---
title: "ഡൽഹിയിൽ എംഡിഎംഎ നിർമ്മിച്ച് വിതരണം ചെയ്ത രണ്ട് വിദേശവനിതകളെ കണ്ണൂർ സിറ്റി പോലീസ് പിടികൂടി"
english_title: "Kannur Police Arrest Two Foreign Women in Delhi Over MDMA Manufacturing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383815/kannur-police-arrest-foreign-women-delhi-mdma-manufacturing-ring"
published_at: "2026-09-22T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab25a988c8bb_mdma_kannur.jpg"
keywords: ["Kannur City Police", "MDMA Seizure Delhi", "K Karthik DIG", "Vijay Bharat Reddy IPS", "Narcotics Kerala"]
---

# ഡൽഹിയിൽ എംഡിഎംഎ നിർമ്മിച്ച് വിതരണം ചെയ്ത രണ്ട് വിദേശവനിതകളെ കണ്ണൂർ സിറ്റി പോലീസ് പിടികൂടി

> **Lead Summary:** കണ്ണൂർ: ഡൽഹി കേന്ദ്രീകരിച്ച് മാരക ലഹരിവസ്തുവായ എംഡിഎംഎ നിർമ്മിച്ച് വിവിധയിടങ്ങളിലേക്ക് വിതരണം ചെയ്തിരുന്ന രണ്ട് വിദേശ വനിതകളെ കണ്ണൂർ സിറ്റി പോലീസ് സ്‌ക്വാഡ് സാഹസികമായി പിടികൂടി. നൈജീരിയൻ സ്വദേശിനി ചിനെലോ ലിലിയൻ, കാമറൂൺ സ്വദേശിനി ഫിലോമെനെ ചാൻസെലിൻ എന്നിവരെയാണ് ഡൽഹിയിലെ ബുരാരിയിൽ വെച്ച് കണ്ണൂർ സിറ്റി പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

കണ്ണൂർ: ഡൽഹി കേന്ദ്രീകരിച്ച് മാരക ലഹരിവസ്തുവായ എംഡിഎംഎ നിർമ്മിച്ച് വിവിധയിടങ്ങളിലേക്ക് വിതരണം ചെയ്തിരുന്ന രണ്ട് വിദേശ വനിതകളെ കണ്ണൂർ സിറ്റി പോലീസ് സ്‌ക്വാഡ് സാഹസികമായി പിടികൂടി. നൈജീരിയൻ സ്വദേശിനി ചിനെലോ ലിലിയൻ, കാമറൂൺ സ്വദേശിനി ഫിലോമെനെ ചാൻസെലിൻ എന്നിവരെയാണ് ഡൽഹിയിലെ ബുരാരിയിൽ വെച്ച് കണ്ണൂർ സിറ്റി പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ന്യൂമാഹിയിൽ വെച്ച് 0.6 ഗ്രാം എംഡിഎംഎയുമായി രജിനാസ് എന്നയാൾ പിടിയിലായതാണ് കേസിൽ നിർണ്ണായക വഴിത്തിരിവായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്ന് ലഹരി എത്തിച്ചു നൽകിയത് മുഹമ്മദ് സമീലാണെന്ന് വ്യക്തമായി. തുടർന്ന് സമീലിന്റെ വീട്ടിലും വാഹനത്തിലും പോലീസ് നടത്തിയ പരിശോധനയിൽ 185 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. തുടർന്ന് സമീലിന്റെ ഫോൺ കോളുകളും ബാങ്ക് അക്കൗണ്ട് രേഖകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 'തബു' എന്നറിയപ്പെടുന്ന മുജ്തബയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. ലഹരി ഇടനിലക്കാർ വഴി ആളൊഴിഞ്ഞ കേന്ദ്രങ്ങളിൽ എംഡിഎംഎ ഒളിപ്പിച്ചുവെച്ച് ലൊക്കേഷൻ മാത്രം ആവശ്യക്കാർക്ക് കൈമാറുന്ന ഹൈടെക് രീതീയാണ് തബു പിന്തുടർന്നിരുന്നത്. ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ ബെംഗളൂരുവിൽ വെച്ച് തബുവിനെയും പോലീസ് സംഘം കസ്റ്റഡിയിലെടുത്തു.

ഡൽഹിയിൽ നിന്ന് പാഴ്സൽ വഴിയാണ് ഇവർ സംസ്ഥാനത്തേക്ക് ലഹരി കടത്തിയിരുന്നത്. ഈ ശൃംഖലയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഡൽഹിയിൽ എംഡിഎംഎ നിർമ്മാണം നടത്തിയിരുന്ന വിദേശ വനിതകളിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്. കണ്ണൂർ സിറ്റി പോലീസിന്റെ പ്രത്യേക സ്‌ക്വാഡ് അംഗങ്ങൾ പത്തു ദിവസത്തോളം ഡൽഹിയിൽ ക്യാമ്പ് ചെയ്താണ് പ്രതികളെ വലയിലാക്കിയത്. പ്രതികൾ നിരന്തരം സിം കാർഡുകൾ മാറ്റിയും ഇരുപതോളം ബാങ്ക് അക്കൗണ്ടുകൾ വഴിയും കോടികളുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

പ്രതികളിൽ നിന്ന് അമ്പതോളം വ്യാജ ആധാർ കാർഡുകൾ, 15 പാൻ കാർഡുകൾ, ചെക്ക് ബുക്കുകൾ, വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. വിദേശത്തുനിന്ന് പാഴ്സൽ വഴിയാണ് ഇവർക്ക് മയക്കുമരുന്ന് നിർമ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ ലഭിച്ചിരുന്നതെന്നും കേസിൽ വിശദമായ തുടരന്വേഷണം പുരോഗമിക്കുകയാണെന്നും ഡിഐജി വ്യക്തമാക്കി. കമ്മീഷണറുടെ ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി, തലശ്ശേരി എഎസ്പി നന്ദഗോപൻ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383815/kannur-police-arrest-foreign-women-delhi-mdma-manufacturing-ring)