---
title: "തലശ്ശേരി–ബംഗളൂരു കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് കൊട്ടിയൂർ വഴിയാക്കണം; മലയോര മേഖലയിൽ ആവശ്യം ശക്തമാകുന്നു"
english_title: "Thalassery Bengaluru KSRTC Swift Service Demand via Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385567/thalassery-bengaluru-ksrtc-swift-bus-route-change-kottiyoor"
published_at: "2026-10-05T11:16:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac339eada46d_WhatsApp_Image_2026-10-05_at_11.05.29_AM.jpeg"
keywords: ["Thalassery Bengaluru KSRTC Swift", "Kottiyoor Temple", "Peravoor KSRTC", "Kelakam News", "Kannur Hill Highway"]
---

# തലശ്ശേരി–ബംഗളൂരു കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് കൊട്ടിയൂർ വഴിയാക്കണം; മലയോര മേഖലയിൽ ആവശ്യം ശക്തമാകുന്നു

> **Lead Summary:** **കൊട്ടിയൂർ: **തലശ്ശേരിയിൽ നിന്ന് ബംഗളൂരുവിലേക്ക് ആരംഭിച്ച കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് ബസ് സർവീസ് മലയോര മേഖലയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ കൊട്ടിയൂർ വഴി പുനഃക്രമീകരിക്കണമെന്ന ആവശ്യം നാട്ടുകാരുടെയും യാത്രക്കാരുടെയും ഇടയിൽ ശക്തമാകുന്നു. കൊട്ടിയൂർ വഴി സർവീസ് നടത്തിയാൽ മലയോരവാസികൾക്കും തീർത്ഥാടകർക്കും ബംഗളൂരുവിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും യാത്രാസൗകര്യം ഏറെ സുഗമമാകും.

## Article Content

**കൊട്ടിയൂർ: **തലശ്ശേരിയിൽ നിന്ന് ബംഗളൂരുവിലേക്ക് ആരംഭിച്ച കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് ബസ് സർവീസ് മലയോര മേഖലയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ കൊട്ടിയൂർ വഴി പുനഃക്രമീകരിക്കണമെന്ന ആവശ്യം നാട്ടുകാരുടെയും യാത്രക്കാരുടെയും ഇടയിൽ ശക്തമാകുന്നു. കൊട്ടിയൂർ വഴി സർവീസ് നടത്തിയാൽ മലയോരവാസികൾക്കും തീർത്ഥാടകർക്കും ബംഗളൂരുവിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും യാത്രാസൗകര്യം ഏറെ സുഗമമാകും.

കഴിഞ്ഞ മാസം പേരാവൂരിൽ വച്ച് അഡ്വ. സണ്ണി ജോസഫ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്ത ഈ സർവീസ് നിലവിൽ തലശ്ശേരി, കൂത്തുപറമ്പ്, നിടുംപൊയിൽ, പേരാവൂർ, ഇരിട്ടി വഴിയാണ് ബംഗളൂരുവിലേക്ക് പോകുന്നത്. രാത്രി ഒമ്പതിന് തലശ്ശേരിയിൽ നിന്ന് പുറപ്പെടുന്ന ബസ് പുലർച്ചെ 4.30-ഓടെ ബംഗളൂരുവിൽ എത്തും.

മടക്ക സർവീസ് ബംഗളൂരുവിൽ നിന്ന് രാത്രി 9.45-ന് പുറപ്പെട്ട് പുലർച്ചെ അഞ്ചോടെ തലശ്ശേരിയിൽ തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. നിലവിലെ റൂട്ടിൽ നേരിയ മാറ്റം വരുത്തി കേളകം, കൊട്ടിയൂർ വഴി ബസ് തിരിച്ചുവിട്ടാൽ മലയോര മേഖലയിലെ യാത്രക്കാർക്ക് അത് വലിയൊരു അനുഗ്രഹമായിരിക്കും.

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനും അല്ലാതെയും എത്തുന്ന ആയിരക്കണക്കിന് തീർത്ഥാടകർക്കും ഉപരിപഠനത്തിനും ജോലിക്കുമായി ബംഗളൂരുവിനെ ആശ്രയിക്കുന്ന മലയോരത്തെ വിദ്യാർത്ഥികൾക്കും ഐടി ജീവനക്കാർക്കും നേരിട്ട് ഈ സർവീസിന്റെ പ്രയോജനം ലഭിക്കും. പ്രധാന റൂട്ടിൽ വലിയ ദൂരവ്യത്യാസമില്ലാതെ തന്നെ കൊട്ടിയൂരിനെ കൂടി ഉൾപ്പെടുത്തി സർവീസ് നടത്താൻ സാധിക്കും.

ഇത് വഴി കൂടുതൽ യാത്രക്കാരെ ലഭിക്കാനും കെഎസ്ആർടിസിയുടെ വരുമാനം വർധിപ്പിക്കാനും സാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൊട്ടിയൂരിന്റെ തീർത്ഥാടന പ്രാധാന്യവും മലയോര മേഖലയിലെ ജനങ്ങളുടെ യാത്രാ ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് സർവീസ് കൊട്ടിയൂർ വഴിയാക്കാൻ കെഎസ്ആർടിസി അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385567/thalassery-bengaluru-ksrtc-swift-bus-route-change-kottiyoor)