---
title: "വന്യജീവി ആക്രമണം: നഷ്ടപരിഹാരം 21 ലക്ഷമാക്കി ഉയർത്തും; കൃഷിനാശത്തിനുള്ള തുക ഇരട്ടിയാക്കുമെന്നും വനംമന്ത്രി"
english_title: "Wildlife Attack Compensation Hike 21 Lakh Forest Minister Shibu Baby John Crop Damage Double Kozhikode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384694/wildlife-attack-compensation-21-lakh-crop-damage-double-forest-minister-shibu-baby-john"
published_at: "2026-09-29T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb7654e5829_1000236818.jpg"
keywords: ["Wildlife Attack Compensation", "Shibu Baby John Forest Minister", "Crop Damage Compensation Double", "Human Wildlife Conflict Kerala"]
---

# വന്യജീവി ആക്രമണം: നഷ്ടപരിഹാരം 21 ലക്ഷമാക്കി ഉയർത്തും; കൃഷിനാശത്തിനുള്ള തുക ഇരട്ടിയാക്കുമെന്നും വനംമന്ത്രി

> **Lead Summary:** **കോഴിക്കോട്: **വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ. വന്യജീവി സംഘർഷത്തിൽ ജീവൻ നഷ്ടപ്പെടുന്നവർക്കുള്ള നഷ്ടപരിഹാര തുക 14 ലക്ഷം രൂപയിൽ നിന്ന് 21 ലക്ഷം രൂപയായി ഉയർത്തുമെന്നും കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കുമെന്നും മന്ത്രി അറിയിച്ചു.

## Article Content

**കോഴിക്കോട്: **വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ. വന്യജീവി സംഘർഷത്തിൽ ജീവൻ നഷ്ടപ്പെടുന്നവർക്കുള്ള നഷ്ടപരിഹാര തുക 14 ലക്ഷം രൂപയിൽ നിന്ന് 21 ലക്ഷം രൂപയായി ഉയർത്തുമെന്നും കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കുമെന്നും മന്ത്രി അറിയിച്ചു.

യുഡിഎഫ് പ്രകടനപത്രികയിൽ 50 ശതമാനം വർധനവാണ് വാഗ്ദാനം ചെയ്തിരുന്നതെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്താണ് നഷ്ടപരിഹാര തുക 100 ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. 2015ലാണ് ഇതിനുമുമ്പ് വന്യമൃഗ ശല്യത്തിനുള്ള നഷ്ടപരിഹാരം വർധിപ്പിച്ചത്. അതിനുശേഷം തുകയിൽ മാറ്റമൊന്നും ഉണ്ടായിരുന്നില്ല.

സർക്കാരിന്റെ ‘നക്കാപ്പിച്ച’ക്ക് വേണ്ടി കർഷകർക്ക് കാത്തിരിക്കേണ്ടി വരുന്നു എന്ന തന്റെ മുൻ പ്രസംഗത്തിലെ പരാമർശത്തിൽ മന്ത്രി വ്യക്തത വരുത്തി. കർഷകർക്ക് നിലവിൽ ലഭിക്കുന്ന തുക തികച്ചും അപര്യാപ്തമാണെന്ന അർത്ഥത്തിലാണ് താൻ ‘നക്കാപ്പിച്ച’ എന്ന് പ്രയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കാത്തിരുന്ന് മടുത്ത് നഷ്ടപരിഹാരം വേണ്ടെന്ന് വെക്കേണ്ടി വരുന്ന കർഷകരുടെ കണക്കുകളാണ് തന്റെ മുന്നിലേക്ക് എത്തിയത്. ആ സ്ഥിതിക്ക് മാറ്റം വരുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വന്യജീവിശല്യം വളരെ സങ്കീർണമായ ഒരു വിഷയമാണെന്നും വിവിധ വകുപ്പുകൾ ഒരുമിച്ച് നിന്ന് പ്രവർത്തിച്ചാൽ മാത്രമേ ഇത് ഫലപ്രദമായി കൈകാര്യം ചെയ്യാൻ സാധിക്കൂ എന്നും മന്ത്രി ഷിബു ബേബി ജോൺ ചൂണ്ടിക്കാട്ടി. വന്യമൃഗങ്ങളെ വനത്തിനകത്ത് തന്നെ നിലനിർത്താനുള്ള പ്രായോഗിക ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384694/wildlife-attack-compensation-21-lakh-crop-damage-double-forest-minister-shibu-baby-john)