---
title: "വൈദ്യുതി പ്രതിസന്ധി യുഡിഎഫ് സർക്കാരിന്റെ പിടിപ്പുകേട്, ഭരണപരമായ കഴിവുകേട് മറച്ചുവെക്കാൻ എൽഡിഎഫിന് മേൽ പഴിചാരുന്നു: പിണറായി വിജയൻ"
english_title: "Electricity Crisis UDF Government Failure Pinarayi Vijayan Opposition Leader Privatization Adani Ambani Battery Storage"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/384713/electricity-crisis-udf-government-failure-pinarayi-vijayan-opposition-leader-privatization"
published_at: "2026-09-29T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb850140857_1000236850.jpg"
keywords: ["Electricity Crisis Kerala", "Pinarayi Vijayan Opposition Leader", "UDF BJP Privatization Agenda", "Battery Storage System"]
---

# വൈദ്യുതി പ്രതിസന്ധി യുഡിഎഫ് സർക്കാരിന്റെ പിടിപ്പുകേട്, ഭരണപരമായ കഴിവുകേട് മറച്ചുവെക്കാൻ എൽഡിഎഫിന് മേൽ പഴിചാരുന്നു: പിണറായി വിജയൻ

> **Lead Summary:** **തിരുവനന്തപുരം: **വൈദ്യുതി പ്രതിസന്ധി യുഡിഎഫ് സർക്കാരിന്റെ പിടിപ്പുകേടാണെന്നും കച്ചവട ചരക്കായി വൈദ്യുതി മേഖലയെ മാറ്റിയെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **വൈദ്യുതി പ്രതിസന്ധി യുഡിഎഫ് സർക്കാരിന്റെ പിടിപ്പുകേടാണെന്നും കച്ചവട ചരക്കായി വൈദ്യുതി മേഖലയെ മാറ്റിയെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു.

വൈദ്യുതി ഉൽപ്പാദന പ്രസരണ വിതരണ മേഖലയിൽ സ്വകാര്യവൽക്കരണമാണ് യുഡിഎഫ്, ബിജെപി അജണ്ട. രാജ്യത്തെ വൈദ്യുതി ഉൽപ്പാദനത്തിന്റെ 60 ശതമാനം സ്വകാര്യ കുത്തകകളായ അദാനി, അംബാനി, ടാറ്റ എന്നിവരുടെ കൈയിലാണ്. പ്രതിസന്ധി വന്നാൽ ജനങ്ങളെ കൊള്ളയടിക്കാൻ അവസരം ലഭിക്കും.

അതിനുള്ള വഴിയൊരുക്കലാണ് ഇപ്പോൾ നടക്കുന്നത്. വൈദ്യുതി രംഗത്തെ സ്വകാര്യവൽക്കരണത്തെ എൽഡിഎഫ് സർക്കാർ എതിർത്തു. യുഡിഎഫ് അധികാരത്തിൽ വരുമ്പോഴൊക്കെ വൈദ്യുതി മേഖലയിൽ വലിയ മുരടിപ്പ് നേരിടുന്നു. സർക്കാർ എന്ന നിലയിൽ ചെയ്യേണ്ട മുൻകരുതൽ എടുത്തില്ല. കെടുകാര്യസ്ഥത നാടിനെയാകെ ഇരുട്ടിലാക്കുന്നതാണ് കണ്ടത്. നടപടികൾ സ്വീകരിക്കുന്നതിൽ കടുത്ത അലംഭാവമാണ് സർക്കാർ കാട്ടിയതെന്നും പിണറായി വിജയൻ വിമർശിച്ചു.

ഭരണപരമായ കഴിവുകേട് മറച്ചുവെക്കാൻ എൽഡിഎഫിന് മേൽ പഴി ചാരുകയാണ്. അതിനായി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു. ദീർഘകാല വൈദ്യുതി കരാർ എൽഡിഎഫ് റദ്ദാക്കി എന്നാണ് പ്രചരണം. തീർത്തും വസ്തുതാവിരുദ്ധമാണ്. കരാർ ഉണ്ടാക്കുന്നതിന് മുൻപ് കേന്ദ്ര അനുമതിയും സംസ്ഥാന റെഗുലേറ്ററി കമ്മീഷന്റെ അനുമതിയും ഉണ്ടായിരുന്നില്ല.

കരാർ റദ്ദായിട്ടും പ്രതിസന്ധി ഒഴിവാക്കാൻ കരാർ പുനഃസ്ഥാപിച്ചു കിട്ടാൻ എൽഡിഎഫ് പരിശ്രമിച്ചു. റെഗുലേറ്ററി കമ്മീഷന് കരാർ പുനഃസ്ഥാപിക്കാൻ നിർദ്ദേശം നൽകുന്ന അസാധാരണ നടപടി സ്വീകരിച്ചു. വസ്തുത ഇതായിരിക്കെ അടിസ്ഥാനമില്ലാത്ത പ്രചരണമാണ് നടത്തുന്നത്. എൽഡിഎഫ് കാലത്ത് പ്രതിസന്ധി നേരിട്ടപ്പോൾ ഫലപ്രദമായ ഇടപെടലിലൂടെ പരിഹാരം കണ്ടു.

ഇപ്പോൾ എന്താണ് നടക്കുന്നത്. അവിടെയാണ് പ്രതിസന്ധിയുടെ യഥാർത്ഥ രാഷ്ട്രീയം വ്യക്തമാകുന്നത്. അത് സ്വകാര്യവൽക്കരണമാണ്. വൈദ്യുതി മേഖല വിഴുങ്ങാൻ വേണ്ടി നിൽക്കുന്ന കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് യുഡിഎഫ് സർക്കാർ നിലകൊള്ളുന്നത്. ബാറ്ററി സ്റ്റോറേജ് സംവിധാനത്തിന്റെ നിർമ്മാണം എന്തുകൊണ്ടാണ് വൈകുന്നതെന്നും അദ്ദേഹം ചോദിച്ചു.

തികഞ്ഞ അലംഭാവമാണിത്. ബാറ്ററി സ്റ്റോറേജ് മേഖലയിൽ സ്വകാര്യവൽക്കരണം കൊണ്ടുവരുമെന്ന് പറഞ്ഞത് യുഡിഎഫ് ധവളപത്രമാണ്. അതുകൂടി ഓർത്തുകൊണ്ട് വേണം ഈ പ്രതിസന്ധിയെ കാണാൻ. അദാനിക്ക് ചുവടുറപ്പിക്കാനുള്ള ആസൂത്രണമാണ് ഇപ്പോൾ നടക്കുന്നത്.

അങ്ങനെ ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാവില്ല. ഇതിന്റെ എല്ലാം പിന്നിൽ നേരായ ഉദ്ദേശമല്ല. നാടിന്റെ താൽപര്യമല്ല. അത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഒരു കാരണവശാലും കേരളത്തനിമ നഷ്ടപ്പെടുത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/384713/electricity-crisis-udf-government-failure-pinarayi-vijayan-opposition-leader-privatization)