---
title: "സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ ഇ.ഡി. വ്യാപക റെയ്ഡ്; നാല് ജില്ലകളിൽ പരിശോധന തുടരുന്നു"
english_title: "ED Raids Cooperative Banks Across Kerala in Money Laundering Probe"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385885/ed-raids-cooperative-banks-across-kerala-in-money-laundering-probe"
published_at: "2026-10-07T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5dbccf1813_download_(68).jpeg"
keywords: ["ED Raid Kerala", "Cooperative Bank Scam", "Enforcement Directorate", "Money Laundering Probe", "Kerala News"]
---

# സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ ഇ.ഡി. വ്യാപക റെയ്ഡ്; നാല് ജില്ലകളിൽ പരിശോധന തുടരുന്നു

> **Lead Summary:** **കൊച്ചി**: കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ തുടരന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) വ്യാപക പരിശോധന. തൃശൂർ, എറണാകുളം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ പ്രധാന സഹകരണ ബാങ്ക് ഓഫീസുകളിലും ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വസതികളിലുമാണ് ഒരേസമയം പരിശോധന നടക്കുന്നത്.

## Article Content

**കൊച്ചി**: കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ തുടരന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) വ്യാപക പരിശോധന. തൃശൂർ, എറണാകുളം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ പ്രധാന സഹകരണ ബാങ്ക് ഓഫീസുകളിലും ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും വസതികളിലുമാണ് ഒരേസമയം പരിശോധന നടക്കുന്നത്.

കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമുള്ള പ്രത്യേക ഇ.ഡി. ഉദ്യോഗസ്ഥ സംഘങ്ങൾ ഇന്ന് രാവിലെ ആറരയോടെയാണ് റെയ്ഡ് ആരംഭിച്ചത്. സഹകരണ ബാങ്കുകൾ വഴി കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകളും വ്യാജ വായ്പാ തട്ടിപ്പുകളും നടന്നിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ കർശന നടപടി.

എറണാകുളത്തെ അങ്കമാലി അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്, തൃശൂരിലെ കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്ക്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തെന്നല സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്. എറണാകുളം ജില്ലയിൽ അങ്കമാലി അർബൻ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് അഞ്ച് കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്.

വ്യാജ വായ്പകൾ സൃഷ്ടിച്ച് ബാങ്കിൽ 121 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി ഇ.ഡി. മുൻപ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബാങ്കിലെ മുൻ അക്കൗണ്ടന്റും വ്യാജ ലോണുകൾ അനുവദിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചയാളുമായ ഷിജുവിന്റെ വീട്ടിലടക്കം അന്വേഷണസംഘം പരിശോധന നടത്തുന്നുണ്ട്.

തൃശൂർ ജില്ലയിൽ അഞ്ചിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ അഞ്ചേരിച്ചിറ, വെസ്റ്റ് അഞ്ചേരി, പടവരാട് ശാഖകളിലും ബാങ്കിന്റെ മുൻ പ്രസിഡന്റ്, നിലവിലെ ഭരണസമിതി അംഗങ്ങൾ എന്നിവരുടെ വീടുകളിലും കേന്ദ്ര ഏജൻസി പരിശോധന നടത്തുന്നുണ്ട്. കൂടാതെ കോഴിക്കോട് ഏഴിടത്തും തെന്നല ബാങ്കുമായി ബന്ധപ്പെട്ട് മലപ്പുറത്തും റെയ്ഡ് തുടരുകയാണ്. വരും മണിക്കൂറുകളിൽ കൂടുതൽ കേന്ദ്രങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് ഇ.ഡി. നൽകുന്ന സൂചന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385885/ed-raids-cooperative-banks-across-kerala-in-money-laundering-probe)