---
title: "ലഹരിക്കെതിരായ പോരാട്ടത്തിൽ അമ്മമാരാണ് ശക്തി: മന്ത്രി രമേശ് ചെന്നിത്തല - തൂഫാൻ തദ്ദേശത്തിന് തുടക്കമായി"
english_title: "Operation Toofan second Phase Thoofan Thadesham Launch Malappuram Ramesh Chennithala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384660/operation-toofan-second-phase-thoofan-thadesham-launch-malappuram-ramesh-chennithala"
published_at: "2026-09-29T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb566c686d8_1000318193.jpg"
keywords: ["Operation Toofan", "Thoofan Thadesham", "Ramesh Chennithala", "Anti Drug Campaign"]
---

# ലഹരിക്കെതിരായ പോരാട്ടത്തിൽ അമ്മമാരാണ് ശക്തി: മന്ത്രി രമേശ് ചെന്നിത്തല - തൂഫാൻ തദ്ദേശത്തിന് തുടക്കമായി

> **Lead Summary:** **മലപ്പുറം**: ലഹരിക്കെതിരായ പോരാട്ടത്തിൽ അമ്മമാരാണ് പ്രധാന ശക്തിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിൽ ലഹരി മാഫിയക്കെതിരെ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശ'ത്തിന്റെ ഉദ്ഘാടനം മലപ്പുറം വേങ്ങരയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**മലപ്പുറം**: ലഹരിക്കെതിരായ പോരാട്ടത്തിൽ അമ്മമാരാണ് പ്രധാന ശക്തിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിൽ ലഹരി മാഫിയക്കെതിരെ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശ'ത്തിന്റെ ഉദ്ഘാടനം മലപ്പുറം വേങ്ങരയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞാൻ എന്റെ നാടിന്റെ കാവലാൾ' എന്ന സന്ദേശവുമായാണ് തൂഫാൻ തദ്ദേശത്തിന് തുടക്കമായത്. രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ലഹരിവിരുദ്ധ പോരാട്ടത്തിന്റെ രണ്ടാം ഘട്ടമാണിത്. മക്കളിൽ ഉണ്ടാകുന്ന ചെറിയ മാറ്റം പോലും പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്നത് അമ്മമാർക്കാണെന്നും അതുകൊണ്ടുതന്നെ അമ്മമാരുടെ പിന്തുണയാണ് ഓപ്പറേഷൻ തൂഫാനെ വൻ വിജയമാക്കിയതെന്നും മന്ത്രി പറഞ്ഞു.

സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി മാഫിയ വട്ടമിട്ട് പറക്കുകയാണ്. ലഹരി നമ്മുടെ വീടുകളിലേക്ക് വരെ എത്തിയിരിക്കുന്നു എന്ന തിരിച്ചറിവ് വേണം. ഓപ്പറേഷൻ തൂഫാൻ തുടങ്ങിയ ശേഷം സംസ്ഥാനത്ത് ലഹരി ഉപയോഗം 20 മുതൽ 30 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. രാപ്പകലില്ലാതെ പോരാട്ടം നടത്തുന്ന പോലീസിനെ അഭിനന്ദിക്കുന്നതായും കോയമ്പത്തൂരിൽ നിന്ന് 13 കിലോ എം.ഡി.എം.എ പിടികൂടിയ മലപ്പുറം പോലീസിനെ പ്രത്യേകം അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

രണ്ടാം ഘട്ടത്തിൽ ജനസേനയെ മുന്നിൽ നിർത്തിയുള്ള പ്രവർത്തനമാണ് ഉണ്ടാവുക. ലഹരിവിരുദ്ധ പോരാട്ടം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഓരോ വാർഡിലേക്കും വ്യാപിപ്പിക്കും. എല്ലാ വാർഡുകളിലും തൂഫാൻ സമിതികൾ രൂപീകരിക്കും. ലഹരി വേട്ടയ്ക്കൊപ്പം ഇരകളെ സംരക്ഷിക്കാനും തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനും പ്രത്യേക പദ്ധതികളുണ്ട്. ഇതിനായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും സംസ്ഥാനത്തെ 35 ഓളം ആശുപത്രികളുടെയും സഹകരണത്തോടെ ലഹരിമുക്തിക്ക് പ്രത്യേക പ്രോട്ടോക്കോൾ നടപ്പിലാക്കും. വിവരങ്ങൾ നൽകാൻ തൂഫാൻ ആപ്പ്, സ്കൂളുകളിൽ തൂഫാൻ ഐസ് നിരീക്ഷണ സംവിധാനം, കുട്ടികൾക്കായി തൂഫാൻ പ്ലേയിലൂടെ കായിക ഉപകരണങ്ങൾ എന്നിവയും നടപ്പിലാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി സ്വാഗതം പറഞ്ഞു. തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ തൂഫാൻ തദ്ദേശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മന്ത്രി സദസിലുള്ള എല്ലാവരെയും തൂഫാൻ വാരിയേഴ്സായി പ്രഖ്യാപിച്ചു.

ചടങ്ങിൽ പി.വി അബ്ദുൾ വഹാബ് എം.പി, എം.എൽ.എമാരായ മഞ്ഞളാംകുഴി അലി, ആബിദ് ഹുസൈൻ തങ്ങൾ, വി.എസ് ജോയ്, എ.ഡി.ജി.പി പി വിജയൻ, തൂഫാൻ നോഡൽ ഓഫീസർ പുട്ട വിമലാദിത്യ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാർ ഹാജി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384660/operation-toofan-second-phase-thoofan-thadesham-launch-malappuram-ramesh-chennithala)