---
title: "കൊട്ടിയൂർ-വയനാട് 44-ാം മൈൽ ചുരമില്ലാ പാത: കേന്ദ്ര അനുമതിക്കായി കൂട്ടായ ശ്രമം വേണമെന്ന് മന്ത്രി സണ്ണി ജോസഫ്"
english_title: "Kottiyoor Wayanad 44th Mile Churamilla Patha: Minister Sunny Joseph Urges Collective Effort"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384493/kottiyoor-wayanad-44th-mile-churamilla-patha-minister-sunny-joseph-urges-collective-effort"
published_at: "2026-09-28T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab9f8001d8be_WhatsApp_Image_2026-09-27_at_7.19.40_PM.jpeg"
keywords: ["Kottiyoor Wayanad Road", "44th Mile Churamilla Patha", "Minister Sunny Joseph", "Kannur Wayanad Road"]
---

# കൊട്ടിയൂർ-വയനാട് 44-ാം മൈൽ ചുരമില്ലാ പാത: കേന്ദ്ര അനുമതിക്കായി കൂട്ടായ ശ്രമം വേണമെന്ന് മന്ത്രി സണ്ണി ജോസഫ്

> **Lead Summary:** **കൊട്ടിയൂർ**: കണ്ണൂർ, വയനാട് ജില്ലകളെ പരസ്പരം ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-അമ്പായത്തോട്-തലപ്പുഴ 44-ാം മൈൽ ചുരമില്ലാ പാത യാഥാർഥ്യമാക്കുന്നതിന് കേന്ദ്ര വനം വകുപ്പിന്റെ അനുമതി അനിവാര്യമാണെന്നും അതിനായി കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒന്നിക്കണമെന്നും മന്ത്രി അഡ്വ. സണ്ണി ജോസഫ് ആവശ്യപ്പെട്ടു. 44-ാം മൈൽ ചുരംരഹിത റോഡുമായി ബന്ധപ്പെട്ട് കൊട്ടിയൂരിൽ വിളിച്ച് ചേർത്ത ജനപ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കൊട്ടിയൂർ**: കണ്ണൂർ, വയനാട് ജില്ലകളെ പരസ്പരം ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-അമ്പായത്തോട്-തലപ്പുഴ 44-ാം മൈൽ ചുരമില്ലാ പാത യാഥാർഥ്യമാക്കുന്നതിന് കേന്ദ്ര വനം വകുപ്പിന്റെ അനുമതി അനിവാര്യമാണെന്നും അതിനായി കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒന്നിക്കണമെന്നും മന്ത്രി അഡ്വ. സണ്ണി ജോസഫ് ആവശ്യപ്പെട്ടു. 44-ാം മൈൽ ചുരംരഹിത റോഡുമായി ബന്ധപ്പെട്ട് കൊട്ടിയൂരിൽ വിളിച്ച് ചേർത്ത ജനപ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ റോഡിനായുള്ള ശ്രമങ്ങൾ നേരത്തേ ആരംഭിച്ചിരുന്നെങ്കിലും നിലവിൽ പാതയുടെ ആവശ്യം വലിയ തോതിൽ വർധിച്ചിരിക്കുകയാണ്. വയനാട്ടിലേക്കുള്ള നിലവിലെ പ്രധാന പാതകളായ പാൽച്ചുരം റോഡിലും നെടുമ്പൊയിൽ-പേരിയ ചുരം റോഡിലും മഴക്കാലത്ത് മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള തടസ്സങ്ങൾ ഗതാഗതം ദുഷ്കരമാക്കുന്നു.

പാൽച്ചുരം പാത നവീകരിക്കാൻ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും, അവിടെ വീതികൂട്ടുക സാധ്യമല്ലാത്തതിനാൽ ഭാവിയിലും ഗതാഗതക്കുരുക്ക് രൂക്ഷമാകും. ഇത്തരം സാഹചര്യത്തിലാണ് 44-ാം മൈൽ ചുരമില്ലാ പാതയുടെ പ്രസക്തിയേറുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്ര വനം നിയമപ്രകാരം പദ്ധതി പ്രദേശം വന്യജീവി സങ്കേതമായതിനാൽ (Wildlife Sanctuary) ഡ്രോൺ സർവേ ഉൾപ്പെടെയുള്ള പ്രാഥമിക മുന്നൊരുക്കങ്ങൾക്ക് പോലും വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്. നടപടിക്രമങ്ങൾ ഏറെയുള്ളതിനാൽ പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കുക എളുപ്പമല്ല.

സംസ്ഥാന സർക്കാരിന് ഒറ്റയ്ക്ക് ഇത് യാഥാർഥ്യമാക്കാനാകില്ലെന്നും ജില്ലയിലെ ലോക്‌സഭാ-രാജ്യസഭാ എം.പിമാരുടെ പിന്തുണയും ഫലപ്രദമായ ഇടപെടലും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോഡിനായി വിട്ടുനൽകുന്ന വനഭൂമിക്ക് പകരമായി ആവശ്യമായ ഭൂമി നൽകാൻ സർക്കാർ തയ്യാറാണ്.

ഇക്കാര്യം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ ബോധ്യപ്പെടുത്തുന്നതിനായുള്ള നടപടികൾ ഉടൻ സ്വീകരിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ധരിപ്പിക്കുന്നതിനും നിവേദനം നൽകുന്നതിനുമായി തിങ്കളാഴ്ച കണ്ണൂരിലെത്തുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ, വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ എന്നിവരെ നേരിൽ കാണാൻ യോഗം തീരുമാനിച്ചു.

മാനന്തവാടി എം.എൽ.എ ഉഷ വിജയൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മീനാക്ഷി രാമൻ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൈജു വർഗ്ഗീസ്, തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡണ്ട് എം.ജി. ബിജു, കേളകം പഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ്, കണിച്ചാർ പഞ്ചായത്ത് പ്രസിഡണ്ട് ഡോ. ത്രേസ്യാ പോൾ, ജില്ലാ പഞ്ചായത്ത് അംഗം ജയ്‌സൻ കാരക്കാട്ട്, കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോയ് നമ്പുടാകം, മുൻ കാപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് ജോർജ് കുട്ടി മുക്കാട് തുടങ്ങിയ ജനപ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384493/kottiyoor-wayanad-44th-mile-churamilla-patha-minister-sunny-joseph-urges-collective-effort)