---
title: "അട്ടപ്പാടി മധു വധക്കേസ്: പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ"
english_title: "Attappadi Madhu Murder Case: Kerala Government Approaches Supreme Court Seeking Stricter Punishment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385576/attappadi-madhu-murder-case-kerala-government-supreme-court-appeal"
published_at: "2026-10-05T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac342803cb34_1000328805.jpg"
keywords: ["Attappadi Madhu Murder Case", "Supreme Court", "Madhu Case Verdict", "IPC 302"]
---

# അട്ടപ്പാടി മധു വധക്കേസ്: പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

> **Lead Summary:** **ന്യൂഡൽഹി**: വിചാരണക്കോടതിയും ഹൈക്കോടതിയും ശിക്ഷിച്ച അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. കേസിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം (ഐപിസി 302) ചുമത്തി കഠിനശിക്ഷ നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

## Article Content

**ന്യൂഡൽഹി**: വിചാരണക്കോടതിയും ഹൈക്കോടതിയും ശിക്ഷിച്ച അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. കേസിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം (ഐപിസി 302) ചുമത്തി കഠിനശിക്ഷ നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

കേസിൽ ഒന്നാം പ്രതിയായ ഹുസൈനെ വിചാരണക്കോടതി വെറുതെ വിട്ടതിനെതിരെ സംസ്ഥാന സർക്കാർ നേരത്തെ തന്നെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അപ്പീൽ നൽകിയിരുന്നു.നിലവിൽ പ്രതികൾക്ക് വിചാരണക്കോടതി നൽകിയ ജീവപര്യന്തം ശിക്ഷ പട്ടികജാതി-പട്ടികവർഗ്ഗ അക്രമ തടയൽ നിയമപ്രകാരവും (SC/ST Act) മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കുമാണ് (IPC 304). എന്നാൽ, പ്രതികൾ ചെയ്തത് ക്രൂരമായ കൊലപാതകമാണെന്നും അതിനാൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302-ാം വകുപ്പ് പ്രകാരം കൊലപാതക കുറ്റം ചുമത്തി ശിക്ഷ വർദ്ധിപ്പിക്കണമെന്നുമാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഉന്നയിച്ചിരിക്കുന്നത്.

സംസ്ഥാന സർക്കാരിന് വേണ്ടി സുപ്രീംകോടതിയിലെ സ്റ്റാൻഡിംഗ് കൗൺസൽ അഡ്വ. അൽജോ കെ. ജോസഫാണ് പ്രത്യേക അനുമതി ഹർജികൾ (SLP) ഫയൽ ചെയ്തിരിക്കുന്നത്. 2018 ഫെബ്രുവരി 22-നാണ് അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി ആദിവാസി യുവാവായ മധു കൊല്ലപ്പെട്ടത്. പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ നിയമപോരാട്ടം തുടരുമെന്ന സർക്കാരിന്റെ ഉറപ്പിന്റെ ഭാഗമായാണ് ഇപ്പോൾ സുപ്രീംകോടതിയിൽ നീക്കം ശക്തിപ്പെടുത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385576/attappadi-madhu-murder-case-kerala-government-supreme-court-appeal)