---
title: "കണ്ണൂർ കോർപ്പറേഷന് രാഷ്ട്രീയ പക്ഷപാതം; ഭരണസമിതിക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി ബി.ജെ.പി"
english_title: "BJP Accuses Kannur Corporation of Political Bias in Removing Advertisements and Banners"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384008/bjp-accuses-kannur-corporation-of-political-bias-in-removing-advertisements-and-banners"
published_at: "2026-09-24T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab4c42dcc5d2_WhatsApp_Image_2026-09-24_at_11.46.23_AM.jpeg"
keywords: ["Kannur Corporation", "BJP Kannur", "KK Vinodh Kumar", "Kannur Mayor", "North Kerala Politics"]
---

# കണ്ണൂർ കോർപ്പറേഷന് രാഷ്ട്രീയ പക്ഷപാതം; ഭരണസമിതിക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി ബി.ജെ.പി

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ കോർപ്പറേഷൻ പരിധിക്കുള്ളിൽ പാതയോരങ്ങളിലെ ബോർഡുകളും മറ്റ് പരസ്യങ്ങളും നീക്കം ചെയ്യുന്ന നടപടിയിൽ കോർപ്പറേഷൻ ഭരണസമിതി കടുത്ത രാഷ്ട്രീയ പക്ഷപാതം കാണിക്കുകയാണെന്ന് ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ വാർത്താക്കുറിപ്പിൽ ആരോപിച്ചു. ഈ വിവേചനം അവസാനിപ്പിച്ചില്ലെങ്കിൽ കോർപ്പറേഷനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭത്തിന് ബി.ജെ.പി രൂപം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

**കണ്ണൂർ: **കണ്ണൂർ കോർപ്പറേഷൻ പരിധിക്കുള്ളിൽ പാതയോരങ്ങളിലെ ബോർഡുകളും മറ്റ് പരസ്യങ്ങളും നീക്കം ചെയ്യുന്ന നടപടിയിൽ കോർപ്പറേഷൻ ഭരണസമിതി കടുത്ത രാഷ്ട്രീയ പക്ഷപാതം കാണിക്കുകയാണെന്ന് ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ വാർത്താക്കുറിപ്പിൽ ആരോപിച്ചു. ഈ വിവേചനം അവസാനിപ്പിച്ചില്ലെങ്കിൽ കോർപ്പറേഷനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭത്തിന് ബി.ജെ.പി രൂപം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പി സ്ഥാപിക്കുന്ന എല്ലാ പ്രചാരണ ബോർഡുകളും സ്ഥാപിച്ച ഉടൻ തന്നെ കോർപ്പറേഷൻ അധികൃതർ നീക്കം ചെയ്യുകയാണ്. എന്നാൽ ഭരണപക്ഷത്തെയും മറ്റ് പ്രതിപക്ഷ പാർട്ടികളുടെയും ബോർഡുകൾ നീക്കം ചെയ്യാതെ സംരക്ഷിക്കുന്ന നിലപാടാണ് നഗരസഭ സ്വീകരിക്കുന്നത്.

കോൺഗ്രസ്, മുസ്ലിം ലീഗ്, സി.പി.എം എന്നീ പാർട്ടികൾക്ക് നഗരത്തിലെ പ്രധാന സർക്കിളുകളിലും റോഡ് ഡിവൈഡറുകളിലും യഥേഷ്ടം ബോർഡുകളും കൊടികളും സ്ഥാപിക്കാൻ കോർപ്പറേഷൻ അനുമതി നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മേയറുടെ ചിത്രം പതിച്ച കൂറ്റൻ ബോർഡുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

കളക്ടറേറ്റ് മതിലിനോട് ചേർത്തുവെച്ചും കോർപ്പറേഷൻ ആസ്ഥാനത്തിന് തൊട്ടുമുമ്പിൽ സ്ഥാപിച്ചും നിരവധി നിയമവിരുദ്ധ ബോർഡുകൾ മാറ്റമില്ലാതെ തുടരുമ്പോഴാണ് ബി.ജെ.പിയുടെ ബോർഡുകൾ മാത്രം ലക്‌ഷ്യം വെച്ച് കോർപ്പറേഷൻ ജീവനക്കാർ നീക്കം ചെയ്യുന്നത്. ഇത്തരത്തിലുള്ള പക്ഷപാതപരമായ നിലപാടുകളുമായി മുന്നോട്ടുപോകാനാണ് മേയറും കോർപ്പറേഷൻ അധികൃതരും കരുതുന്നതെങ്കിൽ പ്രക്ഷോഭത്തിലൂടെ അതിനെ നേരിടുമെന്ന് വിനോദ് കുമാർ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384008/bjp-accuses-kannur-corporation-of-political-bias-in-removing-advertisements-and-banners)