. നാളെയും മറ്റന്നാളും സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല.

എന്നാൽ ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383593/heavy-rain-idukki-district-vattavada-landslide-damage-orange-alert-kerala-weather-update)