---
title: "ചരിത്രത്തിലേക്ക് വെടിയുതിർത്ത് നീരു ദണ്ഡ; ഷൂട്ടിംഗ് ട്രാപ് വനിതാ വിഭാഗത്തിൽ സ്വർണം"
english_title: "Asian Games 2026 Nagoya Neeru Dhand Gold Medal Shooting Trap Women India Fifth Gold Asian Record"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384701/asian-games-nagoya-neeru-dhand-gold-shooting-trap-women-india-fifth-gold"
published_at: "2026-09-29T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb7d8cd3c67_1000236835.jpg"
keywords: ["Asian Games 2026 Nagoya", "Neeru Dhand Gold Medal", "Shooting Trap Women", "India Fifth Gold Asian Record"]
---

# ചരിത്രത്തിലേക്ക് വെടിയുതിർത്ത് നീരു ദണ്ഡ; ഷൂട്ടിംഗ് ട്രാപ് വനിതാ വിഭാഗത്തിൽ സ്വർണം

> **Lead Summary:** **നഗോയ്: **ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് അഞ്ചാം സ്വർണം. ഷൂട്ടിംഗ് ട്രാപ് വനിതാ വിഭാഗത്തിൽ നീരു ദണ്ഡ സ്വർണം നേടി. ഏഷ്യൻ ഗെയിംസ് ട്രാപ് വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് നീരു.

## Article Content

**നഗോയ്: **ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് അഞ്ചാം സ്വർണം. ഷൂട്ടിംഗ് ട്രാപ് വനിതാ വിഭാഗത്തിൽ നീരു ദണ്ഡ സ്വർണം നേടി. ഏഷ്യൻ ഗെയിംസ് ട്രാപ് വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് നീരു.

നഗോയ് ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണവും കൂടിയാണിത്. 30ൽ 28 ക്ലേ പീജിയൻസും വെടിവച്ചിട്ട് ഏഷ്യൻ റെക്കോർഡിന്റെ തിളക്കത്തോടെയാണ് നീരുവിന്റെ സുവർണനേട്ടം.

ഇടിക്കൂട്ടിലും ഇന്ത്യയുടെ മെഡൽ പഞ്ചിന് ഇന്ന് സാക്ഷ്യം വഹിച്ചു. വനിതകളുടെ 65 കിലോ വിഭാഗത്തിൽ പർവീൺ ഹൂഡയും പുരുഷന്മാരുടെ 80 കിലോയിൽ അങ്കുഷ് പംഘലും ഫൈനലിലേക്ക് മുന്നേറി. പുരുഷന്മാരുടെ 90 കിലോയിൽ നിലവിലെ ലോകചാമ്പ്യനായ കസാഖിസ്ഥാൻ താരത്തോട് തോറ്റ നരീന്ദർ ബെർവാളിന്റെ മുന്നേറ്റം വെങ്കല നേട്ടത്തിൽ അവസാനിച്ചു.

സ്ക്വാഷിൽ ഇന്ത്യൻ വനിതാ ടീം ഇറാൻ ടീമിനെ തോൽപ്പിച്ച് ക്വാർട്ടറിലെത്തി. ഒരു ജയം നേടിയാൽ ജോഷ്ന ചിന്നപ്പ, അനാഹത് സിംഗ്, തൻവി ഖന്ന എന്നിവർ ഉൾപ്പെട്ട ടീമിന് മെഡൽ ഉറപ്പിക്കാം. പുരുഷ അമ്പെയ്ത്തിൽ ധീരജ് ബൊമ്മദേവരയും നീരജ് ചൗഹാനും വനിതകളിൽ കുംകും മൊഹോദും ക്വാർട്ടറിലെത്തി.

അത്‌ലറ്റിക്സിലാണ് ഇനി ഇന്ത്യയുടെ പ്രതീക്ഷകൾ. 800 മീറ്ററിൽ പാലക്കാട്ടുകാരൻ മുഹമ്മദ് അഫ്സലും റിലേ ടീമുകളും മെഡൽ പ്രതീക്ഷയോടെ ഇറങ്ങും. 5000 മീറ്ററിൽ ഗുൽവീർ സിംഗിനും അവിനാഷ് സാബ്ലെയും മത്സരിക്കും. ഗെയിംസിലെ മൂന്നാം മെഡൽ ലക്ഷ്യമിട്ടാണ് ഗുൽവീർ ട്രാക്കിലെത്തുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384701/asian-games-nagoya-neeru-dhand-gold-shooting-trap-women-india-fifth-gold)