---
title: "സംസ്ഥാന വിജിലൻസ് ഇനി ഹൈടെക്ക്; വിഎസിബി സ്യൂട്ട് 3.0 ഉദ്ഘാടനം ചെയ്തു"
english_title: "Kerala Vigilance High Tech VACB Suite 3.0 Launched Home Minister"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384274/kerala-vigilance-high-tech-vacb-suite-30-launched-home-minister"
published_at: "2026-09-26T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab76f162b775_1000313370.jpg"
keywords: ["Vijilence", "Remeshchennithala"]
---

# സംസ്ഥാന വിജിലൻസ് ഇനി ഹൈടെക്ക്; വിഎസിബി സ്യൂട്ട് 3.0 ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാന വിജിലൻസ് ഇനി ഹൈടെക്ക് നിലവാരത്തിലേക്ക്. വിജിലൻസ് ആന്റ് ആന്റികറപ്ഷൻ ബ്യൂറോയുടെ നവീകരിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോമായ വിഎസിബി സ്യൂട്ട് 3.0 ന്റെ ഉദ്ഘാടനം ആഭ്യന്തര വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.

## Article Content

**തിരുവനന്തപുരം**: സംസ്ഥാന വിജിലൻസ് ഇനി ഹൈടെക്ക് നിലവാരത്തിലേക്ക്. വിജിലൻസ് ആന്റ് ആന്റികറപ്ഷൻ ബ്യൂറോയുടെ നവീകരിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോമായ വിഎസിബി സ്യൂട്ട് 3.0 ന്റെ ഉദ്ഘാടനം ആഭ്യന്തര വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.

വിജിലൻസ് അന്വേഷണത്തിലെ കാലതാമസത്തിന് പരിഹാരമായാണ് പുതിയ സംവിധാനം. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേസുകളുടെയും അന്വേഷണങ്ങളുടെയും വിവരങ്ങൾ ഇനിമുതൽ ഡിജിറ്റൽ ഡേറ്റാ രൂപത്തിൽ ലഭിക്കും.

വിജിലൻസ് കേസുകളുടെ അന്വേഷണത്തിനും ഏകോപനത്തിനും വേണ്ടിയുള്ള സംയോജിത ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് വിഎസിബി സ്യൂട്ട് 3.0 എന്ന് മന്ത്രി പറഞ്ഞു. രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിർവഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേൽനോട്ടം എന്നിവയാണ് പുതിയ സംവിധാനത്തിന്റെ സവിശേഷതകൾ.

പൂർണ്ണമായും ബ്യൂറോയിലെ തന്നെ സാങ്കേതിക വിദഗ്ധരാണ് ഇത് വികസിപ്പിച്ചെടുത്തത്. കേസന്വേഷണം സംബന്ധിച്ച എല്ലാ വിവരങ്ങളും ഡിജിറ്റൽ രൂപത്തിൽ ലഭ്യമാകുന്നത് അഴിമതിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ സർക്കാരിനും വകുപ്പിനും കൃത്യവും സമയബന്ധിതവുമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കും.

ഓരോ അന്വേഷണ ഉദ്യോഗസ്ഥനും അന്വേഷണം പൂർത്തിയാക്കാൻ എത്ര ദിവസം എടുക്കുന്നു, ഓരോ കേസും എത്ര ദിവസമായി തീർപ്പാക്കാതെ കിടക്കുന്നു എന്നിവ മുതിർന്ന ഉദ്യോഗസ്ഥർക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും.

വിഎസിബി സ്യൂട്ട് 3.0 യുടെ ഉപയോഗത്തിനായുള്ള മാനുവലിന്റെ പ്രകാശനം, പുതുതായി രൂപകൽപ്പന ചെയ്ത യൂണിഫോമിന്റെ വിതരണം, രാഷ്ട്രപതിയുടെ പുരസ്കാരങ്ങൾ നേടിയ വിജിലൻസ് ഉദ്യോഗസ്ഥർക്കുള്ള ബാഡ്ജ് ഓഫ് ഹോണറിന്റെ വിതരണവും മന്ത്രി നിർവഹിച്ചു.

തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിലെ മൈൻഡ് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ അധ്യക്ഷത വഹിച്ചു. ഡി.ജി.പിയും വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറുമായ മനോജ് എബ്രഹാം സ്വാഗതമാശംസിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384274/kerala-vigilance-high-tech-vacb-suite-30-launched-home-minister)