---
title: "സ്വകാര്യത പ്രധാനം; എ.ഐ ക്യാമറ ചിത്രങ്ങൾ ഇനി പരസ്യമാകില്ലെന്ന് എം.വി.ഡി."
english_title: "Kerala MVD AI Camera Images Privacy Restriction eChallan Portal OTP Verification"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384045/kerala-mvd-ai-camera-images-privacy-restriction-echallan-otp"
published_at: "2026-09-24T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab4f0a2bd25c_1000235875.jpg"
keywords: ["e-Challan Portal Privacy", "AI Camera Images Misuse", "OTP Verification Challan", "Motor Vehicle Department Kerala"]
---

# സ്വകാര്യത പ്രധാനം; എ.ഐ ക്യാമറ ചിത്രങ്ങൾ ഇനി പരസ്യമാകില്ലെന്ന് എം.വി.ഡി.

> **Lead Summary:** **തിരുവനന്തപുരം: **എ.ഐ ക്യാമറ ചിത്രങ്ങൾ വഴി കുടുംബകലഹങ്ങളും വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗവും വർധിച്ചതിനെ തുടർന്ന് ഇ-ചെല്ലാൻ പോർട്ടലിൽ മോട്ടോർ വാഹന വകുപ്പ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനി മുതൽ വാഹന ഉടമയുടെ അനുമതിയോടെ മാത്രമേ നിയമലംഘനത്തിന്റെ ചിത്രങ്ങൾ പോർട്ടൽ വഴി കാണാൻ സാധിക്കൂ.

## Article Content

**തിരുവനന്തപുരം: **എ.ഐ ക്യാമറ ചിത്രങ്ങൾ വഴി കുടുംബകലഹങ്ങളും വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗവും വർധിച്ചതിനെ തുടർന്ന് ഇ-ചെല്ലാൻ പോർട്ടലിൽ മോട്ടോർ വാഹന വകുപ്പ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനി മുതൽ വാഹന ഉടമയുടെ അനുമതിയോടെ മാത്രമേ നിയമലംഘനത്തിന്റെ ചിത്രങ്ങൾ പോർട്ടൽ വഴി കാണാൻ സാധിക്കൂ.

മുൻപ് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ മാത്രം നൽകിയാൽ ആർക്കും പിഴയുടെ വിശദാംശങ്ങൾ പരിശോധിക്കാനും നിയമലംഘന ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാനും സാധിച്ചിരുന്നു.

ഈ സൗകര്യം ചിലർ ദുരുപയോഗം ചെയ്യുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. പ്രത്യേകിച്ച്, സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ചിത്രങ്ങളിൽ മറ്റ് വ്യക്തികൾ കൂടി ഉൾപ്പെടുന്നത് പല കുടുംബങ്ങളിലും അസ്വാരസ്യങ്ങൾക്കും വഴിവെച്ചിരുന്നു.

വാഹന ഉടമയുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.ടി.പി (OTP) നൽകിയാൽ മാത്രമേ ഇനി ചിത്രങ്ങൾ പരിശോധിക്കാൻ കഴിയൂ എന്നതാണ് ഇതിൽ പ്രധാനപ്പെട്ട മാറ്റം.

കൂടാതെ, പിഴ ചുമത്തുമ്പോൾ ലഭിക്കുന്ന എസ്.എം.എസിലെ ചെല്ലാൻ നമ്പർ ഉപയോഗിച്ചും വിവരങ്ങൾ ലഭ്യമാകുന്നതാണ്. ഉടമസ്ഥർക്ക് തങ്ങളുടെ വാഹനത്തിന്റെ പിഴ വിവരങ്ങൾ പരിശോധിക്കുന്നതിനായി https://echallan.parivahan.nic.in/challan എന്ന വെബ്സൈറ്റ് ലിങ്ക് ഉപയോഗിക്കാവുന്നതുമാണ്.

യാത്രക്കാരുടെ വ്യക്തിഗത സ്വകാര്യത ഉറപ്പാക്കുന്നതിനും ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുമാണ് മോട്ടോർ വാഹന വകുപ്പ് ഈ പുതിയ പരിഷ്കാരം നടപ്പിലാക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384045/kerala-mvd-ai-camera-images-privacy-restriction-echallan-otp)