---
title: "ഫ്‌ളൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ആക്രമണത്തിൽ പരുക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ചാറുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി"
english_title: "Fly Dubai Flight Co Pilot Attack Captain Smith Machhar Phone Call PM Narendra Modi Brave Mother Example"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385170/fly-dubai-flight-co-pilot-attack-captain-smith-machhar-pm-modi-phone-call"
published_at: "2026-10-02T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf73454ba92_1000237429.jpg"
keywords: ["Fly Dubai Flight Co Pilot Attack Captain Smith Machhar", "PM Narendra Modi Phone Call Brave Mother Example", "Dubai Tel Aviv Emergency Landing Saudi Arabia"]
---

# ഫ്‌ളൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ആക്രമണത്തിൽ പരുക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ചാറുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി

> **Lead Summary:** **ഡൽഹി: **ഫ്‌ളൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ആക്രമണത്തിൽ പരുക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ചാറുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്മിത് മച്ചാർ ധീരതയുടെ ഉദാത്ത മാതൃകയെന്ന് പ്രധാനമന്ത്രി പറഞ്ഞു. വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

## Article Content

**ഡൽഹി: **ഫ്‌ളൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ആക്രമണത്തിൽ പരുക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ചാറുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്മിത് മച്ചാർ ധീരതയുടെ ഉദാത്ത മാതൃകയെന്ന് പ്രധാനമന്ത്രി പറഞ്ഞു. വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

മച്ചാറിന്റെ ധൈര്യവും വീര്യവും പെട്ടെന്നുള്ള തീരുമാനമെടുക്കാനുള്ള കഴിവും നിരവധി ആളുകളുടെ ജീവൻ രക്ഷിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന്, ജീവൻ അപഹരിക്കുന്നവരല്ല, മറിച്ച് ജീവൻ രക്ഷിക്കുന്നവരാണ് നമ്മൾ ഇന്ത്യക്കാർ എന്ന് അഭിമാനത്തോടെ പറയാൻ രാജ്യത്തിന് മുഴുവൻ സാധിക്കും.

മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയം വെക്കാൻ സന്നദ്ധരായവരാണ് ഇന്ത്യക്കാർ എന്ന് അഭിമാനത്തോടെ പറയാൻ രാജ്യത്തിന് കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തിനിടെ മച്ചാൻ വികാരാധീനനായി. പ്രധാനമന്ത്രിയാണ് തന്റെ ഏറ്റവും വലിയ മാതൃകയെന്നും ഇത്തരത്തിൽ വിളിച്ച് തന്നോട് സംസാരിക്കുന്നതിൽ അഭിമാനമെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ഒരുപാട് പരുക്കുകൾ പറ്റിയിരുന്നു, എങ്കിലും എഴുന്നേൽക്കണമെന്നും എന്തെങ്കിലും പ്രവർത്തിക്കണമെന്നും ഞാൻ എന്നോട് തന്നെ പറഞ്ഞു.

ആ നിമിഷം, ഞാൻ എന്റെ ജീവനുവേണ്ടി പോരാടുകയായിരുന്നു. ഞാൻ താഴെ വീണിരുന്നു; എന്നാൽ എഴുന്നേറ്റില്ലെങ്കിൽ ഞാൻ മരിച്ചുപോകുമെന്ന് എനിക്ക് ബോധ്യമായി എന്ന് സംഭവം ഓർത്തെടുത്ത് അദ്ദേഹം പ്രധാനമന്ത്രിയോട് പറഞ്ഞു.

ഞാൻ 17 വർഷത്തിലേറെയായി വിമാനം പറത്തുന്നുണ്ട്, കഴിഞ്ഞ 11 വർഷമായി ക്യാപ്റ്റനുമാണ്. അതുകൊണ്ട് കണ്ണടച്ചാൽ പോലും വിമാനത്തിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലാക്കാൻ സാധിക്കും. അവസാനമായി ഒരു ശ്രമം കൂടി നടത്തേണ്ടതുണ്ടെന്ന് എനിക്കറിയാമായിരുന്നു.

കോക്പിറ്റ് വാതിൽ തുറക്കാൻ ഞാൻ പരമാവധി പരിശ്രമിച്ചു. അത് തുറന്നതോടെ മറ്റുള്ളവരെല്ലാം അകത്തേക്ക് വന്നു. പിന്നീട് നടന്ന കാര്യങ്ങളിൽ എല്ലാവർക്കും തുല്യമായ പങ്കുണ്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ഗുരുതര പരുക്കേറ്റ സ്മിത് മച്ചാർ യുഎഇയിൽ ചികിത്സയിലാണ്. ദുബായിൽ നിന്ന് ടെൽഅവീവിലേക്ക് പുറപ്പെട്ട ഫ്‌ളൈ ദുബായ് വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ലാൻഡ് ചെയ്തതിന് പിന്നിൽ പൈലറ്റുമാർ തമ്മിലുണ്ടായ തർക്കമാണെന്ന് യുഎഇ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.

ഇപ്പോൾ കോക്പിറ്റിനുള്ളിൽ സംഘർഷം ഉണ്ടായതായി സൗദി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുകയാണ്. പ്രാഥമിക അന്വേഷണത്തിൽ സംഘർഷമുണ്ടായെന്ന് കണ്ടെത്തി. രണ്ട് പൈലറ്റുമാർക്കും പരുക്കേറ്റിട്ടുണ്ട്. ഇരുവർക്കും മതിയായ ചികിത്സ ഉറപ്പാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385170/fly-dubai-flight-co-pilot-attack-captain-smith-machhar-pm-modi-phone-call)