---
title: "സ്‌പോർട്‌സ് കൗൺസിലിൽ വൻ ക്രമക്കേട്; 'ഓപ്പറേഷൻ കളിക്കളം' വിജിലൻസ് മിന്നൽ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്"
english_title: "Vigilance Raid 'Operation Kalikkalam' Uncovers Major Corruption in Kerala Sports Council"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384010/vigilance-raid-operation-kalikkalam-uncovers-major-corruption-in-kerala-sports-council"
published_at: "2026-09-24T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab4c3c780ec9_WhatsApp_Image_2026-09-24_at_11.46.16_AM.jpeg"
keywords: ["erala Sports Council Corruption", "Vigilance Raid Kerala", "Operation Kalikkalam", "Manoj Abraham IPS"]
---

# സ്‌പോർട്‌സ് കൗൺസിലിൽ വൻ ക്രമക്കേട്; 'ഓപ്പറേഷൻ കളിക്കളം' വിജിലൻസ് മിന്നൽ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ നടന്നിട്ടുള്ള വൻ അഴിമതികളും സാമ്പത്തിക ക്രമക്കേടുകളും പുറത്തുകൊണ്ടുവരുന്നതിനായി വിജിലൻസ് നടത്തുന്ന 'ഓപ്പറേഷൻ കളിക്കളം' മിന്നൽ പരിശോധനയിൽ ഞെട്ടിക്കുന്ന തെളിവുകൾ കണ്ടെത്തി. സ്‌പോർട്‌സ് കൗൺസിൽ ആസ്ഥാനത്തും വിവിധ ജില്ലാ ഓഫീസുകളിലും വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണ് മുൻ വർഷങ്ങളിൽ നടന്നിട്ടുള്ള വൻ സാമ്പത്തിക തട്ടിപ്പുകളുടെ വിവരങ്ങൾ പുറത്തുവന്നത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ നടന്നിട്ടുള്ള വൻ അഴിമതികളും സാമ്പത്തിക ക്രമക്കേടുകളും പുറത്തുകൊണ്ടുവരുന്നതിനായി വിജിലൻസ് നടത്തുന്ന 'ഓപ്പറേഷൻ കളിക്കളം' മിന്നൽ പരിശോധനയിൽ ഞെട്ടിക്കുന്ന തെളിവുകൾ കണ്ടെത്തി. സ്‌പോർട്‌സ് കൗൺസിൽ ആസ്ഥാനത്തും വിവിധ ജില്ലാ ഓഫീസുകളിലും വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണ് മുൻ വർഷങ്ങളിൽ നടന്നിട്ടുള്ള വൻ സാമ്പത്തിക തട്ടിപ്പുകളുടെ വിവരങ്ങൾ പുറത്തുവന്നത്.

കേന്ദ്ര സർക്കാരിന്റെ 'പൈക' (PYKKA) പദ്ധതി പ്രകാരം കായിക വികസനത്തിനായി അനുവദിച്ച ഫണ്ട് വിനിയോഗിച്ചതിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് വിജിലൻസ് കണ്ടെത്തി. കൃത്യമായ ക്യാഷ് ബുക്കോ സാധനങ്ങളുടെ സ്റ്റോക്ക് രജിസ്റ്ററോ സൂക്ഷിക്കാതെയാണ് സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത്.

സർക്കാർ അനുമതിയില്ലാതെ മുൻ സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റിന് വൻ തുക ബത്തയായി നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ 2019 മുതൽ 2021 മേയ് വരെ ഒരു സർക്കാർ ഉദ്യോഗസ്ഥൻ യാതൊരുവിധ ഔദ്യോഗിക അനുമതിയും കൂടാതെ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റായി ചുമതല നിർവ്വഹിച്ചതായും വിജിലൻസ് അന്വേഷണത്തിൽ തെളിഞ്ഞു.

പരിശീലകർക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് താമസ ബത്തയും മറ്റ് ആഡംബര സൗകര്യങ്ങളും അനുവദിച്ചു നൽകിയിരുന്നു. കായികതാരങ്ങൾക്കായി വാങ്ങിക്കൂട്ടിയ വിലകൂടിയ സ്‌പോർട്‌സ് ഉപകരണങ്ങളും കിറ്റുകളും അർഹരായവർക്ക് വിതരണം ചെയ്യാതെ സ്റ്റോക്ക് രജിസ്റ്ററിൽ പോലും രേഖപ്പെടുത്താതെ പൂഴ്ത്തിവെച്ചതായും റിപ്പോർട്ടിലുണ്ട്.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ സ്‌പോർട്‌സ് കൗൺസിലിൽ നടന്ന എല്ലാ ഇടപാടുകളെയും കേന്ദ്രീകരിച്ചാണ് നിലവിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നത്. വിവിധ കായിക പദ്ധതികൾക്കായി അനുവദിച്ച ഫണ്ട് വകമാറ്റൽ, യോഗ്യതയില്ലാത്ത താരങ്ങളെ സ്വജനപക്ഷപാതത്തിലൂടെ മത്സരങ്ങളിൽ പങ്കെടുപ്പിക്കൽ, കായികതാരങ്ങൾക്ക് ഭക്ഷണവും സ്റ്റൈപ്പൻഡും നൽകുന്നതിലെ വീഴ്ച, വ്യാജ മത്സരഫലങ്ങൾ നിർമ്മിക്കൽ, ഹോസ്റ്റൽ നടത്തിപ്പിലെ തട്ടിപ്പ്, കൗൺസിൽ അംഗങ്ങളുടെ മാനദണ്ഡ വിരുദ്ധമായ വിദേശ യാത്രകൾ തുടങ്ങിയ ഗുരുതരമായ പരാതികളാണ് വിജിലൻസ് ഡയറക്ടർക്ക് ലഭിച്ചിരുന്നത്.

കായിക മന്ത്രി ഒ.ജെ. ജനീഷിന് ലഭിച്ച പരാതികളും തുടർനടപടികൾക്കായി വിജിലൻസിന് കൈമാറിയിരുന്നു. യുവതാരങ്ങൾക്കായി എത്തിച്ച സ്‌പോർട്‌സ് കിറ്റുകൾ വിതരണം ചെയ്യാതെ പൂഴ്ത്തിവെച്ച അഴിമതി ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിലൂടെ മുമ്പ് പുറത്തുകൊണ്ടുവന്നിരുന്നു. പരിശോധനകളുടെ ഭാഗമായി പിടിച്ചെടുത്ത രേഖകൾ വിശകലനം ചെയ്ത ശേഷം വിവിധ ജില്ലാ എസ്.പിമാർ വിജിലൻസ് ഡയറക്ടർക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കും.

ക്രമക്കേടുകൾ തെളിഞ്ഞാൽ സർക്കാരിന്റെ പ്രത്യേക അനുമതിയോടെ അഴിമതിക്കാർക്കെതിരെ കേസെടുത്ത് തുടർനടപടികളിലേക്ക് കടക്കുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384010/vigilance-raid-operation-kalikkalam-uncovers-major-corruption-in-kerala-sports-council)