---
title: "പേരാവൂർ - ഇരിട്ടി റോഡിൽ മരത്തടികൾ റോഡരികിൽ കൂട്ടിയിട്ടത് അപകടഭീഷണി; യാത്രക്കാർ ആശങ്കയിൽ"
english_title: "Peravoor Iritty Road Wood Logs Piled Roadside Accident Threat PWD Muzhakkunnu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384213/peravoor-iritty-road-wood-logs-piled-roadside-accident-threat-pwd-muzhakkunnu"
published_at: "2026-09-26T05:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab70a8563063_1000312332.jpg"
keywords: ["Peravoor", "Road"]
---

# പേരാവൂർ - ഇരിട്ടി റോഡിൽ മരത്തടികൾ റോഡരികിൽ കൂട്ടിയിട്ടത് അപകടഭീഷണി; യാത്രക്കാർ ആശങ്കയിൽ

> **Lead Summary:** **പേരാവൂർ**: പേരാവൂർ - ഇരിട്ടി റോഡിൽ അപകടാവസ്ഥയിലായിരുന്ന മരങ്ങൾ മുറിച്ചുമാറ്റിയ ശേഷം തടികൾ റോഡരികിൽ തന്നെ കൂട്ടിയിട്ടിരിക്കുന്നത് വാഹനയാത്രക്കാർക്ക് പുതിയ അപകടഭീഷണിയാകുന്നു.

## Article Content

**പേരാവൂർ**: പേരാവൂർ - ഇരിട്ടി റോഡിൽ അപകടാവസ്ഥയിലായിരുന്ന മരങ്ങൾ മുറിച്ചുമാറ്റിയ ശേഷം തടികൾ റോഡരികിൽ തന്നെ കൂട്ടിയിട്ടിരിക്കുന്നത് വാഹനയാത്രക്കാർക്ക് പുതിയ അപകടഭീഷണിയാകുന്നു.

മുഴക്കുന്ന് പഞ്ചായത്ത് പരിധിയിൽ വിവിധയിടങ്ങളിലാണ് മരത്തടികൾ റോഡരികിൽ നീക്കം ചെയ്യാതെ ഉപേക്ഷിച്ച നിലയിലുള്ളത്. റോഡരികിലെ അപകടഭീഷണിയായ മരങ്ങൾ നീക്കണമെന്ന് മുഴക്കുന്ന് പഞ്ചായത്തിന്റെ തീരുമാനപ്രകാരം ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ, കളക്ടറുടെ നിർദ്ദേശപ്രകാരം പൊതുമരാമത്ത് വകുപ്പാണ് 20-ലധികം മരങ്ങൾ മുറിച്ചുമാറ്റിയത്. എന്നാൽ മുറിച്ച മരത്തടികൾ യഥാസമയം റോഡരികിൽ നിന്നും നീക്കം ചെയ്യാൻ അധികൃതർ തയ്യാറായിട്ടില്ല.

ലഭ്യമായ മരത്തടികൾ ലേലത്തിൽ വെച്ച് ആവശ്യക്കാർക്ക് നൽകിയാൽ പൊതുമരാമത്ത് വകുപ്പിന് നല്ലൊരു തുക വരുമാനമായി ലഭിക്കുമായിരുന്നു. എന്നാൽ ലേലനടപടികൾ വൈകുന്നതുമൂലം വിലപിടിപ്പുള്ള മരങ്ങൾ റോഡരികിൽ കിടന്ന് നശിച്ചുപോകുന്ന സ്ഥിതിയിലാണ്.

വലിയ അപകടസാധ്യത മുന്നിൽക്കണ്ട്, റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന മരത്തടികൾ ഉടനടി മാറ്റാൻ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടാകണമെന്ന് യാത്രക്കാരും നാട്ടുകാരും ഒരേസ്വരം ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384213/peravoor-iritty-road-wood-logs-piled-roadside-accident-threat-pwd-muzhakkunnu)