---
title: "കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം: കേന്ദ്രസർക്കാർ ചട്ടം കൊണ്ടുവരണമെന്ന് സുപ്രീം കോടതി"
english_title: "Supreme Court Directs Centre to Regulate Children Social Media Use"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384650/supreme-court-directs-centre-to-regulate-children-social-media-use"
published_at: "2026-09-29T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb491b8f9c2_images_(30).jpeg"
keywords: ["children social media age limit", "Supreme Court news Kerala", "IT Act social media rules", "Justice Surya Kant"]
---

# കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം: കേന്ദ്രസർക്കാർ ചട്ടം കൊണ്ടുവരണമെന്ന് സുപ്രീം കോടതി

> **Lead Summary:** **ന്യൂഡൽഹി**: രാജ്യത്ത് കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ കർശന നിയന്ത്രണം ആവശ്യപ്പെട്ട് സുപ്രീം കോടതി. കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ഉടൻ നിയമ നിർമ്മാണമോ ചട്ടങ്ങളോ കൊണ്ടുവരണമെന്നും, സർക്കാർ അതിൽ പരാജയപ്പെട്ടാൽ ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) ആക്ട് പ്രകാരം കോടതി തന്നെ ആവശ്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

## Article Content

**ന്യൂഡൽഹി**: രാജ്യത്ത് കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ കർശന നിയന്ത്രണം ആവശ്യപ്പെട്ട് സുപ്രീം കോടതി. കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ ഉടൻ നിയമ നിർമ്മാണമോ ചട്ടങ്ങളോ കൊണ്ടുവരണമെന്നും, സർക്കാർ അതിൽ പരാജയപ്പെട്ടാൽ ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) ആക്ട് പ്രകാരം കോടതി തന്നെ ആവശ്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

'ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ്' എന്ന സംഘടന നൽകിയ പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കുട്ടികൾ സോഷ്യൽ മീഡിയയും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കുമ്പോൾ അവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള സമഗ്രമായ സംവിധാനം വേണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.

വാദത്തിനിടെ, വിഷയം നിലവിൽ ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ നിയമത്തിന്റെ (DPDP Act) പരിധിയിൽ വരുമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. എന്നാൽ, ഡിപിഡിപി നിയമം ഇതുവരെ പൂർണ്ണമായി നിലവിൽ വന്നിട്ടില്ലെന്നും 2027 മുതൽ മാത്രമാണ് ഇത് പ്രാബല്യത്തിൽ വരികയെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ട് തുടങ്ങാൻ അനുമതി നൽകുന്നത് ആശങ്കാജനകമാണെന്ന് ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി നിരീക്ഷിച്ചു. 15 വയസ്സുള്ള ഒരു കുട്ടിക്ക് എളുപ്പത്തിൽ ട്വിറ്റർ അക്കൗണ്ട് തുടങ്ങാൻ കഴിയുന്ന സാഹചര്യം ഖേദകരമാണെന്നും, പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ട് ആരംഭിക്കാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസ്സായി ഉയർത്തുന്നത് ആലോചിക്കണമെന്നും ബെഞ്ച് നിർദ്ദേശിച്ചു.

രാജ്യത്തെ നിയമങ്ങൾക്ക് അനുസൃതമായി സോഷ്യൽ മീഡിയ ഇടനിലക്കാർക്കായി (Social Media Intermediaries) കേന്ദ്ര സർക്കാർ ഉടൻ പുതിയ ചട്ടങ്ങൾ പുറപ്പെടുവിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചപ്പോൾ, അതിന് സർക്കാർ തയ്യാറാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ ബോധിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384650/supreme-court-directs-centre-to-regulate-children-social-media-use)