---
title: "പ്രിയദർശിനിക്ക് ഇന്ന് 100: 13 കോടി സൗജന്യയാത്ര; വനിതകൾ ലാഭിച്ചത് 275 കോടി രൂപ"
english_title: "Priyadarshini Free Travel Scheme 100 Days 13 Crore Journeys Women Saved 275 Crore KSRTC Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383770/priyadarshini-free-travel-scheme-100-days-13-crore-journeys-women-saved-275-crore-ksrtc-kerala"
published_at: "2026-09-22T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab21723e58be_1000305462.jpg"
keywords: ["Priyadershini", "Free travel scheeme"]
---

# പ്രിയദർശിനിക്ക് ഇന്ന് 100: 13 കോടി സൗജന്യയാത്ര; വനിതകൾ ലാഭിച്ചത് 275 കോടി രൂപ

> **Lead Summary:** **തിരുവനന്തപുരം** : പ്രിയദർശിനി സൗജന്യയാത്രാ പദ്ധതി ഇന്ന് നൂറാം ദിനത്തിലേക്ക്. പ്രതിദിനം ശരാശരി 12.93 ലക്ഷം പേർ പദ്ധതി പ്രയോജനപ്പെടുത്തുന്നതായി മന്ത്രി സി.പി.ജോൺ പറഞ്ഞു.

## Article Content

**തിരുവനന്തപുരം** : പ്രിയദർശിനി സൗജന്യയാത്രാ പദ്ധതി ഇന്ന് നൂറാം ദിനത്തിലേക്ക്. പ്രതിദിനം ശരാശരി 12.93 ലക്ഷം പേർ പദ്ധതി പ്രയോജനപ്പെടുത്തുന്നതായി മന്ത്രി സി.പി.ജോൺ പറഞ്ഞു.

പദ്ധതി ആരംഭിച്ച ജൂൺ 15 മുതൽ ഇന്നു വരെയുള്ള ശരാശരി കണക്കാക്കിയാൽ വനിതകൾ നടത്തിയത് ഏതാണ്ട് 13 കോടി യാത്രകളാണ്. ഇതിനായി ഏകദേശം 275 കോടി രൂപയുടെ ടിക്കറ്റുകൾ സൗജന്യമായി നൽകി.

ഏറ്റവുമധികം വനിതകൾ സൗജന്യയാത്ര ചെയ്തത് സെപ്റ്റംബർ 7ന് ആണ് - 15.53 ലക്ഷം. ടിക്കറ്റ് മൂല്യം 3.29 കോടി രൂപ. സെപ്റ്റംബറിൽ സൗജന്യ പദ്ധതിയിലെ തുക മാറ്റിവച്ചാൽ പ്രതിദിന കലക്‌ഷൻ ശരാശരി 5.75 കോടി രൂപയാണ്. ജൂലൈയിൽ ഇത് 5.45 കോടിയും ഓഗസ്റ്റിൽ 5.43 കോടിയുമായിരുന്നു.

ആകെ യാത്രക്കാരിൽ 62% ആയിരുന്നു ആദ്യ ആഴ്ചകളിൽ വനിതകളെങ്കിൽ നിലവിൽ 68.9% ആയി. പദ്ധതി തുടങ്ങിയ ആദ്യ ആഴ്ചയിൽ ആകെ പ്രതിദിന യാത്രക്കാർ 24.66 ലക്ഷം ആയിരുന്നത് 12.1% വർധിച്ച് 27.63 ലക്ഷമായി.

കേരള ഫിനാൻഷ്യൽ കോർപറേഷനാണ് കെഎസ്ആർടിസിക്ക് പദ്ധതിക്കായി പണം മുൻകൂർ നൽകുന്നത്. 15 ദിവസം കൂടുമ്പോൾ ബജറ്റ് വിഹിതത്തിൽ നിന്ന് സർക്കാർ ഈ പണം കെഎസ്ആർടിസിക്ക് കൈമാറും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383770/priyadarshini-free-travel-scheme-100-days-13-crore-journeys-women-saved-275-crore-ksrtc-kerala)