---
title: "കണ്ണൂരിൽ ഗുരുകുലം ഗുരുശിഷ്യ പരമ്പര പരിശീലനം സമാപിച്ചു; 40 കളരികളിൽ നിന്നായി 96 ഗുരുക്കന്മാർ പങ്കെടുത്തു"
english_title: "Gurukulam Kalarippayattu Faculty Enrichment Program Concludes in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/385891/gurukulam-kalarippayattu-faculty-enrichment-program-concludes-in-kannur"
published_at: "2026-10-07T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5e1871a6c8_WhatsApp_Image_2026-10-07_at_10.05.04_AM.jpeg"
keywords: ["Gurukulam Training", "Kalarippayattu Course", "Kerala Folklore Academy", "Rural Art Hub", "Kannur News"]
---

# കണ്ണൂരിൽ ഗുരുകുലം ഗുരുശിഷ്യ പരമ്പര പരിശീലനം സമാപിച്ചു; 40 കളരികളിൽ നിന്നായി 96 ഗുരുക്കന്മാർ പങ്കെടുത്തു

> **Lead Summary:** > **കണ്ണൂർ: **കേരള ഫോക്‌ലോർ അക്കാദമിയും കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പ് ഡയറക്ടറേറ്റിന്റെ റൂറൽ ആർട്ട് ഹബ്ബും സംയുക്തമായി സംഘടിപ്പിച്ച "ഗുരുകുലം ഗുരുശിഷ്യ പരമ്പര" ഫാക്കൽറ്റി എൻറിച്ച്മെന്റ് പ്രോഗ്രാം വിജയകരമായി സമാപിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 40 പ്രമുഖ കളരികളിൽ നിന്നായി 96 ഗുരുക്കന്മാരാണ് ഈ പരിശീലന പരിപാടിയിൽ സജീവമായി പങ്കെടുത്തത്.

## Article Content

> **കണ്ണൂർ: **കേരള ഫോക്‌ലോർ അക്കാദമിയും കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പ് ഡയറക്ടറേറ്റിന്റെ റൂറൽ ആർട്ട് ഹബ്ബും സംയുക്തമായി സംഘടിപ്പിച്ച "ഗുരുകുലം ഗുരുശിഷ്യ പരമ്പര" ഫാക്കൽറ്റി എൻറിച്ച്മെന്റ് പ്രോഗ്രാം വിജയകരമായി സമാപിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 40 പ്രമുഖ കളരികളിൽ നിന്നായി 96 ഗുരുക്കന്മാരാണ് ഈ പരിശീലന പരിപാടിയിൽ സജീവമായി പങ്കെടുത്തത്.

റൂറൽ ആർട്ട് ഹബ്ബും കണ്ണൂർ സർവകലാശാലയും ചേർന്ന് നടത്തുന്ന കളരിപ്പയറ്റ് സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകളുടെ സിലബസ് പരിചയപ്പെടുത്തുന്നതിനും ക്ലാസുകൾ കൈകാര്യം ചെയ്യുന്ന പരിശീലകർക്ക് ആവശ്യമായ അക്കാദമിക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനുമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. കോഴ്സുകളുടെ സമഗ്രമായ ഘടന, പരിശീലന രീതികൾ, സിലബസ്, ബോധനശാസ്ത്രം എന്നിവയെക്കുറിച്ച് വിശദമായ പരിശീലനം ഗുരുക്കന്മാർക്ക് ലഭ്യമാക്കി.

കളരിപ്പയറ്റിന്റെ പാരമ്പര്യ അറിവുകളും ഗുരുശിഷ്യ പരമ്പരയും വരുംതലമുറയ്ക്കായി സംരക്ഷിക്കുന്നതിനും, വിവിധ കളരി സമ്പ്രദായങ്ങളിൽ നിന്നുള്ള പ്രമുഖ ഗുരുക്കന്മാർക്ക് തങ്ങളുടെ അറിവുകളും അനുഭവങ്ങളും പരസ്പരം പങ്കുവെക്കുന്നതിനും ഈ സമാപന പരിപാടി മികച്ച വേദിയായി മാറി. പത്മശ്രീ എസ്.ആർ.ഡി. പ്രസാദ് ഗുരുക്കൾ, പത്മശ്രീ മീനാക്ഷി അമ്മ ഗുരുക്കൾ, ഡോ. എസ്. മഹേഷ് ഗുരുക്കൾ, ഡോ. എ.കെ. വേണുഗോപാൽ ഗുരുക്കൾ, ഹരികൃഷ്ണൻ ഗുരുക്കൾ, മധു ഗുരുക്കൾ പുതുശ്ശേരി തുടങ്ങിയ പ്രമുഖർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി.

ചടങ്ങിൽ അഡ്വ. ഇ. നാരായണൻ നായർ സ്വാഗതം ആശംസിച്ചു. ദിലീപ് കുമാർ എ. അധ്യക്ഷത വഹിച്ച യോഗത്തിൽ പി.പി. പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഡോ. എ.കെ. വേണുഗോപാൽ ഗുരുക്കൾ, ഹരികൃഷ്ണൻ ഗുരുക്കൾ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. രാധാകൃഷ്ണൻ കാവിൽ, മധു ഗുരുക്കൾ പുതുശ്ശേരി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ലക്ഷ്മി പ്രിയ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

സർവകലാശാല ആരംഭിക്കുന്ന കളരിപ്പയറ്റ് സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾ കൂടുതൽ കാര്യക്ഷമമായും ഗുണനിലവാരത്തോടെയും നടപ്പാക്കുന്നതിനും, പരിശീലകരുടെ അധ്യാപന മികവ് വർധിപ്പിക്കുന്നതിനും ഈ പരിപാടി ഏറെ പ്രയോജനകരമായതായി സംഘാടകർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/385891/gurukulam-kalarippayattu-faculty-enrichment-program-concludes-in-kannur)