---
title: "ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കൊടുമ്പിരികൊള്ളുന്നു; ഇന്ന് രാജ്യവ്യാപകമായി കളക്ടറേറ്റുകളിലേക്ക് കോൺഗ്രസ് മാർച്ച്"
english_title: "Protest Against Gyanesh Kumar: Congress Collectorate March Nationwide Today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384491/protest-against-gyanesh-kumar-congress-collectorate-march-nationwide-today"
published_at: "2026-09-28T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab9f14147bb9_images_(27).jpeg"
keywords: ["Gyanesh Kumar Protest", "Congress Collectorate March", "Chief Election Commissioner Controversy", "INDIA Alliance Meeting"]
---

# ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കൊടുമ്പിരികൊള്ളുന്നു; ഇന്ന് രാജ്യവ്യാപകമായി കളക്ടറേറ്റുകളിലേക്ക് കോൺഗ്രസ് മാർച്ച്

> **Lead Summary:** **ന്യൂഡൽഹി**: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള ജനരോഷവും രാഷ്ട്രീയ പ്രതിഷേധവും രാജ്യത്ത് കൂടുതൽ ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ഇന്ന് (സെപ്റ്റംബർ 28) രാജ്യവ്യാപകമായി എല്ലാ ജില്ലകളിലെയും കളക്ടറേറ്റുകളിലേക്ക് വൻ പ്രതിഷേധ മാർച്ച് നടത്താനാണ് കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്.

## Article Content

**ന്യൂഡൽഹി**: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള ജനരോഷവും രാഷ്ട്രീയ പ്രതിഷേധവും രാജ്യത്ത് കൂടുതൽ ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ഇന്ന് (സെപ്റ്റംബർ 28) രാജ്യവ്യാപകമായി എല്ലാ ജില്ലകളിലെയും കളക്ടറേറ്റുകളിലേക്ക് വൻ പ്രതിഷേധ മാർച്ച് നടത്താനാണ് കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുന്നത്.

നാളെ അടിയന്തരമായി ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി (CWC) യോഗത്തിൽ വരുംദിവസങ്ങളിലെ തുടർന്നുള്ള ശക്തമായ സമരപരിപാടികൾ പ്രഖ്യാപിക്കും. അതേസമയം, ഭഗത് സിംഗ് ദിനമായ ഇന്ന് ഇടത് പാർട്ടികൾ രാജ്യത്തുടനീളം 'ജനാധിപത്യ സംരക്ഷണ ദിന'മായി ആചരിക്കുകയാണ്.

ഇതിന്റെ ഭാഗമായി ഡൽഹിയിലെ ഭഗത് സിംഗ് പ്രതിമയിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ചിന് സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി നേതൃത്വം നൽകും. എന്നാൽ മുംബൈയിൽ സംഘടിപ്പിക്കാനിരുന്ന പ്രതിഷേധ പ്രകടനത്തിന് പോലീസ് അനുമതി നിഷേധിച്ചത് സർക്കാരിന്റെ ഭയം മൂലമാണെന്ന് സി.ജെ.പി ആരോപിച്ചു.

ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്ക് അനുമതി നൽകിയില്ലെങ്കിൽ വരുംദിവസങ്ങളിൽ 'ജയിൽ നിറയ്ക്കൽ സമരം' ആരംഭിക്കുമെന്നും സി.ജെ.പി മുന്നറിയിപ്പ് നൽകി. ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള സംയുക്ത പോരാട്ടം ശക്തിപ്പെടുത്തുന്നതിനായി ബുധനാഴ്ച 'ഇന്ത്യ' (INDIA) സഖ്യത്തിന്റെ നിർണായക യോഗം ചേരും.

ഇതിന് മുന്നോടിയായി സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി, ആം ആദ്മി പാർട്ടി (ആപ്പ്) ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്.തിരഞ്ഞെടുപ്പ് കമ്മീഷൻ സമ്പൂർണ്ണ യോഗം ചേർന്ന് ചില തിരുത്തലുകൾ വരുത്തിയെങ്കിലും കമ്മീഷനുള്ളിലെ അസ്വസ്ഥതകൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.

പശ്ചിമബംഗാളിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകളുടെ അപ്പീലുകളിൽ എന്ത് നടപടിയുണ്ടാകുമെന്നതിൽ വ്യക്തത വന്നിട്ടില്ല. കൂടാതെ ഫോം 6 ഓൺലൈൻ അപേക്ഷകളിൽ പുതുതായി ഉൾപ്പെടുത്തിയ ചോദ്യങ്ങൾ പിൻവലിക്കുമോ, ആരോപണവിധേയരായ ഉദ്യോഗസ്ഥർ തുടരുമോ എന്ന കാര്യങ്ങളിലും കമ്മീഷൻ തീരുമാനം എടുത്തിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384491/protest-against-gyanesh-kumar-congress-collectorate-march-nationwide-today)