---
title: "ജൽജീവൻ മിഷൻ പദ്ധതികൾ വേഗത്തിലാക്കണം: മന്ത്രി സണ്ണി ജോസഫ്"
english_title: "Kannur District Development Committee Jal Jeevan Mission Speed Up Minister Sunny Joseph"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384390/kannur-district-development-committee-jal-jeevan-mission-speed-up-minister-sunny-joseph"
published_at: "2026-09-27T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab8b2e6b8565_1000314849.jpg"
keywords: ["Sunnyjoseph", "Kannur"]
---

# ജൽജീവൻ മിഷൻ പദ്ധതികൾ വേഗത്തിലാക്കണം: മന്ത്രി സണ്ണി ജോസഫ്

> **Lead Summary:** **കണ്ണൂർ**: ജില്ലയിലെ വരൾച്ചാ സാഹചര്യം ലഘൂകരിക്കുന്നതിന് ജൽജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് വൈദ്യുതി, പാർലമെന്ററികാര്യ, പരിസ്ഥിതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് നിർദ്ദേശിച്ചു. ജില്ലാ കളക്ടർ പി വിഷ്ണുരാജിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കണ്ണൂർ**: ജില്ലയിലെ വരൾച്ചാ സാഹചര്യം ലഘൂകരിക്കുന്നതിന് ജൽജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് വൈദ്യുതി, പാർലമെന്ററികാര്യ, പരിസ്ഥിതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് നിർദ്ദേശിച്ചു. ജില്ലാ കളക്ടർ പി വിഷ്ണുരാജിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വേനലിനു മുൻപ് പരമാവധി പദ്ധതി പ്രവൃത്തികൾ പൂർത്തിയാക്കി കുടിവെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള തലശ്ശേരി - അഞ്ചരക്കണ്ടി - മട്ടന്നൂർ റോഡ് വീതികൂട്ടലിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുക്കൽ ഡിസംബറിൽ പൂർത്തീകരിക്കുമെന്ന് എൽഎ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.

നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി ജൂൺ 30 വരെ ലഭിച്ച ഡിജിറ്റൽ സർവേ പരാതികളിൽ ബാക്കിയുള്ള 148 അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കാനും മന്ത്രി നിർദ്ദേശിച്ചു. ലീഗൽ ഹയർഷിപ്പ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് അഞ്ച് താലൂക്കുകളിലായി ലഭിച്ച 9283 അപേക്ഷകളിൽ 4750 എണ്ണം തീർപ്പാക്കിയതായി ഡെപ്യൂട്ടി കളക്ടർ ജനറൽ അറിയിച്ചു.

വേളാപുരം മുതൽ താഴെചൊവ്വ വരെയുള്ള റോഡ് സുരക്ഷാ പ്രവൃത്തികൾക്കായി 22 കോടിയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചതായി പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. മഴക്കെടുതിയിൽ തകർന്ന ഇരിക്കൂർ പാലം നിർമ്മാണത്തിന് 12.5 കോടി, കണ്ടകശ്ശേരി പാലത്തിന് 10.71 കോടി, വട്ടയാംതോട് പാലത്തിന് 9.5 കോടി രൂപയുടെ എസ്റ്റിമേറ്റുകൾ പൊതുമരാമത്ത് പാലം വിഭാഗം ചീഫ് എഞ്ചിനീയർക്ക് സമർപ്പിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. മലയോരത്തെ തകർന്ന റോഡുകളുടെയും പാലങ്ങളുടെയും പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ഒക്ടോബർ 6 ന് പ്രത്യേക യോഗം വിളിക്കും.

ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ പറഞ്ഞു. സ്റ്റോക്കില്ലാത്ത മരുന്നുകൾ പ്രാദേശികമായി വാങ്ങാൻ എല്ലാ ആശുപത്രികൾക്കും നേരത്തെ അനുമതി നൽകിയിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു. തലശ്ശേരി - മാഹി ബൈപ്പാസിലെ പെട്ടിപ്പാലത്ത് പതിവാകുന്ന അപകടങ്ങൾ സംബന്ധിച്ച വിഷയം റോഡ് സുരക്ഷാ അതോറിറ്റി യോഗത്തിൽ ചർച്ച ചെയ്യുമെന്ന് കളക്ടർ അറിയിച്ചു. വളപട്ടണം പുഴയുടെ കണ്ടക്കൈ - ചെക്കിക്കടവ് - വളപട്ടണം കരയിടിഞ്ഞ ഭാഗം സംരക്ഷിക്കാൻ 1.25 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതായി ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ദേശീയപാത നിർമ്മാണം നടക്കുന്ന കുപ്പത്ത് ചെളിയും വെള്ളവും കെട്ടിക്കിടക്കുന്ന പ്രശ്നം പരിഹരിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് സമർപ്പിച്ച എസ്റ്റിമേറ്റ് പ്രകാരം 9 കോടി കൈമാറിയതായി എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ അറിയിച്ചു. മട്ടന്നൂർ വലിയവെളിച്ചം എസ് കർവ് മുതൽ അമ്പലപ്പുഴ പാലം വരെ പൈപ്പിട്ടതിനെ തുടർന്നുള്ള റോഡിലെ അപാകതകൾ പരിഹരിക്കുന്ന പ്രവൃത്തി നടക്കുന്നുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളിൽ ടാറിങ് നടക്കുമെന്നും ജല അതോറിറ്റി അറിയിച്ചു.

അപകടാവസ്ഥയിലുള്ള മരങ്ങൾ അടിയന്തരമായി മുറിച്ചുനീക്കാനും മാടായിപ്പാറ സംരക്ഷണത്തിന് പ്രത്യേക യോഗം വിളിക്കാനും ദേശീയപാതയിലെ അനധികൃത പാർക്കിങ് നീക്കാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി. പയ്യാമ്പലം ബീച്ചിലെ കേടായ വിളക്കുകൾ ഒരാഴ്ചയ്ക്കകവും വളപട്ടണം പാലത്തിലെ വിളക്കുകൾ രണ്ടു ദിവസത്തിനകവും മാറ്റിസ്ഥാപിക്കാനും നിർദ്ദേശിച്ചു.

യോഗത്തിൽ മന്ത്രി അഡ്വ. സണ്ണി ജോസഫ്, എംഎൽഎ അഡ്വ. ടി ഒ മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ജില്ലാ കളക്ടർ പി വിഷ്ണുരാജ്, എഡിഎം കെ ബാലഗോപാൽ, പ്ലാനിങ് ഓഫീസർ ടി രാകേഷ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384390/kannur-district-development-committee-jal-jeevan-mission-speed-up-minister-sunny-joseph)