---
title: "ഗ്യാനേഷ് കുമാറിനെതിരായ അഴിമതി പരാതി: വിജിലൻസ് അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും"
english_title: "Gyanesh Kumar Corruption Allegation: Vigilance Team Likely to Be Formed Today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385553/gyanesh-kumar-corruption-case-vigilance-investigation-team-kerala"
published_at: "2026-10-05T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac3261b06082_fhdh.jpeg"
keywords: ["Gyanesh Kumar", "KSTP Corruption Case", "Vigilance Investigation", "Kerala News", "Malayinkeezhu Venugopal"]
---

# ഗ്യാനേഷ് കുമാറിനെതിരായ അഴിമതി പരാതി: വിജിലൻസ് അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിച്ചേക്കും

> **Lead Summary:** **ഡൽഹി:** കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ കേരളത്തിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരിക്കെ നടന്ന കെഎസ്ടിപി പദ്ധതിയിലെ അഴിമതിയിലും വിദേശ എൻജിനീയറുടെ ആത്മഹത്യയിലും വിജിലൻസ് അന്വേഷണം ഉടൻ ആരംഭിക്കും. കേസ് അന്വേഷിക്കുന്ന പ്രത്യേക വിജിലൻസ് സംഘത്തെക്കുറിച്ച് ഇന്ന് തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. എസ്ഐആർ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടെയാണ്, 20 വർഷം മുൻപുള്ള ഈ സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്താൻ സംസ്ഥാന ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്.

## Article Content

**ഡൽഹി:** കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ കേരളത്തിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരിക്കെ നടന്ന കെഎസ്ടിപി പദ്ധതിയിലെ അഴിമതിയിലും വിദേശ എൻജിനീയറുടെ ആത്മഹത്യയിലും വിജിലൻസ് അന്വേഷണം ഉടൻ ആരംഭിക്കും. കേസ് അന്വേഷിക്കുന്ന പ്രത്യേക വിജിലൻസ് സംഘത്തെക്കുറിച്ച് ഇന്ന് തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. എസ്ഐആർ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടെയാണ്, 20 വർഷം മുൻപുള്ള ഈ സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്താൻ സംസ്ഥാന ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്.

ആഭ്യന്തരമന്ത്രിക്ക് നേരിട്ട് ലഭിച്ച പരാതി തുടരന്വേഷണത്തിനായി വിജിലൻസ് ഡയറക്ടർക്ക് കൈമാറുകയായിരുന്നു. കെഎസ്ടിപി പദ്ധതിയിലെ വൻ ക്രമക്കേടുകൾ, ഉന്നത ഉദ്യോഗസ്ഥതലത്തിലെ അനാവശ്യ ഇടപെടലുകൾ, കരാർ കമ്പനിയായ മലേഷ്യൻ സ്ഥാപനത്തിലെ ചീഫ് എൻജിനീയർ ലീ സീ ബീനിന്റെ ആത്മഹത്യ എന്നിവയിൽ അന്നത്തെ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിനുള്ള പങ്ക് വിജിലൻസ് വിശദമായി പരിശോധിക്കും. ഉദ്യോഗസ്ഥരുടെ ബോധപൂർവ്വമായ ഇടപെടൽ കാരണം പദ്ധതിയിലെ 13 കോടിയോളം രൂപ തടഞ്ഞുവെച്ചെന്നും, ഇത് സാമ്പത്തിക പ്രതിസന്ധിയിലാക്കിയതിനെ തുടർന്നാണ് എൻജിനീയർ ലീ സീ ബീൻ ആത്മഹത്യ ചെയ്തതെന്നുമാണ് പ്രധാന ആരോപണം.

സംഭവം നടന്ന സമയത്ത് പ്രാഥമിക അന്വേഷണം നടന്നിരുന്നെങ്കിലും കാര്യമായ തെളിവുകൾ ലഭിച്ചില്ലെന്ന് കാണിച്ച് കേസ് അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ അന്നത്തെ അന്വേഷണം അട്ടിമറിക്കപ്പെട്ടതാണെന്ന ആരോപണം ഇപ്പോൾ ശക്തമായി ഉയർന്നുവരുന്നുണ്ട്. രണ്ട് പതിറ്റാണ്ട് മുൻപ് നടന്ന പഴയ അന്വേഷണത്തിന്റെ മുഴുവൻ ഫയലുകളും വിജിലൻസ് ഇതിനോടകം ശേഖരിച്ചിട്ടുണ്ട്.

ഗ്യാനേഷ് കുമാറിനെതിരെ മുൻപും കേരളത്തിൽ വിജിലൻസ് പരിശോധനകൾ നടന്നിട്ടുണ്ടെന്ന് കേസിലെ പരാതിക്കാരനും കെപിസിസി നിർവാഹസമിതി അംഗവുമായ മലയൻകീഴ് വേണുഗോപാൽ വ്യക്തമാക്കി. നിലവിലെ വിജിലൻസ് അന്വേഷണത്തിലൂടെ ഗ്യാനേഷ് കുമാറുമായി ബന്ധപ്പെട്ട സത്യാവസ്ഥയും യഥാർത്ഥ ചിത്രവും പൊതുജനങ്ങൾക്ക് മുന്നിൽ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385553/gyanesh-kumar-corruption-case-vigilance-investigation-team-kerala)