---
title: "കൊട്ടിയൂർ അക്കരെ ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: കേളകം പോലീസിൽ പരാതി നൽകി ദേവസ്വം"
english_title: "Trespass and Photography at Akkare Kottiyoor Temple: Devaswom Files Police Complaint"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383811/akkare-kottiyoor-temple-trespass-photography-devaswom-police-complaint"
published_at: "2026-09-22T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab256970504c_WhatsApp_Image_2026-09-22_at_13.37.27.jpeg"
keywords: []
---

# കൊട്ടിയൂർ അക്കരെ ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: കേളകം പോലീസിൽ പരാതി നൽകി ദേവസ്വം

> **Lead Summary:** കൊട്ടിയൂർ: പ്രവേശന നിരോധനമുള്ള അക്കരെ കൊട്ടിയൂർ മഹാദേവ ക്ഷേത്ര വളപ്പിൽ അതിക്രമിച്ചുകയറി അനധികൃതമായി ചിത്രങ്ങൾ പകർത്തിയ സംഭവത്തിൽ പോലീസിൽ പരാതി നൽകി ദേവസ്വം അധികൃതർ. തിരുവനന്തപുരം സ്വദേശിയായ മുരളി പ്ലാവില എന്നയാൾക്കെതിരെയാണ് കൊട്ടിയൂർ ദേവസ്വം ചെയർമാൻ കേളകം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേളകം പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

## Article Content

കൊട്ടിയൂർ: പ്രവേശന നിരോധനമുള്ള അക്കരെ കൊട്ടിയൂർ മഹാദേവ ക്ഷേത്ര വളപ്പിൽ അതിക്രമിച്ചുകയറി അനധികൃതമായി ചിത്രങ്ങൾ പകർത്തിയ സംഭവത്തിൽ പോലീസിൽ പരാതി നൽകി ദേവസ്വം അധികൃതർ. തിരുവനന്തപുരം സ്വദേശിയായ മുരളി പ്ലാവില എന്നയാൾക്കെതിരെയാണ് കൊട്ടിയൂർ ദേവസ്വം ചെയർമാൻ കേളകം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേളകം പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

വർഷത്തിൽ വൈശാഖ മഹോത്സവ കാലത്ത് മാത്രമാണ് ഭക്തജനങ്ങൾക്ക് അക്കരെ കൊട്ടിയൂർ സന്നിധിയിലേക്ക് പ്രവേശനാനുമതിയുള്ളത്. മാസങ്ങൾക്ക് മുൻപ് വൈശാഖ മഹോത്സവം സമാപിച്ച് നടയടച്ചതോടെ ഇവിടേക്ക് പൊതുജനങ്ങൾ പ്രവേശിക്കുന്നത് പൂർണ്ണമായും വിലക്കിയിരുന്നു. എന്നാൽ ഈ കർശന നിയന്ത്രണങ്ങൾ ലംഘിച്ച്, മതിൽ ചാടിക്കടന്ന് അക്കരെ ക്ഷേത്ര സന്നിധിയിൽ കടക്കുകയും ഫോട്ടോകൾ പകർത്തുകയും ചെയ്തുവെന്നാണ് ദേവസ്വം നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്.

ഇത്തരത്തിൽ എടുത്ത ചിത്രങ്ങൾ ഇയാൾ പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആചാരലംഘനം നടത്തിയ ആൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം അധികൃതർ പോലീസിനെ സമീപിച്ചത്. അതേസമയം, കൊട്ടിയൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരങ്ങളെയും നിഷ്കർഷകളെയും കുറിച്ചുള്ള അറിവില്ലായ്മ കാരണമാണ് താൻ അക്കരെ ക്ഷേത്ര പരിസരത്ത് പ്രവേശിച്ചതെന്ന് മുരളി പ്ലാവില വിശദീകരിച്ചു. സംഭവത്തിൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383811/akkare-kottiyoor-temple-trespass-photography-devaswom-police-complaint)