---
title: "ആറുമാസം തുടർച്ചയായി റേഷൻ വാങ്ങാത്ത കാർഡുകൾ ഡീആക്ടിവേറ്റ് ചെയ്യും: പൊതുവിതരണ വകുപ്പ്"
english_title: "Silent Ration Cards in Kerala to be Deactivated After Six Months"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383687/kerala-ration-cards-inactive-six-months-deactivation-smart-pds"
published_at: "2026-09-21T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab114774b4a9_image_(21).png"
keywords: ["Kerala Ration Card", "Smart PDS Kerala", "Civil Supplies Department"]
---

# ആറുമാസം തുടർച്ചയായി റേഷൻ വാങ്ങാത്ത കാർഡുകൾ ഡീആക്ടിവേറ്റ് ചെയ്യും: പൊതുവിതരണ വകുപ്പ്

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കുന്ന അത്യാധുനിക സ്മാർട്ട് പി.ഡി.എസ് പദ്ധതിയുടെ ഭാഗമായി തുടർച്ചയായി ആറുമാസം റേഷൻ വിഹിതം കൈപ്പറ്റാത്ത കാർഡുകൾ ഡീആക്ടിവേറ്റ് ചെയ്യാൻ പൊതുവിതരണ വകുപ്പ് തീരുമാനിച്ചു. ഇത്തരം കാർഡുകളെ 'സൈലന്റ് റേഷൻ കാർഡുകൾ' ആയി തരംതിരിച്ചാണ് വകുപ്പ് തുടർനടപടികൾ സ്വീകരിക്കുന്നത്. എല്ലാ മാസവും 21-ാം തീയതി നടത്തുന്ന പരിശോധനയിലൂടെ നിഷ്ക്രിയ കാർഡുകൾ കണ്ടെത്തുകയും, അടുത്ത മാസത്തെ ഒന്നാം തീയതി മുതൽ റേഷൻ വിഹിതം ലഭിക്കാത്ത വിധത്തിൽ ഇവ താൽക്കാലികമായി ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്യും.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പിലാക്കുന്ന അത്യാധുനിക സ്മാർട്ട് പി.ഡി.എസ് പദ്ധതിയുടെ ഭാഗമായി തുടർച്ചയായി ആറുമാസം റേഷൻ വിഹിതം കൈപ്പറ്റാത്ത കാർഡുകൾ ഡീആക്ടിവേറ്റ് ചെയ്യാൻ പൊതുവിതരണ വകുപ്പ് തീരുമാനിച്ചു. ഇത്തരം കാർഡുകളെ 'സൈലന്റ് റേഷൻ കാർഡുകൾ' ആയി തരംതിരിച്ചാണ് വകുപ്പ് തുടർനടപടികൾ സ്വീകരിക്കുന്നത്. എല്ലാ മാസവും 21-ാം തീയതി നടത്തുന്ന പരിശോധനയിലൂടെ നിഷ്ക്രിയ കാർഡുകൾ കണ്ടെത്തുകയും, അടുത്ത മാസത്തെ ഒന്നാം തീയതി മുതൽ റേഷൻ വിഹിതം ലഭിക്കാത്ത വിധത്തിൽ ഇവ താൽക്കാലികമായി ഡീആക്ടിവേറ്റ് ചെയ്യുകയും ചെയ്യും.

ഡീആക്ടിവേറ്റ് ചെയ്യപ്പെടുന്ന റേഷൻ കാർഡുകൾ പുനഃസ്ഥാപിക്കുന്നതിന് പൊതുവിതരണ വകുപ്പ് കർശന ഉപാധികളാണ് നിശ്ചയിച്ചിട്ടുള്ളത്. കാർഡിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ അംഗങ്ങളും മൂന്ന് മാസത്തിനകം ഇ-കെവൈസി നടപടികൾ പൂർത്തിയാക്കിയാൽ മാത്രമേ കാർഡ് വീണ്ടും പ്രവർത്തനക്ഷമമാക്കി നൽകുകയുള്ളൂ. അനുവദിച്ചിട്ടുള്ള മൂന്ന് മാസത്തെ സമയപരിധിക്കുള്ളിൽ ഇ-കെവൈസി പൂർത്തിയാക്കാത്ത പക്ഷം, അത്തരം കാർഡുകൾ പൂർണ്ണമായും അസാധുവാക്കി വകുപ്പിന്റെ ഡാറ്റാബേസിൽ നിന്ന് നീക്കം ചെയ്യും.

തിരിച്ചറിയൽ രേഖകൾ അടിസ്ഥാനമാക്കിയുള്ള പരിശോധനയിൽ ഒന്നിലധികം റേഷൻ കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി കണ്ടെത്തുന്ന ഗുണഭോക്താക്കളുടെ വിവരങ്ങളും ഉടനടി ഡീആക്ടിവേറ്റ് ചെയ്യും. ഇത്തരക്കാർ മൂന്ന് മാസത്തിനകം നിർബന്ധമായും ഇ-കെവൈസി പരിശോധന പൂർത്തിയാക്കുകയും, തങ്ങൾക്ക് നിലനിർത്തേണ്ട റേഷൻ കാർഡ് ഏതാണെന്ന് തെരഞ്ഞെടുത്ത് മറ്റ് കാർഡുകളിൽ നിന്ന് പേരുകൾ ഔദ്യോഗികമായി ഒഴിവാക്കുകയും ചെയ്യേണ്ടതുണ്ട്. ഈ തിരുത്തലുകൾ വരുത്തിയ ശേഷം മാത്രമേ ഇവർക്ക് റേഷൻ വിഹിതം പുനഃസ്ഥാപിക്കുകയുള്ളൂ. സമയപരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാത്തവരുടെ പേരുകൾ ഡാറ്റാബേസിൽ നിന്ന് നീക്കം ചെയ്യുമെന്നും, സ്മാർട്ട് പി.ഡി.എസ് പൂർണ്ണതോതിൽ നടപ്പാക്കുന്ന വേളയിൽ വിശദവിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കുമെന്നും പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383687/kerala-ration-cards-inactive-six-months-deactivation-smart-pds)